കേരള ബാങ്ക് വാര്‍ഷിക ദിനത്തില്‍ ദുരിതബാധിതയുടെ കടബാധ്യത തീര്‍ത്ത് മേപ്പയ്യൂര്‍ ശാഖ
കേരള ബാങ്കിന്റെ നാലാം വാര്‍ഷിക ദിനത്തില്‍ ദുരിത ബാധിതയുടെ കടബാധ്യത തീര്‍ത്ത് കേരള ബാങ്ക് കോഴിക്കോട് മേപ്പയ്യൂര്‍ ശാഖയിലെ ജീവനക്കാര്‍ മാതൃകയായി. അപ്രതീക്ഷിതമായി മകളെത്തേടിയെത്തിയ അര്‍ബുദരോഗം കാരണം വര്‍ഷങ്ങളായി ദുരിതമനുഭവിക്കുന്ന വീട്ടമ്മയുടെ വായ്പാ ബാധ്യതയാണ് ജീവനക്കാര്‍ ചേര്‍ന്ന് പണം സ്വരൂപിച്ച് അടച്ചു തീര്‍ത്തത്. അര്‍ബുദം തളര്‍ത്തിയ കുടുംബത്തെ വായ്പാ ഭാരത്തില്‍ നിന്നും മോചിതയാക്കുക എന്ന ഉദ്ദേശ്യവുമായാണ് ജീവനക്കാര്‍ സത്പ്രവര്‍ത്തിക്ക് മുന്നിട്ടിറങ്ങിയത്.
വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന ഇടപാടുകാരുടെ സംഗമ വേദിയില്‍ വെച്ച് വായ്പാ ബാധ്യതതീര്‍ത്തതിന്റെ രേഖകള്‍ വീട്ടമ്മയ്ക്ക് കൈമാറി. ഇടപാടുകാരുടെ സംഗമം മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സുനില്‍ വടക്കയില്‍ ഉദ്ഘാടനം ചെയ്തു. ശാഖാ സീനിയര്‍ മാനേജര്‍ രാഗിഷ വി പി അധ്യക്ഷതവഹിച്ചു. ബിന്ദ്യ സി, ഷിനി, പ്രബിത, കുഞ്ഞിരാമന്‍, പ്രവീണ്‍, സ്വപ്ന, സുഭാഷ് പങ്കെടുത്തു. ബീന.എം.കെ സ്വാഗതവും ഷാബി സി.കെ നന്ദിയും പറഞ്ഞു.