കൈത്തറി ചലഞ്ചിന് ആഹ്വാനം; ഉല്‍പ്പന്നങ്ങളിറങ്ങും പുതുഫാഷനുകളില്‍

[mbzauthor]

കൈത്തറി മേഖലയെയും കൈത്തറി സഹകരണ സംഘങ്ങളിലെ തൊഴിലാളികളെയും സംരക്ഷിക്കുന്നതിന് ഇടപെടലുമായി കേരള സര്‍ക്കാര്‍. കൈത്തറി ചലഞ്ച് എന്നപേരില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ് ഒന്ന്. ഒപ്പം, പുതിയ ഫാഷനുകളിലും ഡിസൈനുകളിലും കൈത്തറി ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുകയാണ് മറ്റൊന്ന്. ഓണ്‍ലൈന്‍ വിപണിക്കുള്ള ക്രമീകരണവും സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്.

നൂതന ഫാഷന്‍ ഡിസൈനുകളില്‍ കൈത്തറി ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിന് ഫാഷന്‍ ഡിസൈനര്‍മാരുടെ സഹായം തേടുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ദിവസം 500 ഷര്‍ട്ടുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന യൂണിറ്റ് ഹാന്‍ടെക്‌സ് ഉടന്‍ ആരംഭിക്കും. എല്ലാ കൈത്തറിയും കേരള എന്ന ബ്രാന്‍ഡില്‍ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കും. നെയ്ത്തുകാര്‍ക്ക് ഒരു ദിവസത്തെ വേതനം ഉറപ്പാക്കുന്നതിന് ഓണത്തിന് ഒരു കൈത്തറി വസ്ത്രമെങ്കിലും വാങ്ങി കൈത്തറി ചലഞ്ചില്‍ എല്ലാവരും പങ്കെടുക്കണമെന്നു മന്ത്രി അഭ്യര്‍ത്ഥിച്ചു.

ഓണത്തിന്റെ ഭാഗമായി ഹാന്‍ടെക്‌സില്‍ കൈത്തറി ഉല്‍പ്പന്നങ്ങള്‍ക്ക് 20 ശതമാനം ഗവ. റിബേറ്റും ഗാര്‍മെന്റ്‌സ് തുണിത്തരങ്ങള്‍ക്ക് 30 ശതമാനം ഡിസ്‌കൗണ്ടും കൂടാതെ ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള വില്‍പ്പനയ്ക്ക് 10 ശതമാനം അധിക ഡിസ്‌കൗണ്ടും ലഭിക്കും. ആഗസ്റ്റ് 20 വരെയാണ് ഓഫര്‍. മധുരം മലയാളം തുണി മാസ്‌കുകളുമുണ്ട്. സര്‍ക്കാര്‍ – സഹകരണ ജീവനക്കാര്‍ക്ക് ആഴ്ചയിലൊരിക്കല്‍ കൈത്തറി വസ്ത്രം നിര്‍ബന്ധമാക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലാണ്.

ദേശീയ കൈത്തറിദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രാദേശിക കൈത്തറി ഉല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ആഹ്വാനം ചെയ്തു. ”നിങ്ങള്‍ ഖാദി ഉല്‍പ്പന്നം വാങ്ങുമ്പോള്‍ അത് നമ്മുടെ പാവപ്പെട്ട നെയ്ത്തുകാരായ സഹോദരീസഹോദരന്മാര്‍ക്ക് പ്രയോജനം ചെയ്യും. അതുകൊണ്ട് ഖാദി വാങ്ങുന്നത് ജനങ്ങളുടെ സേവനമാണ്. അതുപോലെ രാജ്യത്തിനായുള്ള സേവനവുമാണ്. പ്രിയപ്പെട്ട സഹോദരീസഹോദരന്മാരോട് ഗ്രാമപ്രദേശങ്ങളില്‍ നിര്‍മിക്കുന്ന കൈത്തറി ഉല്‍പ്പന്നങ്ങള്‍ തീര്‍ച്ചയായും വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു. എന്റെ കൈത്തറി എന്റെ അഭിമാനം എന്ന മനോഭാവം ഉയര്‍ത്തിക്കാട്ടണം” – ഇങ്ങനെയായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.

കേന്ദ്രമന്ത്രിമാരായ ഹര്‍ദീപ് സിങ് പുരി, ധര്‍മേന്ദ്ര പ്രധാന്‍, നിതിന്‍ ഗഡ്കരി, പീയൂഷ് ഗോയല്‍, ഡോ. എസ്. ജയ്ശങ്കര്‍, ദര്‍ശന ജാര്‍ദോഷ്, ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് എന്നിവര്‍ കൈത്തറി ഉല്‍പ്പന്നങ്ങളെയും അവയുടെ ഉപയോഗത്തെയും പ്രോത്സാഹിപ്പിച്ച് ട്വീറ്റ് ചെയ്തു.

[mbzshare]

Leave a Reply

Your email address will not be published.