കേരള ബാങ്കിന്റെ ഉദ്ഘാടനത്തിന് റിസര്‍വ് ബാങ്കിന്റെ അനുമതി തേടുന്നു
കേരളബാങ്കിന്റെ ഉദ്ഘാടനം ജനുവരി അവസാനം നടത്താന്‍ സര്‍ക്കാര്‍ റിസര്‍വ് ബാങ്കിന്റെ അനുമതി തേടുന്നു. ഫെബ്രുവരിയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്നതിനാലാണിത്. പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സെക്രട്ടറി തല അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. വിവിധ ഉപസമിതികളുടെ പ്രവര്‍ത്തനവും യോഗത്തില്‍ വിലയിരുത്തി.
കേരള ബാങ്കിന് റിസര്‍വ് ബാങ്ക് തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ആര്‍.ബി.ഐ. മുന്നോട്ട് വെച്ച 19 നിര്‍ദ്ദേശങ്ങളും പാലിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. ഇതിനായി 15 ഉപസമിതികളുടെ പ്രവര്‍ത്തനവും മികച്ചരീതിയിലാണ് നടക്കുന്നതെന്ന് യോഗം വിലയിരുത്തി. ഈ പുരോഗതി റിസര്‍വ് ബാങ്കിന് അറിയിച്ചാല്‍ ഉദ്ഘാടനം നടത്തുന്നതിന് മറ്റ് തടസങ്ങളുണ്ടാകില്ലെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. മാര്‍ച്ച് 31ന് മുമ്പ് ലയനം പൂര്‍ത്തിയാക്കണമെന്നാണ് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചത്. ഇത് പൂര്‍ത്തിയാക്കുമെന്ന് ഉറപ്പില്‍ ഉദ്ഘാടനം നടത്താനാകുമെന്നാണ് കണക്ക് കൂട്ടുന്നത്.
ജില്ലാ ബാങ്കുകളില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പൊതുയോഗത്തിന്റെ അംഗീകാരം വേണമെന്ന നിബന്ധന മാത്രമാണ് സര്‍ക്കാരിനുള്ള വെല്ലുവിളി. മലപ്പുറം, പത്തനംതിട്ട പോലുള്ള ബാങ്കുകളില്‍ അത് വിഷമമാകും. കേരള ബാങ്കിനെതിരെ പ്രത്യക്ഷ സമരത്തിനും നിയമനടപടികള്‍ക്കും യു.ഡി.എഫ്. ഒരുങ്ങുന്നുണ്ട്. യു.ഡി.എഫ്. നേതാക്കളുമായി ചര്‍ച്ച നടത്തി ഇക്കാര്യത്തില്‍ സമവായമുണ്ടാക്കാനാണ് ശ്രമം. ഈ മാസം തന്നെ ചര്‍ച്ച നടന്നേക്കും.
കേരള ബാങ്ക് സംബന്ധിച്ച ആശങ്കകള്‍ അകറ്റാന്‍ സഹകരണ വകുപ്പ് എല്ലാ ജില്ലകളിലും ശില്‍പശാലകള്‍ സംഘടിപ്പിക്കുന്നുണ്ട്. രാഷ്ട്രീയ ഭേദമന്യേ പ്രാഥമിക സഹകരണ ബാങ്കുകളുടെ പ്രതിനിധികള്‍ ശില്‍പശാലയില്‍ പങ്കെടുക്കുന്നുണ്ട്. ആശങ്കകള്‍ക്കിടയില്ലെന്നും കേരള ബാങ്ക് വരുന്നതോടെ സഹകരണ ബാങ്കിങ് മേഖലയില്‍ വലിയ കുതിച്ചു ചാട്ടം ഉണ്ടാകുമെന്നുമാണ് സര്‍ക്കാര്‍ വാദം.