കേരള ബാങ്കിന്റെ നമ്പര്‍ വണ്‍ ശാഖയ്ക്കുള്ള മിനിസ്റ്റേഴ്‌സ് ട്രോഫി ഉള്ളിയേരി ശാഖക്ക്
ബി ദി നമ്പര്‍ വണ്‍ കാമ്പയിന്റെ ഭാഗമായി സംസ്ഥാനതലത്തില്‍ കേരള ബാങ്കിന്റെ നമ്പര്‍ വണ്‍ ശാഖയ്ക്ക് നല്‍കുന്ന മിനിസ്റ്റേഴ്‌സ് ട്രോഫി കോഴിക്കോട് ജില്ലയിലെ ഉള്ളിയേരി ശാഖക്ക് ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തില്‍ സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ശാഖാ മാനേജര്‍ കെ പി ഉഷയ്ക്ക് ട്രോഫി സമ്മാനിച്ചു. സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ശാഖയ്ക്കുള്ള അവാര്‍ഡ് കൊയിലാണ്ടി ശാഖാ മാനേജര്‍ ടി സന്തോഷും മൂന്നാമത്തെ ശാഖയ്ക്കുള്ള അവാര്‍ഡ് കക്കോടി ശാഖാ മാനേജര്‍ ഡൊമിനിക് മാത്യുവും ഏറ്റുവാങ്ങി.
കേരള ബാങ്കിന്റെ സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ റീജിയണല്‍ ഓഫീസിനുള്ള അവാര്‍ഡ് കോഴിക്കോട് റീജിയണ് വേണ്ടി ജനറല്‍ മാനേജര്‍മാരായ സി അബ്ദുല്‍ മുജീബ്, ഡോ. എന്‍ അനില്‍കുമാര്‍ എന്നിവരും മൂന്നാമത്തെ ക്രെഡിറ്റ് പ്രൊസസിംഗ് സെന്ററിനുള്ള അവാര്‍ഡ് കോഴിക്കോട് സി.പി.സിക്ക് വേണ്ടി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ ബി ബാലഗോപാലന്‍, കെ എം റീന എന്നിവരും ഏറ്റുവാങ്ങി.
വായ്പാ നിക്ഷേപ അനുപാതം 75 ശതമാനത്തിന് മുകളിലേക്കെത്തിക്കുക, കാസാ നിക്ഷേപം വര്‍ദ്ധിപ്പിക്കുക, നിഷ്‌ക്രിയ ആസ്തി 7 ശതമാനത്തില്‍ താഴെ എത്തിക്കുക എന്നീ കാമ്പയിന്‍ ലക്ഷ്യങ്ങള്‍ കൈവരിച്ചതിനുളള പ്രത്യേക പുരസകാരങ്ങള്‍ വയനാട്, കോഴിക്കോട് സിപിസികള്‍ക്കും കോഴിക്കോട് റീജിയണല്‍ ഓഫീസിനും ലഭിച്ചു. കോഴിക്കോട് ജില്ലയിലെ മികച്ച ശാഖയ്ക്കുള്ള പുരസ്‌കാരം പുതുപ്പാടി ശാഖയും വയനാട് ജില്ലയിലെ മികച്ച ശാഖയ്ക്കുള്ള പുരസ്‌കാരം വെള്ളമുണ്ട ശാഖയും കരസ്ഥമാക്കി.