കേരള ബാങ്ക് രൂപവത്കരണത്തിന് റിസര്‍വ് ബാങ്ക് അനുമതി, കേരളപ്പിറവി ദിനത്തിൽ ബാങ്ക് പ്രവര്‍ത്തനം തുടങ്ങും.

adminmoonam

കേരള ബാങ്ക് രൂപവത്കരണത്തിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കി. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ബാങ്ക് പ്രവര്‍ത്തനം തുടങ്ങും. സംസ്ഥാനത്തെ 14 ജില്ല സഹകരണ ബാങ്കുകളെ ലയിപ്പിച്ച്‌ കൊണ്ടാണ് കേരള ബാങ്ക് യാഥാര്‍ഥ്യമാവുക.
നേരത്തെ, ബാങ്ക് രൂപവത്കരണവുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക്സംസ്ഥാന സര്‍ക്കാറിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ജില്ല സഹകരണ ബാങ്കുകളില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കണമെന്നായിരുന്നു ഒരു നിബന്ധന. എന്നാല്‍, യു .ഡി.എഫ് നു  മേധാവിത്വമുള്ള മലപ്പുറം ജില്ല ബാങ്കില്‍ പ്രമേയം പാസാകാത്തതിനെ തുടര്‍ന്ന് കേരള ബാങ്ക് രൂപവത്കരണം അനിശ്ചിതാവസ്ഥയിലായിരുന്നു.ബാങ്ക് പൊതുഭരണ സമിതി യോഗത്തില്‍ കേവല ഭൂരിപക്ഷം മതിയെന്ന ഓര്‍ഡിനന്‍സ് കൊണ്ടുവന്നാണ് കേരള  സര്‍ക്കാര്‍ ഈ പ്രശ്നം പരിഹരിച്ചത്. ഇത് ആര്‍.ബി.ഐ അംഗീകരിച്ചതോടെയാണ് കേരള ബാങ്ക് രൂപവത്കരണത്തിന് പ്രതിസന്ധി ഒഴിവായത്.  എൽ.ഡി.എഫ് ന്റെ  തെരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയായിരുന്നു കേരള ബാങ്ക് രൂപവത്കരണം.

 

കേരള ബാങ്ക് രൂപീകരണം സംബന്ധിച്ച് പഠനം നടത്താന്‍ ശ്രീറാം കമ്മിറ്റിയെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ടാസ്ക് ഫോഴ്സിനെ നിയമിച്ചു. ഇവരുടെ മേല്‍നോട്ടത്തിലാണ് റിസര്‍വ് ബാങ്കിന്റെ അനുമതിക്കായി അപേക്ഷിച്ചത്. ഹ്രസ്വകാല വായ്പാ സഹകരണ സംഘങ്ങളെ നിലവിലുള്ള ത്രിതല സമ്പ്രദായത്തില്‍നിന്നും ദ്വിതല സമ്പ്രദായത്തിലേക്ക് മാറ്റി കേരള ബാങ്ക് രൂപീകരിക്കുന്നതിന് 19 വ്യവസ്ഥകളോടെ റിസര്‍വ് ബാങ്ക് നേരത്തെ തത്വത്തില്‍ അനുമതി നല്‍കിയിരുന്നു.
നബാര്‍ഡ് മുഖേന അന്തിമ അനുമതിക്ക് അപേക്ഷിക്കാനും നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് ജില്ലാ, സംസ്ഥാന സഹകരണ ബാങ്കുകളുടെ വായ്പാ പ്രോജക്റ്റുകള്‍ 2019 ജനുവരി ഒന്ന് മുതല്‍ ഏകീകരിച്ചു. ബാങ്കുകളുടെ സിഎ ഓഡിറ്റ്, മെഗ്രേഷന്‍ ഓഡിറ്റ്, ആസ്തി ബാധ്യതകളുടെ കണക്കെടുപ്പ് എന്നിവ പൂര്‍ത്തീകരിച്ചു. പുതുതായി ബാങ്ക് എന്ന പദം പേരിനൊപ്പം ഉപയോഗിച്ച് സഹകരണ സംഘങ്ങള്‍ റജിസ്റ്റര്‍ ചെയ്യരുതെന്നു നിര്‍ദേശം നല്‍കി. ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ ഏകീകരിക്കുന്നതിനും പരിഷ്കരിക്കുന്നതിനും കമ്മിഷനെ നിയമിച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News