കേരളത്തിലെ സഹകരണ മേഖലയ്‌ക്കെതിരെയുള്ള കള്ള പ്രചരണത്തെ ചെറുത്തുതോല്‍പ്പിക്കുക: കേരളാ കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍

moonamvazhi

കേരളത്തിലെ സഹകരണ മേഖലയ്‌ക്കെതിരെയുള്ള കള്ള പ്രചരണത്തെ ചെറുത്തുതോല്‍പ്പിക്കുകയാണ് വേണ്ടതെന്ന് കേരളാ കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സി ഐ ടി യു) അഭിപ്രായപ്പെട്ടു.

കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാനുള്ള പരിശ്രമങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാന വിഷയമായ സഹകരണ മേഖലയില്‍ ഇടപെടാനുള്ള പലതരത്തിലുള്ള ശ്രമങ്ങളാണ് നടക്കുന്നത്. 97-ാം ഭരണഘടന ഭേദഗതി, ആദായ നികുതി വകുപ്പിനെ മുന്നില്‍ നിര്‍ത്തിയുള്ള റെയ്ഡുകള്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ യെ ഉപയോഗിച്ച് സഹകരണ മേഖലയിലെ പ്രാഥമിക സംഘങ്ങളെ കൂച്ചു വിലങ്ങാടാനുള്ള നീക്കങ്ങള്‍, ഇ ഡി യെ ഉപയോഗിച്ചുള്ള റെയ്ഡുകള്‍ എന്നിങ്ങനെയുള്ള എല്ലാ നീക്കങ്ങളെയും കേരളത്തിലെ സഹകാരികളും പൊതു ജനങ്ങളും നിയമപരമായും അല്ലാതെയും പ്രതിരോധിച്ചു. രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി ഭരണഘടന വിരുദ്ധമായ നീക്കങ്ങളെ തടഞ്ഞുനിര്‍ത്തി കേന്ദ്രഗവണ്‍മെന്റിനെതിരായി ശക്തമായി പ്രതികരിക്കുന്ന നിലവന്നു.

2016 നോട്ട് നിരോധന കാലഘട്ടത്തില്‍ സംഘപരിവാറും സഹകരണ വിരുദ്ധ ശക്തികളും കേരളത്തിലെ ചില വാര്‍ത്ത മാധ്യമങ്ങളും കേരളത്തിലെ സഹകരണ സ്ഥാപനങ്ങള്‍ കള്ളപ്പണത്തിന്റെ കേന്ദ്രങ്ങളാണെന്നും യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രചരിപ്പിച്ചു. കേരളത്തിലെ സഹകരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളും ഓരോ സ്ഥാപനങ്ങളും അവരുടെ നേരനുഭവത്തില്‍ മനസ്സിലാക്കിയ കേരളീയ സമൂഹം ഈ വാദഗതികളെല്ലാം തന്നെ നിഷ്‌കരുണം തള്ളി കളഞ്ഞു.തുടര്‍ന്നു നടത്തിയ നിക്ഷേപ സമാഹരണത്തില്‍ സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ വലിയ തോതില്‍ വര്‍ദ്ധിക്കുന്ന സ്ഥിതിയുണ്ടായി. ഇത്തരത്തിലുള്ള കുപ്രചാരണങ്ങള്‍കൊണ്ട് കേവലം ആശങ്കയും പുകമറയും സൃഷ്ടിക്കുന്നതിനപ്പുറം കേരളത്തിലെ സഹകരണ സ്ഥാപനങ്ങള്‍ക്കുമേല്‍ പൊതു സമൂഹത്തിനുള്ള സ്വീകാര്യതയും വിശ്വാസ്യതയെയും പൊളിക്കാന്‍ കഴിയില്ല എന്ന് തെളിയിച്ചു കൊണ്ടാണ് ആ കാലഘട്ടത്തിലും തുടര്‍ന്നും സഹകരണ മേഖലയില്‍ നിക്ഷേപത്തിന്റെ കാര്യത്തില്‍ ഉണ്ടായ വര്‍ദ്ധനവ് സാക്ഷ്യപ്പെടുത്തുന്നത്.

