കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ പ്രതിഷേധ ധര്‍ണ്ണ
സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന്റെ പലിശ നിരക്ക് വെട്ടിക്കുറച്ച കേരള ബാങ്കിന്റെ നിലപാടിനെതിരെ ‘കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍’ (സി.ഐ.ടി.യു) പ്രതിഷേധ ധര്‍ണ്ണ നടത്തുന്നു. വരുന്ന ജൂലൈ 22ന് കേരള ബാങ്കിന്റെ എല്ലാ ഓഫീസുകള്‍ക്കും മുന്‍പിലാണ് ധര്‍ണ്ണ നടത്താന്‍ യൂണിയന്‍ തീരുമാനിച്ചിരിക്കുന്നത്.
2020-21 വര്‍ഷത്തില്‍ ഇ.പി.എഫ് പലിശ നിരക്ക് 8.5 ശതമാനം ആണെന്നിരിക്കെ സഹകരണ ജീവനക്കാരുടെ പിഎഫ് നിക്ഷേപത്തിന് 6.5 ശതമാനം പലിശ നിരക്ക് ഏകപക്ഷീയമായി നിശ്ചയിക്കുകയാണ് കേരള ബാങ്ക് ചെയ്തത്. മാത്രമല്ല എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ അംഗീകാരം ഇല്ലാത്തതിനാല്‍ കേരള ബാങ്കില്‍ നടത്തി വരുന്ന നിക്ഷേപത്തിന് ആദായ നികുതി ഇളവും സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ക്ക് ഇപ്പോള്‍ നിഷേധിക്കപ്പെടുകയാണ്.
ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേരള ബാങ്ക് അധികൃതരോട് നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധ ധര്‍ണ്ണയുമായി മുന്നോട്ട് പോകുന്നതെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ അറിയിച്ചു.