കേരളാ ബാങ്ക്: ജില്ലാ ബാങ്കുകളുടെ ജനറല്‍ ബോഡി മാര്‍ച്ച് ഏഴിന്;

[email protected]

വീണ്ടും സാങ്കേതികക്കുരുക്കിന് സാധ്യത.കേരള ബാങ്ക് രൂപവത്കരണവുമായി ബന്ധപ്പെട്ട് ജില്ലാ ബാങ്കുകളുടെ ജനറല്‍ ബോഡി യോഗം മാര്‍ച്ച് ഏഴിന് നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍, നബാര്‍ഡിന്റെ പുതിയ വ്യവസ്ഥ ഈ യോഗത്തിനു കുരുക്കാവാന്‍ സാധ്യതയുണ്ട്.

ഫെബ്രുവരി 15 ന് നടത്താനിരുന്ന പ്രത്യേക ജനറല്‍ ബോഡി യോഗം ഹൈക്കോടതിയില്‍ നിന്നുള്ള തിരിച്ചടി ഭയന്ന് സര്‍ക്കാര്‍ അടിയന്തിരമായി റദ്ദ് ചെയ്തിരുന്നു. നടപടിക്രമം പാലിക്കാതെ ജനറല്‍ ബോഡി വിളിച്ചതിനാല്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം സഹകാരികള്‍ നല്‍കിയ റിട്ട് ഹരജിയില്‍ സ്റ്റേ വീഴും എന്ന് ഉറപ്പായതോടെയാണ് യോഗം മാറ്റിവെച്ചത. തുടര്‍ന്ന്, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് മാര്‍ച്ച് ഏഴിന് ജനറല്‍ ബോഡി നടത്താന്‍ തീരുമാനമായത്. ഇതുസംബന്ധിച്ചുള്ള നോട്ടീസും അമാല്‍ഗമേഷന്‍ സ്‌കീമും അതത് ജില്ലാ ബാങ്ക് ജനറല്‍ മാനേജര്‍മാര്‍ തിങ്കളാഴ്ച പുറത്തിറക്കി. എന്നാല്‍, ജനറല്‍ ബോഡി യോഗത്തിന് വീണ്ടും സാങ്കേതികക്കുരുക്ക് വീഴാന്‍ സാധ്യതയേറി. ഇതര സഹകരണ സംഘങ്ങള്‍ക്കും കേരള ബാങ്കില്‍ വോട്ടവകാശം നല്‍കണമെന്ന നബാര്‍ഡിന്റെ പുതിയ വ്യവസ്ഥയാണ് കുരുക്കാവുന്നത്. ഇതുസംബന്ധിച്ച് മലപ്പുറം ഐ.ടി. സഹകരണ സംഘം പ്രസിഡന്റ് ഫയല്‍ ചെയ്ത ഹരജിയടക്കം ഈ ആഴ്ച ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്.

കേരളാ ബാങ്ക് രൂപവത്കരണത്തിന് ജില്ലാ സഹകരണ ബാങ്കുകളിലെ ജനറല്‍ ബോഡി യോഗത്തില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ പ്രമേയം പാസാകണമെന്ന നിബന്ധന മറികടക്കാന്‍ സര്‍ക്കാര്‍ പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവന്നെങ്കിലും റിസര്‍വ് ബാങ്ക് ഇതംഗീകരിക്കാന്‍ സാധ്യത കുറവാണെന്ന് നിയമവിദഗ്ധര്‍ പറയുന്നു. ഛത്തീസ്ഗഡില്‍ സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജാര്‍ഖണ്ഡില്‍ ഇത്തരത്തില്‍ ലയന പ്രക്രിയ നടന്നപ്പോള്‍ മാറിനിന്ന ഒരു ജില്ലാ ബാങ്ക് ഇപ്പോള്‍ ആര്‍.ബി.ഐ യുടെ അംഗീകാരത്തോടെ സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നത്. ഒമ്പതു ജില്ലാ ബാങ്കുകളില്‍ എട്ടെണ്ണമാണ് അവിടെ ലയനത്തില്‍ പങ്കാളികളായത്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ കേരളത്തിലെ 14 ജില്ലാ ബാങ്കുകളില്‍ ഒമ്പതിടത്തു മാത്രമാണ് മൂന്നില്‍ രണ്ടു ഭൂരിപക്ഷം കിട്ടുക. മലപ്പുറം, വയനാട്, ഇടുക്കി, കാസര്‍കോട്, പത്തനംതിട്ട ജില്ലാ ബാങ്കുകളില്‍ എല്‍.ഡി.എഫിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ല. മലപ്പുറത്ത് യു.ഡി.എഫിന് വ്യക്തമായ മുന്‍തൂക്കമാണ്. ആലപ്പുഴയിലും ഭൂരിപക്ഷം ഒപ്പിക്കാന്‍ വിയര്‍ക്കേണ്ടി വരുമെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന. കേവല ഭൂരിപക്ഷമെന്ന വ്യവസ്ഥ ആര്‍.ബി.ഐ. അംഗീകരിച്ചില്ലെങ്കില്‍ സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കേരളാ ബാങ്ക് വീണ്ടും നീളുമെന്നുറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *

Latest News