കേന്ദ്രസര്‍ക്കാരിന്റെയും സംഘപരിവാറിന്റെയും മുഖത്തേറ്റ കടുത്ത പ്രഹരം പോലെ ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ ഇടപെടല്‍ വന്നിട്ടും സഹകരണ മേഖലയെ കൈപ്പടിയില്‍ ഒതുക്കാനുള്ള ശ്രമങ്ങള്‍ അവര്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. കേന്ദ്ര സഹകരണ വകുപ്പിന്റെ രൂപീകരണം, അപ്പക്‌സ് കോ ഓപ്പറേറ്റീവ് ഫിനാന്‍സ് ഡെവലപ്‌മെന്റ് രൂപീകരണം, മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘം ഭേദഗതി ബില്‍, പ്രാഥമിക സഹകരണ ബാങ്കുകളെ എഫ് പി ഒ ആക്കാനുള്ള നീക്കം, നബാര്‍ഡിനെ അടക്കം നോക്കുകുത്തിയാക്കി മാറ്റാനുള്ള ശ്രമം ഇതെല്ലാം സഹകരണ മേഖലയില്‍ ഇടപെടാനുള്ള മുന്നൊരുക്കങ്ങളാണ്. കേരളത്തെ സംബന്ധിച്ചു സഹകരണ മേഖല അതിശക്തമായ ജനകീയ സാമ്പത്തിക പങ്കാളിത്തമുള്ള സമാന്തര സാമ്പത്തിക സംവിധാനമാണ്. നിരവധി സേവനങ്ങള്‍ ആണ് കേരളത്തിലെ സഹകരണ മേഖല ജനങ്ങള്‍ക്ക് നല്‍കുന്നത്. രാഷ്ട്രീയ ജാതിമത വ്യത്യാസമില്ലാതെ ജനങ്ങള്‍ക്ക് സഹകരണ മേഖലയില്‍ വലിയ വിശ്വാസമുണ്ട്. ജനങ്ങളുടെ വിശ്വാസത്തെ തകര്‍ക്കുന്നതിനുള്ള വലിയ ഗൂഢാലോചനയാണ് സംഘപരിവാറും കേരളത്തില്‍ ചില മാധ്യമങ്ങളും കൂടിച്ചേര്‍ന്ന് നടത്തിക്കൊണ്ടിരിക്കുന്നത്.

