കേരളബാങ്കില്‍ പ്രൊബേഷണറി ഓഫീസറായി വ്യാജനിയമനത്തിന് ഏജന്‍സി
കേരളബാങ്കില്‍ ജീവനക്കാരെ നിയമിക്കാനെന്ന പേരില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് വ്യാജ ഏജന്‍സി പ്രവര്‍ത്തിക്കുന്നതായി പരാതി. പല ഉദ്യോഗാര്‍ത്ഥികള്‍ക്കും ഇവര്‍ നിയമനത്തിനുള്ള കത്ത് നല്‍കിയതായി കേരളബാങ്കിന് വിവരം ലഭിച്ചു. ബാങ്കിന്റെ ലോഗോ ഉപയോഗിക്കുകയും കേരളബാങ്കിന്റെ സ്റ്റാഫ് ട്രെയിനിങ് സെന്ററാണെന്ന് അവകാശപ്പെട്ടുമാണ് ഈ കത്തുള്ളത്. ഇത് ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കാനാണെന്നും, കബളിപ്പിക്കപ്പെടാതിരിക്കാനുള്ള ജാഗ്രത വേണമെന്നും കേരള ബാങ്ക് ഹെഢാഫീസ് ജനറല്‍ മാനേജര്‍ അറിയിച്ചിട്ടുണ്ട്.
‘പ്രൊബേഷണറി ഓഫീസര്‍ ഇന്‍ ജൂനിയര്‍ മാനേജ്‌മെന്റ് ഗ്രേഡ് സ്‌കെയില്‍-1’ തസ്തികയിലേക്ക് താല്‍ക്കാലികമായി തിരഞ്ഞെടുത്തുവെന്നാണ് ഒരു ഉദ്യോഗാര്‍ത്ഥിക്ക് ലഭിച്ച കത്തിലുള്ളത്. ഈ നിയമനത്തിനായി ‘കേരള ബാങ്ക്, സ്റ്റാഫ് ട്രെയിനിങ് സെന്റര്‍, ചാലപ്പുറം, കോഴിക്കോട്’ എന്ന ഓഫീസില്‍ രണ്ടാഴ്ച ‘ഇന്‍ഡക്ഷന്‍ പ്രോഗ്രാമില്‍’ പങ്കെടുക്കണമെന്നാണ് കത്തില്‍ അറിയിച്ചിട്ടുള്ളത്. ബാങ്കിന്റെ ലോഗോ ഉപയോഗിച്ച് ‘കേരള ബാങ്ക്, ഹ്യൂമന്‍ റിസോഴ്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ്, ഹെഡ് ഓഫീസ്, ചാലപ്പുറം, കോഴിക്കോട്’ എന്ന വ്യാജ വിലാസത്തില്‍ ‘ആര്‍.എം. രാമകൃഷ്ണന്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ആന്‍ഡ് അപ്പോയിന്റിംഗ് അതോറിറ്റി’ എന്ന പേരിലാണ് വ്യാജ നിയമന കത്ത് നല്‍കിയിട്ടുള്ളത്.
ബാങ്കിന്റെ ഹെഡ് ഓഫീസ് തിരുവനന്തപുരത്തും, വ്യാജ നിയമന കത്തില്‍ പരാമര്‍ശിക്കുന്ന തസ്തികയായ ‘പ്രൊബേഷണറി ഓഫീസര്‍’ ബാങ്കിന്റെ റിക്രൂട്ട്‌മെന്റ് റൂള്‍ പ്രകാരം നിലവില്‍ ഇല്ലാത്തതുമാണ്. കേരള ബാങ്കിന്റെ പ്യൂണ്‍ മുതല്‍ മുകളിലേക്കുള്ള എല്ലാ തസ്തികകളിലേക്കും നിയമനങ്ങള്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴിയാണ് നടത്തുന്നത്. പക്ഷേ, കേരളബാങ്കിന്റെ ഔദ്യോഗിക സംവിധാനം എന്ന തെറ്റിദ്ധാരണ ഉണ്ടാക്കുന്ന വിധത്തിലാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ ഏജന്‍സി നല്‍കുന്ന കത്ത്. ഇതിനെതിരെ പോലീസില്‍ പരാതി നല്‍കാനും കേരളബാങ്ക് ആലോചിക്കുന്നുണ്ട്.