കേരളത്തിന്റെ സ്വന്തം പാല്‍പ്പൊടിക്കായി മലപ്പുറത്ത് പ്ലാന്റ് വരുന്നു

Deepthi Vipin lal

കേരളത്തില്‍ സംഭരിക്കുന്ന അധിക പാല്‍ പാല്‍പ്പൊടിയാക്കി മാറ്റാന്‍ പ്ലാന്റുവരുന്നു. ഇതുവരെ തമിഴ്നാട്ടിനെ ആശ്രയിച്ചായിരുന്നു അധികമുള്ള പാല്‍ പാല്‍പ്പൊടിയാക്കി മാറ്റിയത്. കോവിഡ്-19 രോഗം വ്യാപിച്ചതോടെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴാണ് പാല്‍പ്പൊടി പ്ലാന്റ് ഇല്ലാത്തതിന്റെ ദുരിതം കേരളം അനുഭവിച്ചത്. കേരളത്തില്‍നിന്നുള്ള പാല്‍ അതിര്‍ത്തി കടത്തുന്നത് തമിഴ് നാട് തടഞ്ഞതാണ് പ്രശ്നത്തിനിടയാക്കിയത്.


പ്രതിദിനം 1.25ലക്ഷം ലിറ്റര്‍ പാലുവരെ തമിഴ്നാട്ടിലേക്ക് കേരളത്തില്‍നിന്ന് പാല്‍പ്പൊടിയാക്കാന്‍ അയച്ചിരുന്നു. ലോക്ഡൗണില്‍ പാല്‍ തടഞ്ഞതോടെ ക്ഷീരകര്‍ഷകരില്‍നിന്ന് പാല്‍ സംഭരിക്കുന്നത് പോലും പ്രതിസന്ധിയിലായി. കേരള-തമിഴ്നാട് സര്‍ക്കാരുകള്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പ്രതിദിനം 50,000 ലിറ്റര്‍ പാല്‍ പാല്‍പ്പൊടിയാക്കി മാറ്റാമെന്ന് തമിഴ്നാട് സമ്മതിച്ചു. ബാക്കി അങ്കണവാടികള്‍, അതിഥിതൊഴിലാളി ക്യാമ്പുകള്‍, സമൂഹ അടുക്കളകള്‍, കണ്‍സ്യൂമര്‍ഫെഡ്, സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലൊക്കെ എത്തിച്ചാണ് ഉപയോഗപ്പെടുത്തിയത്.

 

പ്ലാന്റ് വരുന്നത് മൂര്‍ക്കനാട്ട് 


ലോക്ഡൗണ്‍ കാലത്ത് നേരിട്ട പ്രതിസന്ധിയാണ് സ്വന്തമായി പാല്‍പ്പൊടി പ്ലാന്റ് നിര്‍മ്മിക്കണമെന്ന ചിന്തയിലേക്ക് കേരളം മാറാന്‍ കാരണം. മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട് ആണ് പുതിയ പ്ലാന്റ് സ്ഥാപിക്കുന്നത്. ഇതിന് നബാര്‍ഡ് സാമ്പത്തിക സഹായം നല്‍കും. പ്രതിദിനം പത്ത് മെട്രിക് ടണ്‍ പാല്‍പ്പൊടി ഉല്‍പാദിപ്പിക്കുന്നതാണ് പ്ലാന്റ്. പ്രതിദിനം 2.12ലക്ഷം ലിറ്റര്‍ പാലാണ് മലബാര്‍ മേഖലയില്‍ മില്‍മ വിപണനം ചെയ്യുന്നതിനേക്കാളും അധികമായി സംഭരിക്കുന്നത്.

മൊത്തം 53.93 കോടിരൂപയാണ് പ്ലാന്റിന്റെ ചെലവായി കണക്കാക്കിയിട്ടുള്ളത്. പ്ലാന്റിന് ഭരണാനുമതി സര്‍ക്കാര്‍ നല്‍കി. ഫെബ്രുവരി ഒമ്പതിന് ശിലാസ്ഥാപനം നിര്‍വഹിക്കും. 32.72 കോടി രൂപയാണ് നബാര്‍ഡ് സഹായമായി നല്‍കുന്നത്. മില്‍മ മലബാര്‍ മേഖല യൂണിറ്റിന്റെ 5.71 കോടി രൂപയുടെ വിഹിതത്തിന് പുറമെ സംസ്ഥാന സര്‍കാര്‍ 15.50 കോടി രൂപയും പ്ലാന്റിനായി നല്‍കും. സര്‍ക്കാര്‍ നല്‍കുന്ന സഹായത്തില്‍ 7.50 കോടി രൂപ നടപ്പുസാമ്പത്തിക വര്‍ഷത്തിലും എട്ടുകോടി 2021-22 സാമ്പത്തിക വര്‍ഷത്തെ വിഹിതവുമായാണ് നല്‍കുക. ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ഫണ്ടില്‍നിന്നാണ് നബാര്‍ഡ് മില്‍മയ്ക്ക് പണം നല്‍കുന്നത്.

മലബാറില്‍ പാലുല്‍പാദനത്തില്‍ ഏറ്റവും വളര്‍ച്ച രേഖപ്പെടുത്തിയ ജില്ലയാണ് മലപ്പുറം എന്നതിനാലാണ് പ്ലാന്റ് അവിടെ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഏറ്റവും അധികം പാലുല്‍പാദനമുള്ള ജില്ല പാലക്കാടാണ്. ഇവിടെനിന്ന് പെട്ടെന്ന് പ്ലാന്റിലേക്ക് പാല്‍ എത്തിക്കാനാകുമെന്നതിനാലാണ് മൂര്‍ക്കനാട് തിരഞ്ഞെടുത്തത്. ക്ഷീരകര്‍ഷകരില്‍നിന്നുള്ള മുഴുവന്‍ പാലും മില്‍മയ്ക്ക് സംഭരിക്കാനാകുമെന്നതാണ് പാല്‍പ്പൊടി പ്ലാന്റ് തയ്യാറാവുന്നതോടെയുള്ള നേട്ടം. ഒരുവര്‍ഷത്തിനകം പ്ലാന്റിന്റെ നിര്‍മാണം പൂര്‍ത്തിയാകും. പാല്‍പ്പൊടി നിര്‍മ്മാണത്തിനുള്ള പുതിയ ടെക്നോളജിയായ ടി.വി.ആര്‍.സാങ്കേതിക സംവിധാനമാണ് മില്‍മ ഉപയോഗപ്പെടുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News