കേരളത്തിലെ സമ്പത്ത് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന് പ്രാദേശികതല ഇടപെടലിലൂടെ സഹകരണസംഘങ്ങൾക്ക് സാധിക്കും.

adminmoonam

കേരളത്തിലെ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന് പ്രാദേശികതല ഇടപെടലുകൾ ഫലപ്രദമാകും. ഇന്നത്തെ സാഹചര്യത്തിൽ ഈ ഉത്തരവാദിത്വം ഏറ്റെടുക്കാൻ കഴിയുന്ന ഏറ്റവും നല്ല ഏജൻസി സഹകരണ സ്ഥാപനങ്ങൾ ആണ് . കേരളത്തിൻറെ അതിജീവനം സഹകരണ പ്രസ്ഥാനത്തിലൂടെ.. ഡോക്ടർ എം.രാമനുണ്ണിയുടെ ലേഖനം-22.

നമ്മുടെ സംസ്ഥാനം ഉത്പാദകരെകാൾ ഉപഭോക്താക്കൾക്ക് പ്രാധാന്യമുള്ള പ്രദേശമായാണ് അറിയപ്പെടുന്നത്. നമ്മുടെ ഏത് റോഡുകളിലൂടെ സഞ്ചരിച്ചാലും ഇരുവശവും നിരനിരയായി ചെറിയതും വലിയതുമായ കച്ചവട സ്ഥാപനങ്ങൾ കാണാൻ കഴിയും . ഇതുകൂടാതെ കച്ചവട സ്ഥാപനങ്ങൾ തിങ്ങിനിറഞ്ഞ പ്രദേശങ്ങളെ മാർക്കറ്റ് അഥവാ അങ്ങാടി എന്നാണ് വിളിക്കുന്നത്. ചുരുക്കത്തിൽ നമ്മുടെ സംസ്ഥാനത്ത് തൊഴിൽരഹിതരായ നല്ലൊരു ശതമാനം ആളുകളും വരുമാനത്തിനായി ആശ്രയിക്കുന്നത് ഇത്തരം സ്ഥാപനങ്ങളെയാണ്. ഇവയിൽ റസ്റ്റോറൻറ്, ചായക്കട, പലചരക്കുകട, പച്ചക്കറി കട, ബാർബർ ഷോപ്പ്,തുണിക്കട, തുന്നൽ ഷാപ്പ്, പെട്ടിക്കട, ജ്യൂസ് കട എന്ന് തുടങ്ങി സമീപകാലത്തായി വ്യാപിച്ച മൊബൈൽ റീചാർജ് കടകൾ വരെ ലഭ്യമാണ് .

ഇവരെല്ലാം തന്നെ പ്രവർത്തന മൂലധനത്തിന് ആശ്രയിക്കുന്നത് ഒന്നുകിൽ സ്വന്തം കയ്യിൽ ലഭ്യമായ പണമോ,അല്ലെങ്കിൽ സുഹൃത്തുക്കളിൽ നിന്നുള്ള കൈവായ്പയോ,സ്വർണ്ണ പണയം മുതലായ വഴികളിലൂടെ സമാഹരിക്കുന്ന തുകയോ ആണ് . പലപ്പോഴും ഈ പ്രവർത്തനം കൂടുതൽ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് ഇവർ സ്വകാര്യപണമിടപാട് സ്ഥാപനങ്ങൾ ,ചിട്ടി, നിധി കമ്പനികൾ, തമിഴ്നാട്ടിൽ നിന്നും നമ്മുടെ നാട്ടിലെത്തി പലിശക്ക് പണം നൽകുന്നവർ എന്നിവരെയാണ് ആശ്രയിക്കാറ് . പച്ചക്കറി മാർക്കറ്റിൽ വൻതോതിൽ ഇത്തരത്തിൽ കടം നൽകുന്ന വലിയ ഏജൻസികൾ ഉണ്ട് . ഇവരുടെ പണപ്പിരിവു നടത്തുന്നതിന് ഉപയോഗിക്കുന്ന വരാണ് പിൽക്കാലത്ത് ഗുണ്ടകൾ എന്ന നിലയിൽ പരിണമിച്ചത്. ഇത്തരത്തിലുള്ള ഒരു സമാന്തര സമ്പദ് വ്യവസ്ഥ നമ്മുടെ നാട്ടിൽ ദീർഘകാലമായി വേരൂന്നി യിട്ടുണ്ട് . ഇവർ 25 മുതൽ മുതൽ 40 ശതമാനം വരെ പലിശ ഈടാക്കുന്നതായാണ് അറിയാൻ കഴിഞ്ഞത് . ഇത്തരത്തിലുള്ള വട്ടിപ്പലിശ പലരുടെയും കുടുംബ ജീവിതം തന്നെ തകർത്തു കളഞ്ഞിട്ടുണ്ട്.

