കോഓപ് കേരള പുറത്താകുന്നു; സഹകരണ ഉല്‍പന്നങ്ങള്‍ക്കും ‘കേരളബ്രാന്‍ഡ്’
സഹകരണ സംഘങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് എഫ്.എസ്.എസ്.എ. മാതൃകയില്‍ ഏകീകൃത ബ്രാന്‍ഡ് കൊണ്ടുവരാനുള്ള സഹകരണ വകുപ്പിന്റെ നടപടികള്‍ അപ്രസക്തമാകുന്നു. കോഓപ് കേരള എന്ന പേരിലാണ് ഈ ഉല്‍പന്നങ്ങള്‍ സഹകരണ വകുപ്പിന്റെ ഗുണമേന്മ മുദ്രയോടെ വിപണിയിലിറക്കാന്‍ തീരുമാനിച്ചത്. രണ്ടുവര്‍ഷമായി ഇതിനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിലും വളരെ കുറച്ച് ഉല്‍പന്നങ്ങള്‍ മാത്രമാണ് ഇതിന്റെ ഭാഗമായത്. ഈ ഘട്ടത്തിലാണ് കേരളത്തിന്റെ തനത് ഉല്‍പന്നങ്ങള്‍ ‘കേരള ബ്രാന്‍ഡ്’ എന്ന പേരില്‍ പുറത്തിറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
സഹകരണ സംഘങ്ങളുടെത് അടക്കം എല്ലാ ഉല്‍പന്നങ്ങളും ‘കേരള ബ്രാന്‍ഡി’ന്റെ ഭാഗമാകും. അതിനാല്‍, സഹകരണ വകുപ്പിന്റെ കോഓപ് കേരള സര്‍ട്ടിഫിക്കറ്റ് ഇനി എന്തിനാണെന്നാണ് ചോദ്യം. മെയ്ഡ് ഇന്‍ കേരള എന്ന നിലയില്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കണമെങ്കില്‍ കേരള ബ്രാന്‍ഡ് നിര്‍ബന്ധമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ പുതിയ ഉത്തരവ് അനുസരിച്ച് കോഓപ് കേരള സര്‍ട്ടിഫിക്കറ്റ് ലഭിച്ചാലും മെയ്ഡ് ഇന്‍ കേരള എന്ന ചേര്‍ക്കാനാവില്ല. കേരളബ്രാന്‍ഡിനുള്ള നടപടിക്രമങ്ങളും മാനദണ്ഡങ്ങളും സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.
കേരളത്തിന്റെ തനത് ഉല്‍പന്നങ്ങളെല്ലാം ‘കേരളബ്രാന്‍ഡ്’ സര്‍ട്ടിഫിക്കറ്റും ട്രേഡ് മാര്‍ക്കും നല്‍കി പുറത്തിറക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. മികച്ച ഗുണനിലവാരമുള്ള തനത് ഉല്‍പന്നങ്ങള്‍ എന്ന രീതിയില്‍ എല്ലാ ഇ-മാര്‍ക്കറ്റ് മേഖലയിലും മെയ്ഡ് ഇന്‍ കേരള ബ്രാന്‍ഡ് സര്‍ക്കാര്‍ തന്നെ പ്രചരിപ്പിക്കും.മികച്ച ഗുണ നിലവാരം, ബാലവേല ഇല്ലാതെയും സ്ത്രീകള്‍ക്ക് ജോലി പങ്കാളിത്തം ഉറപ്പാക്കിയുമുള്ള നൈതികമായ നിര്‍മ്മാണ രീതി, ഹരിത-പുനരുപയോഗ ഊര്‍ജം ഉപയോഗിക്കുന്നത് അടക്കമുള്ള ഉത്തരവാദിത്ത വ്യവസായ രീതി എന്നിവയെല്ലാം ഉറപ്പാക്കിയ ശേഷമായിരിക്കും കേരളബ്രാന്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുക. ഈ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഉല്‍പന്നങ്ങള്‍ മാത്രമായിരിക്കും ഇനി ‘മെയ്ഡ് ഇന്‍ കേരള’എന്ന പേരില്‍ ആഭ്യന്തര-വിദേശ വിപണിയിലടക്കം പുറത്തിറക്കാനാകുക.
ട്രേഡ് മാര്‍ക്ക് നിയമനം അനുസരിച്ചുള്ള ലോഗോ ഉല്‍പന്നങ്ങള്‍ക്ക് നല്‍കും. കേരളബ്രാന്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത ഉല്‍പന്നങ്ങള്‍ മെയ്ഡ് ഇന്‍ കേരള എന്ന് ഉപയോഗിച്ചാല്‍ അതിനെതിരെ നടപടിയുണ്ടാകും. മികച്ച ഗുണനിലവാരുമുള്ള ഉല്‍പന്നങ്ങള്‍ മാത്രമായിരിക്കണം മെയ്ഡ് ഇന്‍ കേരളയായി കേരളബ്രാന്‍ഡില്‍ വിപണിയിലുണ്ടാകാന്‍ പാടുള്ളൂവെന്ന് വ്യവസായ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഓരോ ഉല്‍പന്നത്തിനുമുള്ള വിപണിയിലെ ഉയര്‍ന്ന നിലവാരമാനദണ്ഡം അനുസരിച്ചായിരിക്കും കേരളബ്രാന്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുക. വിപണിയില്‍ അത്തരം മാനദണ്ഡങ്ങളില്ലാത്ത ഉല്‍പന്നങ്ങളാണെങ്കില്‍, നിലവാരം നിശ്ചയിക്കാന്‍ സംസ്ഥാന തലത്തില്‍ പ്രത്യേക സമിതിക്ക് രൂപം നല്‍കി. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഒമ്പതംഗ വിദഗ്ധരാണ് ഈ സമിതിയിലുള്ളത്.