കേരള ബാങ്ക് ആസ്ഥാന മന്ദിരത്തിനു മുമ്പില്‍ രാപ്പകല്‍ സമരം നടത്തി
കേരള ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ്സ് വിവിധ ആവശ്യങ്ങളുന്നയിച്ച് തിരുവനന്തപുരത്തെ കേരള ബാങ്ക് ആസ്ഥാന മന്ദിരത്തിനു മുമ്പില്‍ സംഘടിപ്പിച്ച രാപ്പകല്‍ സമരം കെ. മുരളീധരന്‍ എം.പി. ഉദ്്ഘാടനം ചെയ്തു. തൃശൂര്‍ ജില്ലയിലെ കേരളാ ബാങ്ക് ജീവനക്കാരായ 18 സ്വീപ്പര്‍മാരെ പിരിച്ചു വിട്ടത് ഹൈക്കോടതി റദ്ദ് ചെയ്ത് തിരിച്ചെടുക്കാന്‍ ഉത്തരവിട്ടിട്ടും അതിന് തയാറാകാതെ അപ്പീല്‍ പോയ മാനേജ്‌മെന്റ് നടപടി തരം താഴ്ന്ന രാഷ്ട്രീയത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു. സംഘടനാ പ്രസിഡന്റ് വി.എസ്. ശിവകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
കേരളാ ബാങ്കില്‍ ട്രാന്‍സ്ഫര്‍ പോളിസി ക്ക് വിരുദ്ധമായി സംഘടനാ അംഗങ്ങളെ ദ്രോഹകരമായി സ്ഥലം മാറ്റിയത് റദ്ദ് ചെയ്യുക, ഭരണ സമിതി അംഗീകരിച്ച ട്രാന്‍സ്ഫര്‍ പോളിസി പൂര്‍ണ്ണമായി നടപ്പില്‍ വരുത്തുക, ശമ്പള പരിഷ്‌ക്കരണ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കുക, പേയൂണിഫിക്കേഷന്‍ ഉത്തരവിലെ അന്യായങ്ങള്‍ തിരുത്തുക, കുടിശ്ശികയായ 21% ക്ഷാമബത്ത അനുവദിക്കുക, തൃശൂരിലെ പിരിച്ചു വിട്ട 18 പാര്‍ട് ടൈം സ്വീപ്പര്‍മാരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കൊണ്ട് 24 മണിക്കൂറായിരുന്നു സമരം.
മുന്‍ സ്പീക്കര്‍ എന്‍. ശക്തന്‍, എം. വിന്‍സെന്റ് എം.എല്‍.എ, പി. ഉബൈദുള്ള എം.എല്‍.എ, എന്‍. പീതാംബരക്കുറുപ്പ്, പ്രതാപചന്ദ്രന്‍, ശ്രീകുമാര്‍, കരകുളം കൃഷ്ണ പിളള, മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ്, ജി.. സുബോധന്‍, ഇ. ഷംസുദ്ദീന്‍, സംഘടനയുടെ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് സി.കെ അബ്ദു റഹിമാന്‍, ജനറല്‍ സെക്രട്ടറി കെ.എസ്. ശ്യാം കുമാര്‍, ഐന്‍.ടി.യു.സി. ജില്ലാ പ്രസിഡണ്ട് വി.ആര്‍. പ്രതാപന്‍ തുടങ്ങിയവര്‍ സംസാരിച്ചു.