കേരളത്തില്‍ സഹകരണമേഖലയുടെ സമഗ്ര വികസനത്തിനായി സംരക്ഷണനിധി ഉണ്ടാക്കുന്നു

[mbzauthor]

കേരള സഹകരണമേഖലയുടെ സമഗ്ര വികസനത്തിനായി കേരള സഹകരണ സംരക്ഷണനിധി 2023-24 ല്‍ നിലവില്‍ വരുമെന്നു ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. സഹകരണസംഘങ്ങളുടെ കരുതല്‍ ശേഖരത്തില്‍ നിന്നു ഒരു നിശ്ചിത ശതമാനവും സംസ്ഥാനസര്‍ക്കാരില്‍ നിന്നുള്ള വിഹിതവും സംയോജിപ്പിച്ചാണു സമഗ്ര വികസനത്തിനായുള്ള ഫണ്ട് രൂപവത്കരിക്കുകയെന്നു മന്ത്രി അറിയിച്ചു.

കേരള നിയമസഭയില്‍ 2023-24 സാമ്പത്തികവര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കുകയായിരുന്നു മന്ത്രി. സഹകരണമേഖലയ്ക്കായി ബജറ്റില്‍ പറയുന്ന മറ്റു നിര്‍ദേശങ്ങള്‍ ഇവയാണ്:

സഹകരണ മേഖലയ്ക്ക് 140.50 കോടി രൂപ വകയിരുത്തി. കാര്‍ഷിക രംഗത്ത് സഹകരണ മേഖലയുടെ സമഗ്ര ഇടപെടല്‍ സുശക്തമാക്കുന്നതിനായി കോ-ഓപ്പറേറ്റീവ് ഇനിഷ്യേറ്റീവ് ഇന്‍ ടെക്നോളജി ഡ്രിവണ്‍ അഗ്രികള്‍ച്ചറല്‍ എന്ന പദ്ധതിക്കുള്ള വകയിരുത്തല്‍ 23 കോടി രൂപയില്‍ നിന്ന് 34.50 കോടി രൂപയായി വര്‍ധിപ്പിച്ചു. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളുടെ വിവിധ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി 15.75 കോടി രൂപ വകയിരുത്തി.

വിദ്യാഭ്യാസ- ഗവേഷണ-
പരിശീലന പരിപാടികള്‍ക്ക്
നാലു കോടി രൂപ

സഹകരണ മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള വിദ്യാഭ്യാസ- ഗവേഷണ- പരിശീലന പരിപാടികള്‍ക്കായി നാലു കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. സഹകരണ വകുപ്പിന്റെ ആധുനികവത്കരണത്തിനായി 5.50 കോടി രൂപ വകയിരുത്തി. സഹകരണ ആശുപത്രികള്‍ക്കുള്ള ധനസഹായം, ആശുപത്രി സഹകരണ സംഘങ്ങളുടെ അപെക്സ് ഫെഡറേഷനുള്ള സഹായം, യുവജന സഹകരണ സംഘങ്ങള്‍ക്കുള്ള സഹായം, സാഹിത്യ സഹകരണ സംഘങ്ങളുടെ പുനരുജ്ജീവനത്തിനുള്ള സഹായം എന്നിങ്ങനെ വിവിധ പരിപാടികള്‍ക്കുള്ള വകയിരുത്തല്‍ 8.50 കോടി രൂപയില്‍ നിന്നു 18.40 കോടി രൂപയായി ഉയര്‍ത്തി.

പട്ടികജാതി -പട്ടികവര്‍ഗ്ഗ സഹകരണ സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകൃത കോഴ്സുകള്‍ ആരംഭിക്കുന്നതിനും ഉല്‍പാദന യൂണിറ്റുകള്‍ ഏറ്റെടുക്കുന്ന എസ്.സി/എസ്.ടി സഹകരണ സംഘങ്ങള്‍ക്ക് സഹായം നല്‍കുന്നതിനും മറ്റുമായി എട്ടു കോടി രൂപ വകയിരുത്തി. പട്ടികജാതി/പട്ടികവര്‍ഗ്ഗ സഹകരണ സംഘങ്ങളുടെ പുനരുജ്ജീവനത്തിനുള്ള പുനര്‍ജനി പദ്ധതിയ്ക്കായി 3.60 കോടി രൂപ മാറ്റിവെച്ചു. വനിതാ സഹകരണ സംഘങ്ങള്‍ക്കും വനിതാ ഫെഡിനും സഹായം അനുവദിക്കുന്നതിനായി 2.50 കോടി രൂപ നീക്കിവെച്ചു. സഹകരണ അംഗ സമാശ്വാസ  നിധിയിലേക്കുള്ള സര്‍ക്കാര്‍ ധനസഹായമായി 4.2 0 കോടി രൂപ വകയിരുത്തി. പശ്ചാത്തല വികസനവുമായി ബന്ധപ്പെട്ട് വിപണനം, കാര്‍ഷിക സംസ്‌കരണം ആരോഗ്യ മേഖലയിലെ സഹകരണ സംരംഭങ്ങള്‍ മുതലായവയ്ക്കായി നബാര്‍ഡ്, ആര്‍.ഐ.ഡി.എഫ് സഹായമായി 15 കോടി രൂപ വകയിരുത്തി.

കേരളത്തിലെ സഹകരണ ഓഡിറ്റ് വിഭാഗത്തിന്റെ പുനരാവിഷ്‌കരണം നവീകരണം  എന്നിവയുടെ നടത്തിപ്പിനായി ഒരു പ്രത്യേക പദ്ധതി രൂപപ്പെടുത്തുന്നതിനായി 5 കോടി രൂപയുടെ അധിക വിലയിരുത്തലും മന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രഖ്യാപിച്ചു. പ്രാഥമിക വായ്പാ സംഘങ്ങള്‍, പ്രാഥമിക സഹകരണ സംഘങ്ങള്‍, മൊത്ത വ്യാപാര സ്റ്റോറുകള്‍, ഫെഡറേഷനുകള്‍ എന്നിവയ്ക്കുള്ള ധനസഹായം നല്‍കുന്നതിനുള്ള പദ്ധതിയ്ക്കായി 28.1 0 കോടി രൂപ മാറ്റിവച്ചു. കേരള ബാങ്ക് വഴി 100 എഫ്.പി.ഒ.കള്‍ രൂപവത്കരിക്കുന്നതിനായി 10 കോടി രൂപ അധികമായി അനുവദിച്ചു.

[mbzshare]

Leave a Reply

Your email address will not be published.