കേന്ദ്രസഹകരണ മന്ത്രാലയത്തില്‍ 32 ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷനില്‍ നിയമിക്കുന്നു
മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘം നിയമത്തില്‍ ഭേദഗതി കൊണ്ടുവന്ന് നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സഹകരണ മന്ത്രാലയത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നു. ജൂനിയര്‍ കോഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍മുതല്‍ അഡിഷ്ണല്‍ രജിസ്ട്രാറുവരെയുള്ള തസ്തികകളില്‍ 32 പേരെയാണ് നിയമനം. കരാര്‍ അടിസ്ഥാനത്തില്‍ അഞ്ചുവര്‍ഷത്തേക്ക് നിയമിക്കാമെന്നാണ് തീരുമാനം.
അഡിഷ്ണല്‍ രജിസ്ട്രാര്‍, ജോയിന്റ് രജിസ്ട്രാര്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍, സീനിയര്‍ കോഓപ്പറേറ്റീവ് ഓഫീസര്‍, ജൂനിയര്‍ കോഓപ്പറേറ്റീവ് ഓഫീസര്‍ എന്നീ തസ്തികകളിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഇതില്‍ അഡീഷ്ണല്‍ രജിസ്ട്രാര്‍ രണ്ടുപേരെയും മറ്റ് തസ്തികകളില്‍ ആറുപേരെ വീതവുമാണ് നിയമിക്കുക. അഡിഷ്ണല്‍ രജിസ്ട്രാര്‍ക്ക് അഞ്ചുവര്‍ഷത്തേക്കാണ് നിയമനം. ജോയിന്റ് രജിസ്ട്രാര്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ എന്നിവര്‍ക്ക് നാലുവര്‍ഷവും മറ്റ് തസ്തികയിലുള്ളവര്‍ക്ക് മൂന്നുവര്‍ഷവും ആയിരിക്കും കാലവാധി. 56വയസ്സാണ് അപേക്ഷിക്കാനുള്ള പ്രായപരിധി.
നിയമനം സംബബന്ധിച്ചുള്ള മറ്റ് വിവരങ്ങള്‍, യോഗ്യത, മറ്റ് വ്യവസ്ഥകള്‍ എന്നിവയെല്ലാം കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ വെബ് സൈറ്റില്‍ നല്‍കിയിട്ടുണ്ട്. മെയ് 10നുള്ളില്‍ അപേക്ഷിക്കണം. ഇതേ തസ്തികയിലേക്ക് നേരത്തെ ഡെപ്യൂട്ടേഷന് അപേക്ഷ നല്കിയ ജീവനക്കാര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ലെന്ന് കേന്ദ്ര സഹകരണ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ ആര്ബിട്രേഷന്, ലിക്വഡേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കാലതാമസം നേരിടുന്നുവെന്ന പരാതി ഉയരുന്നുണ്ട്. ഇതിനൊപ്പമാണ് സംഘങ്ങളുടെ ഓഡിറ്റ്, ഇന്സ്പെക്ഷന് തുടങ്ങിയ കാര്യങ്ങള്‍ കാര്യക്ഷമമാക്കാന്‍ വകുപ്പ് തീരുമാനിച്ചത്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് 32 ഉദ്യോഗസ്ഥരെ കരാര്‍ വ്യവസ്ഥയില്‍ ഡെപ്യൂട്ടേഷനില്‍ നിയമിക്കാന്‍ തീരുമാനിച്ചത്.