കേരളബാങ്ക് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു
എറണാകുളം ജില്ലയിലെ കൈത്തറിനെയ്ത്തുസഹകരണസംഘങ്ങളിലെ മികച്ച നെയ്ത്തുതൊഴിലാളികള്‍ക്കു കേരള ബാങ്ക് നല്‍കുന്ന നൈപുണ്യപുരസ്‌കാരം കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ വിതരണം ചെയ്തു. പറവൂര്‍ കെ.ആര്‍. ഗംഗാധരന്‍ സ്മാരകഹാളില്‍ നടന്ന ചടങ്ങില്‍ കൈത്തറിത്തൊഴിലാളികളുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്കുള്ള പുരസ്‌കാരങ്ങളും നല്‍കി. ഹാന്റക്‌സ് ഭരണസമിതിയംഗം ടി.എസ്. ബേബി അധ്യക്ഷനായിരുന്നു.
മുന്‍ ജില്ലാ സഹകരണബാങ്ക് ഭരണസമിതിയംഗം ടി. ആര്‍. ബോസ്, ഹാന്റക്‌സ് മുന്‍ചെയര്‍മാന്‍ കെ.പി. സദാനന്ദന്‍, കേരള ബാങ്ക് ജനറല്‍ മാനേജര്‍ ജോളി ജോണ്‍, ഹാന്റ്‌ലൂം സൂപ്പര്‍വൈസര്‍ എം. ദീപ്തി, കേരള ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഷാജു. പി. ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. എറണാകുളം ജില്ലയിലെ 11 കൈത്തറിനെയ്ത്തുസഹകരണസംഘങ്ങളിലെ 33 തൊഴിലാളികള്‍ക്കാണു പുരസ്‌കാരം ലഭിച്ചത്.