കേരളബാങ്ക് യാഥാര്‍ഥ്യമാക്കുക എളുപ്പമാവില്ലെന്ന് ആര്‍ബിഐ ഡയറക്ടര്‍ സതീഷ് മറാത്തേ
കേരള ബാങ്ക് രൂപീകരണത്തിനെതിരെ റിസര്‍വ് ബാങ്ക് ഡയറക്ടര്‍ സതീഷ് മറാത്തേ.കേരളബാങ്ക് യാഥാര്‍ഥ്യമാക്കുക എന്നത് സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ച് എളുപ്പമാകില്ല.ബാങ്കുകളെ ലയിപ്പിക്കുന്നതിനെതിരെ കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്.ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ നഷ്ടത്തിലുള്ള ഒരു സ്ഥാപനവുമായി ലയിപ്പിക്കുന്നത് ഒരു നല്ല ആശയമാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ 14 ജില്ലാ ബാങ്കുകളില്‍ 12 എണ്ണവും ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്.ഈ ബാങ്കുകള്‍ ലാഭമുണ്ടാക്കുകയും ചെയ്യുന്നു.300 ശാഖകളും 64ലക്ഷത്തിലധികം ഉപഭോക്താക്കളും ജില്ലാ ബാങ്കുകള്‍ക്കാകെ ഉണ്ട്.ആറായിരം ആളുകള്‍ ജോലി ചെയ്യുന്നു.ഇവയുമായി താരതമ്യം ചെയ്യുമ്പോള്‍ സംസ്ഥാന സഹകരണ ബാങ്കിന് 20 ശതമാനം ബ്രാഞ്ചുകള്‍ പോലുമില്ല.അതുകൊണ്ടു തന്നെ കേരള ബാങ്കിന് ഉള്‍പ്രദേശങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാനാകുമോ എന്നും സതീഷ് മറാത്തേ ആശങ്ക പ്രകടിപ്പിച്ചു.
ഗ്രാമീണ ക്രെഡിറ്റ് സമ്പ്രദായത്തെയാകെ അട്ടിമറിക്കും എന്നതിനാലാണ് സംയോജിത ബാങ്ക് എന്ന ആശയത്തെ പല സഹകാരികളും എതിര്‍ക്കുന്നത്. ഒരൊറ്റ സ്ഥലത്തേക്ക് അധികാരം കേന്ദ്രീകരിക്കുന്നത് സൈദ്ധാന്തികമായി നല്ലതല്ല.നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തൊട്ടാകെ പ്രവര്‍ത്തിക്കാന്‍ കേരള ബാങ്കിന് പരിമിതിയുണ്ടാകുമെന്നും സതീഷ് മറാത്തെ അഭിപ്രായപ്പെട്ടു.
സതീഷ് മറാത്തെ ചുമതല വഹിച്ചിരുന്ന സഹകാര്‍ ഭാരതി എന്ന സംഘടന നേരത്തെ തന്നെ കേരള ബാങ്കിനെതിരെ രംഗത്ത് വന്നിരുന്നു.കേന്ദ്ര സര്‍ക്കാരുമായി വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.കേരള ബാങ്കിന് അനുമതി നല്‍കരുതെന്ന് ചൂണ്ടിക്കാട്ടി റിസര്‍വ് ബാങ്കിനും നബാര്‍ഡിനും കത്തയക്കുകയും ചെയ്തു.സഹകരണ മേഖല തകര്‍ക്കുന്നതാണ് തീരുമാനമെന്നാണ് സംഘടനയുടെ വാദം.