കരുവന്നൂര്‍ ഉള്‍പ്പെടെയുള്ള ഏതാനും സ്ഥാപനങ്ങളില്‍ ചില ക്രമക്കേടുകള്‍ നടന്നിട്ടുണ്ട് . അത്തരം അഴിമതികളെയും അഴിമതിക്കാരെയും യാതൊരു തരത്തിലും സംരക്ഷിക്കുന്ന പ്രശ്‌നമില്ല. സംസ്ഥാന സര്‍ക്കാര്‍ തന്നെ അതിശക്തമായ നിലപാട് സ്വീകരിച്ചു. സഹകരണ മേഖലയിലെ പ്രമുഖ യൂണിയനുകളും അത്തരം കാര്യങ്ങളില്‍ കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഏതാണ്ട് കരുവന്നൂര്‍ ബാങ്കിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് സാധാരണ ഗതിയിലേക്ക് വരികയാണ് . ഈ സമയത്താണ് ഇ ഡി യെ ഉപയോഗിച്ച് കൊണ്ട് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടും കൃത്യമായ അജണ്ടയോടും കൂടി വീണ്ടും സഹകരണ സ്ഥാപനങ്ങളില്‍ അഴിമതിയാണ് നിക്ഷേപം തിരിച്ചുകിട്ടില്ല എന്ന വിധത്തില്‍ എല്ലാ സഹകരണ വിരുദ്ധ ശക്തികളും ഒറ്റക്കെട്ടായി പ്രചരണം അഴിച്ചുവിടുന്നത്. എങ്ങനെയാണ് നിക്ഷേപം നഷ്ടപ്പെടുക. ബാങ്കിന്റെ ഏറ്റവും പ്രധാന പ്രവര്‍ത്തനം നിക്ഷേപം സ്വീകരിക്കുകയും കൃത്യമായ ഈടിന്റെ അടിസ്ഥാനത്തില്‍ നിയമാനുസൃതമായി നിക്ഷേപത്തിന്റെ നിശ്ചിത ശതമാനം വരെ വായ്പയായി വിതരണം നടത്തുകയുമാണ്. സഹകരണ സ്ഥാപനങ്ങളില്‍ നിന്നും വിതരണം ചെയ്ത വായ്പകള്‍ ഈടാക്കാനുള്ള നിയമാനുസൃതമായ സംവിധാനങ്ങള്‍ ഇന്ന് നിലവിലുണ്ട്. അതുകൊണ്ട് തന്നെ നിക്ഷേപം വായ്പയായി നലകിയ സ്ഥാപനങ്ങളെയും നിക്ഷേപകരെയും സംബന്ധിച്ച് പണം നഷ്ടപ്പെടുമെന്ന പ്രചരണത്തിനു യാതൊരുആശങ്കയ്ക്കും വകയില്ല. കേരളത്തിലെ സഹകരണ നിക്ഷേപത്തിന് ഗ്യാരന്റി പ്രഖ്യാപിച്ചിട്ടുണ്ട് . നിക്ഷേപ ഗ്യാരണ്ടി ബോര്‍ഡ് വഴി അത് ഉറപ്പാക്കിയിട്ടുമുണ്ട്. കേരളത്തില്‍ ലക്ഷക്കണക്കിന് ആളുകളാണ് സഹകരണ മേഖലയില്‍ ജോലി ചെയ്യുന്നത് . ഉപജീവനമാര്‍ഗ്ഗത്തിനായി പ്രത്യക്ഷമായും പരോക്ഷമായും വലിയ ജനവിഭാഗം സഹകരണ മേഖലയെ ആശ്രയിച്ചിക്കുന്നു. സഹകരണ മേഖലയുടെ സാമ്പത്തിക അടിത്തറയും സ്വയം പര്യാപ്തതയും തകര്‍ക്കുന്നതിനുള്ള പരിശ്രമങ്ങള്‍ നടക്കുന്നു. കേരളത്തിലെ സഹകരണമേഖല തകര്‍ന്നാല്‍ കേരളം തകരും സാധാരണക്കാരുടെ ജീവിതം ദുരിത പൂര്‍ണ്ണമാകും.