എന്തുകൊണ്ട് ഇത്തരത്തിലുള്ള ചെറുകിട വ്യാപാരികൾക്കും, കച്ചവടക്കാർക്കും ആവശ്യമായ പ്രവർത്തന മൂലധനം, ലളിതമായ വ്യവസ്ഥയിൽ നൽകാൻ സഹകരണബാങ്കുകൾക്ക് കഴിയുന്നില്ല? ഒരുപക്ഷേ കുറച്ചുകാലം മുമ്പ് വിവിധ ബാങ്കുകൾ പ്രത്യേകം ഈട് വാങ്ങാതെ, പരസ്പര ജാമ്യത്തിൽ, നൽകിയ വായ്പകൾ തിരിച്ചടവ് ഇല്ലാതെ കുടിശ്ശികയായി എന്ന് പരക്കെ സംസാരമുണ്ടായിരുന്നു. ഒരുപക്ഷേ ഇത്തരം വാർത്തകൾ ആയിരിക്കണം ഈ മേഖലയിൽ നിന്നും പിൻവലിയാൻ ധനകാര്യ സ്ഥാപനങ്ങളെ പ്രേരിപ്പിച്ചത്.

എന്നാൽ ഇവിടെയാണ് സഹകരണ സ്ഥാപനങ്ങളുടെ ജനകീയമായ സ്വഭാവം സഹായകമാകുന്നത്. ഒരു പ്രാഥമിക സഹകരണ ബാങ്കിൻറെ പരിധിയിലുള്ള മിക്കവാറും ചെറുകിട കച്ചവടക്കാരെ സഹകാരികൾക്ക് നേരിൽ അറിയാവുന്നതാണ്. അതുകൊണ്ടുതന്നെ അവരുടെ ആവശ്യവും, വിശ്വാസ്യതയും ബോധ്യപ്പെടാൻ എളുപ്പത്തിൽ സാധിക്കുന്നതാണ്. പരസ്പര ജാമ്യത്തിനു മുകളിൽ വായ്പ നൽകുന്നത് ചെറുകിട കച്ചവടക്കാർക്കും, വ്യാപാരികൾക്കും ഏറെ സഹായകരമായിരിക്കും. ഇവരിൽനിന്നും എല്ലാദിവസവും ചെറിയ തുകയായി വായ്പ തിരിച്ചു ശേഖരിക്കുന്നതിന്, കളക്ഷൻ ഏജൻറ് മാരുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ഇത്തരം ഏജൻറ്മാരിൽ നിന്നും ആവശ്യമായ സെക്യൂരിറ്റി ഡെപ്പോസിറ്റ് സ്വീകരിക്കാവുന്നതാണ്. ഇത്തരത്തിൽ കളക്ഷനിൽ ഏർപ്പെടുന്ന ഏജൻറ്മാർക്ക് Simputer പോലുള്ള ഹാൻഡ്ഹെൽഡ് ഡിവൈസ്( Hand held devices) നൽകുന്നത് ജോലിഭാരം കുറയ്ക്കും. തന്നെയുമല്ല പണം ശേഖരിക്കുന്ന സമയത്തുതന്നെ റസീപ്റ്റ് നൽകാനും കഴിയും. ഇത്തരം Simputer / Hand held devices,സഹകരണ സ്ഥാപനങ്ങൾ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുമായി ബന്ധപ്പെടുത്തിയാൽ പൈസ സ്വീകരിക്കുന്ന സമയത്തുതന്നെ, ഈ തുക അതാതു വ്യാപാരിയുടെ അക്കൗണ്ടിലേക്ക് വരവ് വെക്കാൻ കഴിയും.

