കേരള ബാങ്ക് ഉടൻ നിലവിൽ വരുമെന്ന് മുഖ്യമന്ത്രി: കേരളത്തിൽ ബാങ്കിംഗ് സാക്ഷരത സാക്ഷാത്കരിച്ചത് പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങളിലൂടെയാണെന്നും പിണറായി വിജയൻ
ചില അനുമതികൾ കൂടി ലഭ്യമായാൽ കേരള ബാങ്ക് ഉടൻ നിലവിൽ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 66 മത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കട്ടപ്പനയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മികച്ചരീതിയിൽ പ്രവർത്തിച്ചുവരുന്ന ജില്ലാ സഹകരണ ബാങ്കുകൾ ആണ് കേരളബാങ്കിന്റെ ഭാഗമാകുന്നത്. ജില്ലാ ബാങ്ക് ജീവനക്കാരും ശാഖകളും എല്ലാം കേരള ബാങ്കിന്റെ ഭാഗം ആകുന്നതോടെ കേരളത്തിലെ രണ്ടാമത്തെ വലിയ ബാങ്കായാണ് കേരളബാങ്ക് തുടക്കത്തിൽതന്നെ പ്രവർത്തനം ആരംഭിക്കുക. ആദ്യ നാളുകളിൽ തന്നെ അത്ഭുതകരമായ വളർച്ച കേരളബാങ്കിന് നേടാനാകും. ഇതിൽ പ്രവാസികൾക്ക് വലിയ പങ്കുവഹിക്കാൻ ആകുമെന്നും വിദേശത്തു നിന്ന് നാട്ടിലേക്ക് പണം അയക്കാൻ കേരള ബാങ്കിലൂടെ കാര്യക്ഷമമായി സാധിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള സമൂഹം ആവശ്യപ്പെട്ട ഘട്ടത്തിൽ എല്ലാംതന്നെ സഹകരണമേഖല കയ്യും മെയ്യും മറന്നു സഹായിച്ചിട്ടുണ്ട്. കെയർ ഹോം പദ്ധതി വലിയ ആശ്വാസമാണ് നൽകിയത്. കേരളത്തിൽ ബാങ്കിംഗ് സാക്ഷരത സാക്ഷാത്കരിച്ചത് പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങളിലൂടെയാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇടപാടുകരോടുള്ള സമീപനത്തിൽ കുറച്ചുകൂടി മാറ്റം വരുത്തി പ്രവർത്തനം മികച്ചതാക്കണം. സഹകരണ മേഖലയിലെ ചെറിയ അഴിമതികൾ പോലും ഇല്ലാതാക്കാനുള്ള ശ്രമം ഉണ്ടാകണം. അഴിമതി ഒരു വൈറസ് ആയി കടന്നു വരുന്നത് തടയാൻ ഓരോരുത്തരും ശ്രമിക്കണമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. ഉദ്ഘാടന പ്രസംഗത്തിനു ശേഷം മുഖ്യമന്ത്രി മടങ്ങി.