കേരളത്തിലെ ജനങ്ങളുടെ ജനനം മുതല്‍ മരണം വരെയുള്ള എല്ലാ ഘട്ടങ്ങളിലും സഹകരണ മേഖലയുടെ കൈത്താങ്ങ് നിഷേധിക്കാന്‍ കഴിയില്ല. പൊതുമേഖല ബാങ്കുകളിലും വാണിജ്യ ബാങ്കുകളിലും വലിയ തോതില്‍ കുടിശ്ശിക വര്‍ദ്ധിച്ചതിന്റെയും ക്രമക്കേടിന്റെയും അഴിമതിയുടെയും ഭാഗമായി തകര്‍ച്ച നേരിടുന്ന അതീവ ഗൗരവതരമായ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ അതൊന്നും തന്നെ ആരെയും ആശങ്കപ്പെടുത്തുകയും വേവലാതിപ്പെടുത്തുകയും ചെയ്യുന്നില്ല . ഇതിന്റെയൊക്കെ പിന്നിലുള്ള അജണ്ട എന്താണെന്ന് എല്ലാവര്‍ക്കും മനസ്സിലാക്കുവാന്‍ സാധിക്കും. മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളില്‍ നടക്കുന്ന തട്ടിപ്പുകളെ സംബന്ധിച്ച് കേന്ദ്ര സഹകരണ വകുപ്പ് മന്ത്രി തന്നെ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവന സംബന്ധിച്ച് ഒരു വാര്‍ത്ത പോലും കൊടുക്കാന്‍ കേരളത്തിലെ പ്രമുഖമായ മാധ്യമങ്ങള്‍ തയ്യാറായിട്ടില്ല.നമ്മുടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 71 മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ അവിടെ നടന്ന തട്ടിപ്പിന്റെ ഭാഗമായി ലിക്വിഡേറ്റ് ചെയ്യുമെന്ന് തീരുമാനിച്ചിട്ടുണ്ട്. 4000 കോടിയുടെ നിക്ഷേപമാണ് ഈ സ്ഥാപനങ്ങളിലെ നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ടത് . എന്തുകൊണ്ട് ഇവിടെ ഇത് വാര്‍ത്തയല്ലാതാകുന്നു. ഈ 4000 കോടി രൂപ തട്ടിയെടുത്തത് മറ്റാരുമല്ല മോഡിയുടെയും അമിത്ഷായുടെയും സുഹൃത്തുക്കളും അനുയായികളുമാണ് .സഹകരണ മേഖലയിലെ ഏറ്റവും വലിയ തട്ടിപ്പ് എന്ന് പറയാവുന്ന ഈ വിവരം പാര്‍ലമെന്റില്‍ പറഞ്ഞിട്ടുള്ളത് കേന്ദ്ര സഹകരണ വകുപ്പ് മന്ത്രി തന്നെയാണ്.

ഈ തട്ടിപ്പുകള്‍ക്ക് ഇരയായവരുടെ നിക്ഷേപം തിരിച്ചു കിട്ടാന്‍ എന്തുകൊണ്ട് കേന്ദ്ര ഗവണ്‍മെന്റ് ഇടപെടുന്നില്ല . മാധ്യമങ്ങള്‍ ആശങ്ക പ്രകടിപ്പിക്കുന്നില്ല. ഇതുപോലുള്ള വിവിധ മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളിലുള്ള നിക്ഷേപം തിരിച്ചു വാങ്ങാന്‍ പ്രേരിപ്പിച്ചു സന്ദേശങ്ങള്‍ ഇവര്‍ എന്താണ് നല്‍കാത്തത്. കേരളത്തിലെ ഏതാനും ചില സഹകരണ സ്ഥാപനങ്ങളില്‍ നടന്ന ക്രമക്കേടും അഴിമതിയെയും സംബന്ധിച്ച് കേരള സര്‍ക്കാരും സഹകരണ വകുപ്പും പക്ഷപാതമില്ലാതെ സ്വീകരിച്ച നിലപാടുകള്‍ എല്ലാവര്‍ക്കും അറിയാം. കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിച്ചു. സഹകരണ നിയമ ഭേദഗതിയില്‍ അഴിമതി തടയാന്‍ പര്യാപ്തമായ ഒട്ടേറെ ഭേദഗതികള്‍ കൊണ്ടുവന്നു. കേരളത്തിലെ സഹകരണ സ്ഥാപനങ്ങളില്‍ നിക്ഷേപിച്ച ചില്ലി കാശ് പോലും നഷ്ടപ്പെടില്ല എന്ന് മുഖ്യമന്ത്രിയും സഹകരണവകുപ്പ് മന്ത്രിയും കേരളീയ സമൂഹത്തിന് മുമ്പില്‍ ആധികാരികമായി പ്രഖ്യാപിച്ചു. കരുവന്നൂരില്‍ ഉള്‍പ്പെടെ നടന്ന ക്രമക്കേടുകളും അഴിമതിയും ന്യായീകരിക്കുന്നില്ല എന്ന് മാത്രമല്ല കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും . സഹകരണ കേരളം ഇത്തരം ക്രമക്കേടുകള്‍ക്ക് മാപ്പ് നല്‍കുകയില്ല. സഹകരണ ബാങ്കില്‍ മാത്രമല്ല ഇത്തരം ക്രമക്കേടുകള്‍ നടന്നിട്ടുള്ളത് പൊതുമേഖലാ ബാങ്കിലെ ജീവനക്കാരുടെയും മാനേജ്‌മെന്റിന്റെയും ഒത്താശയോടു കൂടി വന്‍ തട്ടിപ്പുകള്‍ നടത്തി നാടുവിട്ടവര്‍ എവിടെയാണ്.

