കേരള ബാങ്ക് : പ്രാഥമിക സംഘങ്ങളിലെ സ്ഥിര നിക്ഷേപ പലിശ കുറച്ചേക്കുമെന്ന പ്രചരണം വാസ്തവ വിരുദ്ധമാണെന്ന് സഹകരണ മന്ത്രി.

adminmoonam

കേരള ബാങ്ക് വരുമ്പോൾ പ്രാഥമിക സംഘങ്ങളിലെ സ്ഥിര നിക്ഷേപ പലിശ കുറച്ചേക്കുമെന്ന പ്രചരണം വാസ്തവ വിരുദ്ധമാണെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കേരള ബാങ്ക് യാഥാർഥ്യമായതിൽ നിരാശയുള്ളവരാണ് ഈ പ്രചരണത്തിന് പിന്നിലുള്ളത്. സംസ്ഥാനത്തെ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ നിലവിലെ രീതിയിൽ തന്നെ മുന്നോട്ട് പോകും. സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിന് വിധേയമായി തന്നെയാകും തുടർന്നും ഇവ പ്രവർത്തിക്കുക. സ്ഥിര നിക്ഷേപത്തിന്മേലുള്ള പലിശയോ വായ്പാ പലിശയോ റിസർവ് ബാങ്ക് നിശ്ചയിച്ചു നൽകുന്ന സ്ഥിതി ഉണ്ടാകില്ല. അർബൻ ബാങ്കുകളുടെ കാര്യത്തിൽ നേരത്തെ തന്നെ റിസർവ് ബാങ്കിന്റെ നിയന്ത്രണം ഉണ്ടായിരുന്നു. പഞ്ചാബ്, മഹാരാഷ്ട്ര കോ-ഓപ്പറേറ്റിവ് ബാങ്കുകളിലെ സാമ്പത്തിക തട്ടിപ്പ് പുറത്തുവന്നതിന് ശേഷം നിയന്ത്രണങ്ങൾ കൂടുതൽ കർക്കശമാക്കുകയാണ് റിസർവ് ബാങ്ക് ചെയ്തിട്ടുള്ളത്. ഇതിനെ കേരള ബാങ്കുമായോ പ്രാഥമിക കാർഷിക വായ്പ സംഘങ്ങളുമായോ കൂട്ടിക്കുഴക്കേണ്ട കാര്യമില്ലെന്ന് മന്ത്രി പറഞ്ഞു.

കേരള ബാങ്ക് രൂപീകരണത്തിന് റിസർവ് ബാങ്ക് 19 വ്യവസ്ഥകളോടെ തത്വത്തിലുള്ള അനുമതി നൽകിയപ്പോൾ അതിലെ 18 ആമത് വ്യവസ്ഥ “സംസ്ഥാനത്ത് ഇനി ബാങ്ക് എന്ന പദത്തോടെ പുതിയ സഹകരണ സംഘങ്ങൾ രജിസ്റ്റർ ചെയ്ത് നല്കാൻ പാടില്ല” എന്ന് മാത്രമാണ് നിഷ്കർഷിച്ചിട്ടുള്ളത്. പാക്‌സ്‌ കളുടെ പേര് നിലവിലെ രീതിയിൽ തുടരുന്നതിനോട് യാതൊരു എതിർപ്പും അറിയിച്ചിട്ടില്ല. കേരളത്തിലെ 625 പാക്‌സ് കളും “സർവീസ് സഹകരണ ബാങ്ക്” എന്ന് തന്നെയാണ് ഉപയോഗിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കേരള ബാങ്ക് രൂപീകരണത്തോടെ സംസ്ഥാനത്തെ സഹകരണ ബാങ്കിങ് മേഖലയിൽ ഉണ്ടായിട്ടുള്ള ആവേശം ആശങ്കകളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള കുപ്രചാരണം സഹകാരി സമൂഹം തള്ളിക്കളയണമെന്നും സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News