കേരളബാങ്ക് വൈകുന്നു; ടാസ്‌ക്‌ഫോഴ്‌സ് അംഗങ്ങളെ ഒഴിവാക്കി തുടങ്ങി

[email protected]

കേരള ബാങ്ക് രൂപീകരണത്തിന് റിസര്‍വ് ബാങ്ക് പച്ചക്കൊടിക്കാണിക്കാത്തതോടെ ടാസ്‌ക്‌ഫോഴ്‌സിന്റെ പ്രവര്‍ത്തനം പരിമിതപ്പെടുത്തുന്നു. ടാസ്‌ക് ഫോഴ്‌സിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന സംസ്ഥാന-ജില്ലാ സഹകരണ ജീവനക്കാരെ തിരിച്ചയച്ചു. റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിക്കാതെ ടാസ്‌ക്‌ഫോഴ്‌സിന് ഇനി കൂടുതലൊന്നും ചെയ്യാനില്ലെന്നാണ് ഇതിനുള്ള വിശദീകരണം.

ടാസ്‌ക്‌ഫോഴ്‌സ് ചെയര്‍മാന്റെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, അക്കൗണ്ടന്റ്, ടൈപ്പിസ്റ്റ് എന്നിവരെല്ലാം ഒഴിവാക്കിയവരില്‍ ഉള്‍പ്പെടും. ഇവരോട് മാതൃസ്ഥാപനത്തിലേക്ക് മടങ്ങിപ്പോകണമെന്ന് കാണിച്ച് സഹകരണ സംഘം രജിസ്ട്രാര്‍ ഉത്തരവിറക്കി. തിരുവനന്തപുരം ജില്ലാബാങ്കിലെയു സംസ്ഥാന സഹകരണ ബാങ്കിലെയും രണ്ടുവീതം ജീവനക്കാരെയാണ് ഇപ്പോള്‍ ടാസ്‌ക്‌ഫോഴ്‌സില്‍നിന്ന് തിരിച്ചുവിളിച്ചിട്ടുള്ളത്. ഫലത്തില്‍ മാസം പത്തുലക്ഷത്തോളം രൂപ ചെലവിടുന്ന വെറും കമ്മിറ്റി മാത്രമായി ഇപ്പോള്‍ ടാസ്‌ക് ഫോഴ്‌സ് മാറി.

കേരളബാങ്കിന് അനുമതി നല്‍കുന്ന കാര്യത്തില്‍ ഇപ്പോഴും റിസര്‍വ് ബാങ്ക് തീരുമാനമെടുത്തിട്ടില്ല. ഉപാധികളോടെ അനുമതി നല്‍കാമെന്ന ധാരണ നേരത്തെ റിസര്‍വ് ബാങ്കിനുണ്ടായിരുന്നു. സംസ്ഥാന സഹകരണ ബാങ്കിന്റെ അറ്റ നഷ്ടം നികത്താന്‍ സര്‍ക്കാര്‍ സഹായം നല്‍കുമെന്ന ഉറപ്പാണ് ഇങ്ങനെ പരിഗണിക്കാന്‍ കാരണം. പക്ഷേ, പ്രളയാനന്തര കേരളത്തിന്റെ സാമ്പത്തികാവസ്ഥ ഇപ്പോള്‍ റിസര്‍വ് ബാങ്കും പരിഗണിക്കുന്നുണ്ട്. അതിനാല്‍, തിടുക്കപ്പെട്ട് സംസ്ഥാന-ജില്ലാസഹകരണ ബാങ്കുകളുടെ ലയനം നടത്തുന്നത് ഉചിതമായിരിക്കില്ലെന്ന ചിന്ത ആര്‍.ബി.ഐ. ബോര്‍ഡ് അംഗങ്ങള്‍ക്കുണ്ട്. കേരളബാങ്കിനുള്ള ആര്‍.ബി.ഐ. അനുമതി ഇനിയും നീളുകയാണെങ്കില്‍ വന്‍സാമ്പത്തിക ബാധ്യത വരുത്തുന്ന ടാസ്‌ക്‌ഫോഴ്‌സിന്റെ ആവശ്യം പോലും ചോദ്യം ചെയ്യപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *

Latest News