കേന്ദ്രസർക്കാരിന്റെ പുതിയ നികുതി നിരക്ക്നിര്‍ദ്ദേശം അനാകര്‍ഷകവും ആശങ്കാജനകവുമാണെന്ന് സഹകരണ മന്ത്രി:194N സഹകരണമേഖലയുടെ നിലനിൽപ്പിനെ ബാധിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

adminmoonam

വളരെയേറെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്നു എന്ന നിലയില്‍ നിലവില്‍ 30% ആദായനികുതി, സര്‍ചാര്‍ജ്ജ്, സെസ് എന്നിവ നല്‍കി വരുന്ന സഹകരണസംഘങ്ങളെ കോര്‍പ്പറേറ്റ് കമ്പനികളുമായി തുല്യതപ്പെടുത്തുന്ന ടാക്‌സ് നിരക്കായ 22% ടാക്‌സ്, 10% സര്‍ചാര്‍ജ്ജ്, 4% സെസ് എന്ന നിലയിലേക്ക് കുറച്ച് കൊണ്ടുവരുന്നതിന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് കേന്ദ്ര ബഡ്ജറ്റിൽ പറഞ്ഞിരുന്നു.എന്നാൽ
22% ടാക്‌സ് നിരക്ക് സ്വീകരിക്കുന്ന (ഓപ്ഷൻ സ്വീകരിക്കുന്ന) സംഘങ്ങള്‍ക്ക് മറ്റ് കിഴിവുകളോ ഇളവുകളോ പ്രഖ്യാപനത്തില്‍ ഇല്ലെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ സജി ചെറിയാന്‍, ജോൺ ഫെർണാണ്ടസ്, കെ.വി. വിജയദാസ്, കെ.ആൻസലൻ എന്നീ എംഎല്‍എമാരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി കടകംപള്ളി.ഇക്കാരണത്താല്‍ തന്നെ പുതിയ നികുതി നിരക്ക് നിര്‍ദ്ദേശം സഹകരണ സംഘങ്ങളെ സംബന്ധിച്ച് അനാകര്‍ഷകവും ആശങ്കാജനകവുമാണെന്ന് മന്ത്രി പറഞ്ഞു.

റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തില്‍ വരാത്ത എല്ലാ സഹകരണ സംഘങ്ങള്‍ക്കും 1961-ലെ ആദായനികുതി നിയമത്തിലെ വകുപ്പ് 80 (പി) (2) പ്രകാരം ആദായനികുതി ഇളവ് അനുവദനീയമായിരുന്നു. എന്നാല്‍ 2006-ലെ ഫിനാന്‍സ് ആക്ടിലൂടെ ആദായനികുതി നിയമത്തിലെ 80 പി ചേര്‍ത്ത് പ്രാബല്യത്തില്‍ വരുത്തിയ പ്രകാരം പ്രാഥമിക കാര്‍ഷിക സഹകരണസംഘങ്ങള്‍, പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ എന്നിവ ഒഴികെയുള്ള സഹകരണസംഘങ്ങള്‍ക്ക് 80 പി അനുസരിച്ചുള്ള ആദായ നികുതി ഇളവ് നല്‍കേണ്ടതില്ലായെന്ന് ഇന്‍കംടാക്‌സ് വകുപ്പിന്റെ 20.09.2020-ലെ 6/2010 (F No.173(3)/44/2009-IT(A-I)സര്‍ക്കുലര്‍ പ്രകാരം ആദായനികുതി വകുപ്പ് നിര്‍ദ്ദേശം നല്‍കുകയും 2007-ലെ മേല്‍ കേന്ദ്രനിയമം അനുസരിച്ച് സഹകരണസംഘങ്ങള്‍ ആദായനികുതി കൊടുക്കണം എന്നതിന്റെ ചുവട് പിടിച്ച് മുന്‍കാലങ്ങളിലേത് ഉള്‍പ്പെടെ നിരവധി വര്‍ഷത്തെ സംഘങ്ങളുടെ ആദായത്തിന്മേല്‍ ആദായ നികുതി വകുപ്പ് നികുതി ഈടാക്കുന്നുണ്ട്.

കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങള്‍ക്ക് ബാങ്കുകള്‍ക്ക് സമാനമാണ് എന്ന് ചൂണ്ടിക്കാട്ടി അവരുടെ അതത് വര്‍ഷത്തെ ആദായത്തില്‍ നികുതി കണക്കാക്കി നല്‍കുന്നുണ്ട്. ഈ പ്രശ്‌നം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും മന്ത്രി സഭയിൽ പറഞ്ഞു.