ഇതിലേക്കായി കളക്ഷൻ ഏജൻറ് ബാങ്കിൽ ആരംഭിച്ചിട്ടുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ നിന്നും, പണം വ്യാപാരിയുടെ അക്കൗണ്ടിലേക്ക്മാറ്റുന്ന രീതി അവലംബിക്കാവുന്നതാണ്. അങ്ങനെ വരുമ്പോൾ പണം ബാങ്കിൽ അടക്കാതെ തിരുമറി ചെയ്യാനുള്ള സാധ്യത ഇല്ലാതാകുന്നു. തന്നെയുമല്ല ഇത്തരത്തിൽ കളക്ഷൻ ഏജൻറ്മാർ അടക്കുന്ന തുക സേവിങ്സ് ബാങ്കിൽ സൂക്ഷിച്ചാൽ ബാങ്കിന് പലിശ ചെലവ് കുറവുള്ള നിക്ഷേപങ്ങൾ ശേഖരിക്കാൻ കഴിയും. ഇതേ സംവിധാനം പ്രയോജനപ്പെടുത്തി, സ്കൂൾ കുട്ടികളിൽ നിന്നും , വീട്ടമ്മമാരിൽ നിന്നും, സ്ഥിര വരുമാന കാരിൽ നിന്നും, അന്യസംസ്ഥാന തൊഴിലാളികളിൽ നിന്നും, എല്ലാം പ്രതിദിനം സമ്പാദ്യം സ്വീകരിക്കാവുന്നതാണ്. കലക്ഷൻ ഏജൻറ് മാർക്ക് അവർ ശേഖരിക്കുന്ന പണത്തിൻറെ അടിസ്ഥാനത്തിൽ, കമ്മീഷൻ നൽകാവുന്നതാണ് . ഇതുമൂലം ഓരോ പ്രദേശത്തും സന്നദ്ധരായ ഏതാനും ചെറുപ്പക്കാർക്ക് വരുമാനം പ്രദാനം ചെയ്യാനും, അവരുടെ സേവനം പ്രയോജനപ്പെടുത്തി ബാങ്ക് നൽകിയ മറ്റു വായ്പകളും കുടിശ്ശിക ആകാതെ ചെറിയ തുകകൾ ആയി തിരികെ പിടിക്കുന്നതിന് കഴിയുന്നതാണ്. വാണിജ്യ ബാങ്കുകൾ, പുത്തൻ തലമുറ ബാങ്കുകൾ എന്നിവർ നടത്തുന്ന അതേ രീതി തന്നെ സ്വീകരിക്കാതെ, തികച്ചും ജനകീയമായ ഇത്തരം ഇടപെടലിലൂടെ, സാധാരണക്കാരന് ആവശ്യമായ ധനസഹായം എത്തിക്കാനും, കുടിശ്ശിക ഇല്ലായ്മ ചെയ്യുന്നതിനും കഴിയും .

കൊറോണ വൈറസ് സൃഷ്ടിച്ച സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ ഇത്തരം ഇടപെടലുകൾക്ക് സാധിക്കും. കേരളത്തിലെ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന് ഇത്തരത്തിലുള്ള പ്രാദേശികതല ഇടപെടലുകൾ ഫലപ്രദം ആകേണ്ടതുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ ഈ ഉത്തരവാദിത്വം ഏറ്റെടുക്കാൻ കഴിയുന്ന ഏറ്റവും നല്ല ഏജൻസി സഹകരണ സ്ഥാപനങ്ങൾ ആണ് . വരുന്ന നാളുകളിൽ ഈ ദിശയിലുള്ള പ്രവർത്തനം ശക്തിപ്പെടുത്താൻ ആകുമെന്ന് പ്രതീക്ഷിക്കുന്നു .
ഡോ.എം .രാമനുണ്ണി 9388555988

Leave a Reply

Your email address will not be published. Required fields are marked *

Latest News