കേരളബാങ്ക് ലക്ഷ്യമിട്ട് ജില്ലാബാങ്കുകളില്‍ തസ്തിക ഏകീകരണം പൂര്‍ത്തിയാക്കി
വര്‍ഷങ്ങളായി ക്ലാസിഫിക്കേഷന്‍ നടത്തിയില്ലെന്ന ജില്ലാബാങ്കുകളുടെ പരാതിക്ക് പരിഹാരമാകുന്നു. എല്ലാ ജില്ലാബാങ്കുകളിലും ഒരേവര്‍ഷം കണക്കാക്കി തസ്തിക നിര്‍ണയമാണ് ക്ലാസിഫിക്കേഷനിലൂടെ നടത്തിയത്. കേരളബാങ്ക് വരുമ്പോള്‍ ജീവനക്കാര്‍ക്ക് അര്‍ഹിക്കുന്ന തസ്തിക ലഭിച്ചില്ലെന്ന പരാതി ഇല്ലാതാക്കുക എന്നതുകൂടി ലക്ഷ്യമിട്ടുള്ള നടപടിയാണ് ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളത്.
പത്തുവര്‍ഷത്തിലേറെയായി ക്ലാസിഫിക്കേഷന്‍ നടത്താത്ത ജില്ലാ ബാങ്കുകളുണ്ടായിരുന്നു. മാത്രവുമല്ല, ഓരോ ബാങ്കിലും ക്ലാസിഫിക്കേഷന്‍ നടന്നത് വിവിധ വര്‍ഷങ്ങളായാണ്. ഇതാണ്, 2015 മാര്‍ച്ച് 31 അടിസ്ഥാനമാക്കി എല്ലാ ജില്ലബാങ്കുകളുടെയും ക്ലാസിഫിക്കേഷന്‍ നടത്താന്‍ സഹകരണ സംഘം രജിസ്ട്രാര്‍ നിര്‍ദ്ദേശിച്ചത്. ഇങ്ങനെ ക്ലാസിഫിക്കേഷന്‍ നടത്തി റിപ്പോര്‍ട്ട് രജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഒരു ബാങ്കിന്റെ വളര്‍ച്ചയ്ക്ക് അനുസരിച്ച് ശാഖകള്‍ തുടങ്ങാന്‍ അനുമതി ലഭിച്ചാലും, അവിടെയൊന്നും പുതിയ തസ്തിക അനുവദിക്കാറില്ല. ബാങ്കിന് സാമ്പത്തിക ബാധ്യത വരുത്താതെ നടത്തിക്കൊള്ളാമെന്ന ഉറപ്പിലാണ് ശാഖ തുടങ്ങാന്‍ അനുമതി നല്‍കാറുള്ളത്. ക്ലാസിഫിക്കേഷന്‍ നടക്കുമ്പോഴാണ് ഓരോ ശാഖയുടെയും സാമ്പത്തിക സ്ഥിതിക്കനുസരിച്ച് തസ്തിക നിര്‍ണയിക്കാറുള്ളത്. ഇത് സ്ഥാനക്കയറ്റത്തിനും പുതിയ നിയമനങ്ങള്‍ക്കും വഴിയൊരുക്കും.
ജില്ലാബാങ്കുകളില്‍ ക്ലാസിഫിക്കേഷന്‍ നടത്താത്തതിനാലാണ് പുതിയ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതെന്നാണ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷനുകളുടെ പരാതി. അര്‍ഹിക്കുന്ന സ്ഥാനക്കയറ്റം ലഭിക്കുന്നില്ലെന്ന പരാതി ജീവനക്കാര്‍ക്കുമുണ്ടായിരുന്നു. ഇതുമാത്രവുമല്ല, ഒരേ കാലയളവില്‍ രണ്ടുജില്ലാബാങ്കുകളില്‍ ജോലിയില്‍ പ്രവേശിപ്പിച്ച ജീവനക്കാരന് ഒരേ സമയം സ്ഥാനക്കയറ്റം ലഭിക്കാത്ത സ്ഥിതിയുമുണ്ട്. ക്ലാസിഫിക്കേഷന്‍ നടന്ന ബാങ്കില്‍ സ്ഥാനക്കയറ്റം ലഭിക്കുകയും അല്ലാത്ത സ്ഥലത്ത് അത് നടക്കാതിരിക്കുകയും ചെയ്യും. കേരളബാങ്ക് വരുമ്പോള്‍ ഇത് വലിയ പ്രശ്‌നമായി വരുമെന്ന് കണ്ടാണ് ഒരേ തീയതി കണക്കാക്കി എല്ലാബാങ്കിലും ക്ലാസിഫിക്കേഷന്‍ നടത്താന്‍ തീരുമാനിച്ചത്.
അതേസമയം, താഴേക്കിടയിലുള്ള ജീവനക്കാരെ പരിഗണിക്കാതെയാണ് ഇപ്പോള്‍ ക്ലാസിഫിക്കേഷന്‍ നടത്തിയെന്ന പരാതിയുണ്ട്. ജൂനിയര്‍ അക്കൗണ്ടന്റ്-സീനിയര്‍ അക്കൗണ്ടന്റ് തസ്തികകള്‍ 1:1 എന്ന അനുപാതത്തിലാണ് നേരത്തെയുണ്ടായിരുന്നത്. ഇതില്‍ ചെറിയ മാറ്റങ്ങളുണ്ടാകാറുണ്ട്. എന്നാല്‍, കോട്ടയം പോലുള്ള ജില്ലാബാങ്കില്‍ ഇതില്‍ വലിയ അന്തരം വരുത്തിയെന്നാണ് പരാതി. സീനിയര്‍ അക്കൗണ്ടന്റ് തസ്തിക കൂട്ടുകയും ജൂനിയര്‍ കുറയ്ക്കുകയും ചെയ്തു. ഇതോടെ താഴേക്കിടയിലുള്ള ജീവനക്കാര്‍ക്കുള്ള സ്ഥാനക്കയറ്റ സാധ്യത കുറഞ്ഞുവെന്നാണ് പരാതി. യൂണിയന്‍ നേതാക്കളായ മുതിര്‍ന്ന ജീവനക്കാര്‍ക്ക് കേരളബാങ്കില്‍ ഉയര്‍ന്ന തസ്തിക ലഭ്യമാക്കുന്നതിനാണ് ഈ മാറ്റം നടത്തിയെന്നാണ് ആരോപണം. കേരളബാങ്കിനായി ജില്ലാബാങ്കിലെ ജീവനക്കാരുടെ പുനര്‍വിന്യാസം നടത്തുമ്പോള്‍ പരാതി ഒഴിവാക്കാനാണിതെന്നും ഈ ആരോപണമുന്നയിക്കുന്നവര്‍ പറയുന്നു.
റാങ്ക് ഹോള്‍ഡേഴ്‌സിനും പരാതിയുണ്ട്. പി.എസ്.സി. നിയമനം നടക്കുമ്പോള്‍ മാറാമെന്ന വ്യവസ്ഥയില്‍ സ്ഥാനക്കയറ്റം നല്‍കിയ ജീവനക്കാര്‍ക്ക് ക്ലാസിഫിക്കേഷനിലൂടെ സ്ഥിരം നിയമനം ലഭിച്ചുവെന്നാണ് ഇവരുടെ പരാതി.