കൂടാതെ കേന്ദ്ര ആദായ നികുതി നിയമത്തില്‍ പുതുതായി കൂട്ടിച്ചേര്‍ത്ത 194 N എന്ന വകുപ്പ് പ്രാബല്യത്തില്‍ വന്നതോടെ ഒരു വര്‍ഷം ഒരു കോടിയിലധികം രൂപ ബാങ്കുകളില്‍ നിന്നും കറന്‍സിയായി പിന്‍വലിക്കുന്നവരില്‍ നിന്നും 2% ആദായ നികുതി ഈടാക്കുന്നതിന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.എന്നാല്‍ ബാങ്കിംഗ് ബിസിനസ് നടത്തുന്ന സഹകരണസംഘങ്ങളെ ടി വകുപ്പിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ പ്രാഥമിക വായ്പാ സഹകരണബാങ്കുകള്‍ ബാങ്കിംഗ് ബിസിനസ് അല്ല ചെയ്യുന്നത് എന്ന് അഭിപ്രായപ്പെട്ട് പ്രാഥമിക സഹകരണ ബാങ്കുകളില്‍ നിന്ന് ആദായനികുതി ഈടാക്കണമെന്ന് കാണിച്ച് ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. സഹകരണമേഖലയുടെ നിലനില്‍പിനെ ബാധിക്കുന്നതാകയാല്‍ ആദായനികുതി വകുപ്പിന് കത്ത് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി സഭയിൽ പറഞ്ഞു.

സഹകരണമേഖലയുടെ നിലനില്‍പിനെ ബാധിക്കുന്നതാകയാല്‍ ആദായനികുതി നിയമത്തിലെ ബന്ധപ്പെട്ട സെക്ഷനുകളില്‍ മതിയായ ഭേദഗതി വരുത്തി സംസ്ഥാനത്തെ സഹകരണസംഘങ്ങള്‍ക്ക് ആദായനികുതി ഇളവ് ലഭ്യമാക്കുന്നതിന് 2.07.2018-ലും 17.08.2019-ലും 11.10.2019ലും കേന്ദ്രധനകാര്യവകുപ്പ് മന്ത്രി, കേന്ദ്ര കൃഷിവകുപ്പ് മന്ത്രി എന്നിവര്‍ക്ക് സഹകരണ വകുപ്പ് മന്ത്രി നിവേദനം സമര്‍പ്പിച്ചിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.

ഇക്കാര്യത്തില്‍ നിയമസഭ ഏകകണ്ഠമായ പ്രമേയം പാസാക്കി കേന്ദ്രത്തിന് അയച്ചു നല്‍കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും അനുകൂല നടപടി ഉണ്ടായിട്ടില്ലെന്ന് മന്ത്രി അറിയിച്ചു.

കര്‍ണ്ണാടകയിലെ കാര്‍ഷിക സഹകരണസംഘങ്ങള്‍ക്ക് ആദായനികുതി ഇളവ് നല്‍കിയതായ വാര്‍ത്ത മാധ്യമങ്ങളിലൂടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കേന്ദ്രആദായനികുതി നിയമത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും (കാര്‍ഷിക/കാര്‍ഷികേതര വ്യത്യാസം കൂടാതെ) ആദായനികുതി ഇളവ് ലഭ്യമാക്കാന്‍ കഴിയുന്നവിധം കേന്ദ്ര ആദായനികുതി നിയമത്തില്‍ ആവശ്യമായ മാറ്റം വരുത്തിക്കുന്നതിനായി പരിശ്രമം നടത്തുന്നുണ്ട്.

സംസ്ഥാന നിയമസഭ ഏകകണ്ഠമായ പ്രമേയത്തിലൂടെ ഈ ആവശ്യം കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ 2020-21 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പ്രഖ്യാപനത്തിലെ നികുതി ഘടന സഹകരണസംഘങ്ങളെ എപ്രകാരം ബാധിക്കും എന്നത് സംബന്ധിച്ച് പരിശോധിച്ച് കേരളത്തിലെ സഹകരണ സംഘങ്ങളുടെ ഉത്തമ താല്‍പര്യം സംരക്ഷിക്കുന്നതിന് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനുള്ള നടപടികള്‍ തുടരുന്നതാണെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.