കോഴിക്കോട്ട് യു.എല്‍.സി.സി.എസ്സിന്റെ കേംബ്രിഡ്ജ് കേന്ദ്രം തുറന്നു
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യു.എല്‍.സി.സി.എസ്.) യും കേംബ്രിഡ്ജ് സര്‍വ്വകലാശാലയുടെ കീഴിലുള്ള കേംബ്രിഡ്ജ് ഇംഗ്ലീഷും ചേര്‍ന്ന് ആരംഭിക്കുന്ന യു.എല്‍.സി.സി.എസ്. കേംബ്രിഡ്ജ് സെന്റര്‍ എം.കെ മുനീര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കോഴിക്കോട് യു.എല്‍. സൈബര്‍ പാര്‍ക്കിലായിരുന്നു ഉദ്ഘാടനച്ചടങ്ങ്. യു.എല്‍.സി.സി.എസ്. ചെയര്‍മാന്‍ രമേശന്‍ പാലേരി അധ്യക്ഷത വഹിച്ചു.
ഉന്നത പഠനത്തിന് പോകുന്നവര്‍ക്കും തൊഴിലന്വേഷകര്‍ക്കും ഇംഗ്ലീഷ് പ്രാവീണ്യം മെച്ചപ്പെടുത്തുകയാണ് കേംബ്രിഡ്ജ് ഇംഗ്ലീഷിന്റെ ലക്ഷ്യം. 17 വയസ്സിനു മുകളിലുള്ള വിദ്യാര്‍ഥികള്‍, ജീവനക്കാര്‍, അഭ്യസ്തവിദ്യരായ തൊഴിലില്ലാത്തവര്‍, പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് അനുയോജ്യമായ ഇംഗ്ലീഷ് പ്രാവീണ്യ കോഴ്‌സുകള്‍ കേംബ്രിഡ്ജ് കേന്ദ്രത്തില്‍ തിരഞ്ഞെടുക്കാം. കാരപ്പറമ്പിലാണ് കാമ്പസ് പ്രവര്‍ത്തിക്കുന്നത്.
പൊതു വിദ്യാലയങ്ങളില്‍ ഒരു സ്‌കൂളിലെങ്കിലും കേംബ്രിഡ്ജ് ഇംഗ്ലീഷ് തുടങ്ങണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്ന് എം.കെ. മുനീര്‍ പറഞ്ഞു. പൊതു ആവശ്യത്തിനുള്ള എം.എല്‍എ. ഫണ്ട് സ്‌കൂള്‍ ഭാഷാലാബ് തുടങ്ങാന്‍ ഉപയോഗിക്കും. വൈകാരികമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും പ്രദേശിക ഭാഷ ആവശ്യമാണ്. എന്നാല്‍, ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഭാഷയാണ് ഇംഗ്ലീഷ്. അതുകൊണ്ട് ഇംഗ്ലീഷിന് പ്രാധാന്യം വേണം- അദ്ദേഹം പറഞ്ഞു.
പൊതു വിദ്യാലയങ്ങളില്‍ കേംബ്രിഡ്ജ് ഇംഗ്ലീഷ് തുടങ്ങാന്‍ എല്ലാ സഹായവും ചെയ്യുമെന്ന് ചടങ്ങില്‍ സംസാരിച്ച എ. പ്രദീപ് കുമാര്‍ എം.എല്‍.എ. പറഞ്ഞു. പരീക്ഷയെഴുതാന്‍ മാത്രമുള്ള ഭാഷയായി ഇംഗ്ലീഷ് മാറരുത്. ഇംഗ്ലീഷ് സംസാരിക്കാനും വിദ്യാര്‍ഥികള്‍ പഠിച്ചിരിക്കണം- അദ്ദേഹം പറഞ്ഞു.
യു.എല്‍.സി.സി.എസ്. സി.ഇ.ഒ. രവീന്ദ്രന്‍ കസ്തൂരി കേംബ്രിഡ്ജ് സെന്റര്‍ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. കേംബ്രിഡ്ജ് ഇംഗ്ലീഷ് ദക്ഷിണേഷ്യന്‍ ഡയരക്ടര്‍ ടി.കെ. അരുണാചലം, യു.എല്‍. എഡ്യൂക്കേഷന്‍ ഡയരക്ടര്‍ ഡോ. ടി.പി. സേതുമാധവന്‍, യു.എല്‍.സി.സി.എസ്. മാനേജിങ് ഡയരക്ടര്‍ ഷാജു എന്നിവര്‍ സംസാരിച്ചു.