കൊടിയത്തൂര്‍ സര്‍വീസ് സഹകരണ ബാങ്കിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധം: സന്തോഷ് സെബാസ്റ്റ്യന്‍

moonamvazhi

കൊടിയത്തൂര്‍ സര്‍വീസ് സഹകരണ ബാങ്കിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് വൈസ് പ്രസിഡന്റ് സന്തോഷ് സെബാസ്റ്റ്യന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

പരാതിയില്‍ പറയുന്ന ബാങ്കിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോസ്‌കോ വെഞ്ചേഴ്‌സ് എന്ന കമ്പനി സഹകരണ നിയമത്തിലെ 14 എ വ്യവസ്ഥ പ്രകാരം സഹകരണ ജോയ്ന്റ് രജിസ്ട്രാറുടെ പൂര്‍ണ്ണ അനുമതിയോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങള്‍, ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവ ആരംഭിക്കുക എന്ന ഉദ്ദേശ്യത്തോടെ 2013 ലെ കമ്പനീസ് ആക്ട് പ്രകാരം രൂപീകരിച്ചിട്ടുള്ളതാണെന്നും ബാങ്കിന്റെ വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ബാങ്ക് വാങ്ങിയിട്ടുള്ള വസ്തുക്കള്‍ക്ക് കൃത്യമായ രേഖകളും സഹകരണ വകുപ്പിന്റെ അനുമതിയും വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


കഴിഞ്ഞ 35 വര്‍ഷമായി കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ക്ലാസ് വണ്‍ സൂപ്പര്‍ ഗ്രേഡ് ബാങ്കാണ് കോടിത്തൂര്‍ സഹകരണ ബാങ്ക്. ബാങ്കിംഗ് രംഗത്തും ഇതര മേഖലകളിലും നടത്തിവരുന്ന ഒട്ടേറെ ജനകീയ ഇടപെടലുകളിലൂടെ സംസ്ഥാനത്തെ മികച്ച സഹകരണ സ്ഥാപനങ്ങളില്‍ ഒന്നാകാന്‍ കൊടിയത്തൂര്‍ സര്‍വീസ് സഹകരണ ബാങ്കിന് ഇതിനകം കഴിഞ്ഞിട്ടുണ്ട്. 6 ശാഖകളും വ്യത്യസ്ത 12 അനുബന്ധ സ്ഥാപനങ്ങളും ബാങ്കിന് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

സഹകരണ മേഖലയില്‍ ബാങ്ക് നടപ്പാക്കിയ വിപുലമായ ഈ വൈവിധ്യവല്‍ക്കരണവും സര്‍ക്കാര്‍ തലത്തില്‍ തന്നെ അംഗീകാരത്തിന് ബാങ്കിനെ പ്രാപ്തമാക്കിയിട്ടുണ്ട്. ആരംഭിച്ച വര്‍ഷം മുതല്‍ തുടര്‍ച്ചയായി എല്ലാ വര്‍ഷവും ബാങ്ക് ലാഭത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. 2021-22 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം ബാങ്ക് നഷ്ടത്തിലായിട്ടുണ്ട്. പ്രളയം, കോവിഡ് മുതലായവ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം വായ്പക്കാര്‍ വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തിയതാണ് ഇതിന് കാരണമായത്. കുടിശ്ശിക പലിശക്ക് റിസര്‍വായി 25.96 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ഡെപ്പോസിറ്റ് ഇനത്തില്‍ 368.39 കോടി രൂപയും, വായ്പാ ബാക്കിനില്‍പ്പ് ഇനത്തില്‍ 399.39 കോടി രൂപയും പ്രവര്‍ത്തനം മൂലധനമായി 523.60 കോടി രൂപയും ബാക്കിനില്‍പ്പുണ്ട് – സന്തോഷ് സെബാസ്റ്റ്യന്‍ പറഞ്ഞു.

പത്രസമ്മേളനത്തില്‍ ബാങ്ക് വൈസ് പ്രസിഡന്റ് സന്തോഷ് സെബാസ്റ്റ്യന്‍, ഡയറക്ടര്‍മാരായ എ.സി.നിസാര്‍ ബാബു, ഉണ്ണിക്കോയ.എം.കെ, സെക്രട്ടറി ടി.പി. മുരളീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News