സിന്‍ഡിക്കേറ്റ് ബാങ്കില്‍ നടന്ന 1000 കോടി രൂപയുടെ തട്ടിപ്പ്, 2019 ല്‍ ഐ സി ഐ സി ഐ ബാങ്കില്‍ നടന്ന 1875 കോടി രൂപയുടെ തട്ടിപ്പ് 2015 ല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ 3695 കോടി രൂപയുടെ തട്ടിപ്പ് , പഞ്ചാബ് & മഹാരാഷ്ട്ര സഹകരണ ബാങ്കില്‍ 4335 കോടിയുടെ തട്ടിപ്പ്, 2018 ല്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നീരവ് മോദി നടത്തിയ 14000 കോടി രൂപയുടെ തട്ടിപ്പ് . വിസ്താര ഭയത്താല്‍ എല്ലാം ഇവിടെ സൂചിപ്പിക്കുന്നില്ല.ഇവിടെയെല്ലാം നിങ്ങളില്‍ പലരും പറയുന്നതുപോലെ ഇടതുപക്ഷ നേതാക്കളും ജീവനക്കാരും ആണോ ഭരിക്കുന്നതും ഇടപാട് നടത്തുന്നതും.ഒരു തെറ്റായ പ്രവര്‍ത്തനമോ ക്രമക്കേടുകളോ കണ്ടാല്‍ ശക്തമായ നിലപാട് സ്വീകരിക്കുക എന്നത് കമ്മ്യൂണിസ്റ്റ്കാരുടെ പ്രത്യേകതയാണ് അതില്‍ ജനങ്ങള്‍ക്ക് വിശ്വാസം ഉണ്ട് . അത് പാര്‍ട്ടിക്കാരായാലും അല്ലാത്തവരായാലും ഇതില്‍ യാതൊരുവിധ വിവേചനവും കാണിക്കാറില്ല. അതുകൊണ്ടുതന്നെ കേരളത്തില്‍ സഹകരണ മേഖല ജനങ്ങള്‍ തന്നെ സംരക്ഷിക്കും അഴിമതിക്കാര്‍ക്ക് ഇത്തരം സ്ഥാപനങ്ങളില്‍ സ്ഥാനം ഉണ്ടാവില്ല. കേരളത്തിലെ സഹകരണ മേഖല എക്കാലത്തും സംരക്ഷിക്കുന്നത് പൊതുസമൂഹമാണ് . കേരളത്തിലെ ജനങ്ങളുടെ ആശ്രയ കേന്ദ്രമായ നിരവധി സേവനങ്ങള്‍ ലഭ്യമാക്കുന്ന സഹകരണ മേഖല ജനങ്ങളാല്‍ സംരക്ഷിക്കപ്പെടുക തന്നെ ചെയ്യുമെന്നതാണ് കേരളത്തിന്റെ നാളിതുവരെയുള്ള അനുഭവം. – കേരളാ കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സി ഐ ടി യു)  പറഞ്ഞു.

 

 

Leave a Reply

Your email address will not be published.