കേന്ദ്രസര്‍ക്കാരിന്റെ മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ സംഘങ്ങള്‍ കേരളം ടാര്‍ജറ്റ് മേഖലയാക്കും

moonamvazhi

കാര്‍ഷിക മേഖലയില്‍ ഉല്‍പാദനം, സംഭരണം, വിപണനം എന്നിവ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ തുടങ്ങുന്ന പുതിയ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ കേരളത്തെ ടാര്‍ജറ്റ് മേഖലയാക്കി മാറ്റും. ഏറ്റവും വിപണിസാധ്യതയുള്ള സംസ്ഥാനം എന്നതും കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് കേന്ദ്രീകൃത സംഭരണ വിതരണ സംവിധാനം ഇല്ല എന്നതുമാണ് കേരളത്തെ പ്രത്യേകമായി പരിഗണിക്കാന്‍ കാരണം.

കാര്‍ഷിക-മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുടെ ആഭ്യന്തര-വിദേശ വിപണി ഉറപ്പാക്കാന്‍ മൂന്ന് മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ തുടങ്ങാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്ത്യയാകെ പ്രവര്‍ത്തന പരിധിയാക്കി ഇത്തരം സംഘങ്ങള്‍ക്ക് രൂപം നല്‍കാന്‍ കേന്ദ്രമന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. ദേശീയ വിത്ത് സംഘം, ദേശീയ ജൈവോത്പന്ന സഹകരണസംഘം, ദേശീയ കയറ്റുമതി സഹകരണസംഘം എന്നിങ്ങനെയാണ് ഈ മൂന്ന് സംഘങ്ങള്‍. മൂന്ന് സംഘങ്ങളാണെങ്കിലും ഇവയ്ക്കാകെ കേന്ദ്രീകൃതമായ ഒരു പദ്ധതിയാണ് കേന്ദ്രസഹകരണ മന്ത്രാലയം തയ്യാറാക്കിയിട്ടുള്ളത്. ആ പദ്ധതി നടപ്പാക്കാന്‍ മൂന്ന് പ്രവര്‍ത്തന മേഖലകളിലായി മൂന്ന് സംഘങ്ങള്‍ക്ക് രൂപം നല്‍കി എന്ന് മാത്രമേയുള്ളൂ.

ഓരോ സംസ്ഥാനത്തെയും പ്രാഥമിക സംഘങ്ങളെയാണ് ഈ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ ലക്ഷ്യമിടുന്നത്. പ്രാഥമിക സംഘങ്ങള്‍ക്ക് സഹായം നല്‍കി അവരിലൂടെ പ്രാദേശിക തലത്തില്‍ ഉല്‍പാദനവും സംഭരണവും സാധ്യമാക്കും. ഇത് സംഘങ്ങളില്‍നിന്ന് മള്‍ട്ടി സ്റ്റേറ്റ് സഹകരണം സംഘം ഏറ്റെടുക്കും. ഇത്തരം ഉല്‍പന്നങ്ങള്‍ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളാക്കാനുള്ള സംരംഭങ്ങളും തുടങ്ങും. ഈ സംരംഭങ്ങളും പ്രാഥമിക സംഘങ്ങള്‍ക്ക് തുടങ്ങാം. ഇവയ്‌ക്കെല്ലാം കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സഹായവും സബ്‌സിഡിയും ഉറപ്പാക്കും. അതിനുള്ള ഏജന്‍സിയായി കൂടി ഈ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കും. ഇതാണ് കേന്ദ്രപദ്ധതിയുടെ ഏകദേശ രൂപരേഖ.

കേരളത്തിലെ സഹകരണ സംഘങ്ങള്‍ ഇതിനോട് എത്രത്തോളം സഹകരിക്കുമെന്നത് പ്രധാനമാണ്. കേന്ദ്രസര്‍ക്കാരിന്റെ സഹകരണ ഇടപെടലുകള്‍ക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന ആരോപണം ഇവിടുത്തെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ക്കുണ്ട്. രാജ്യത്ത് ഏറ്റവും സാമ്പത്തിക അടിത്തറയുള്ളതും ശക്തമായതുമായ പ്രാഥമിക സഹകരണ മേഖലയുള്ളത് കേരളത്തിലാണ്. ഈ പ്രാഥമിക സംഘങ്ങള്‍ കേന്ദ്ര മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതോടെ സംസ്ഥാനത്തെ സഹകരണ സ്വഭാവത്തിന് മാറ്റം വരും. ഈ ആശങ്ക സര്‍ക്കാര്‍ തലത്തിലുമുണ്ട്.

കേരള സര്‍ക്കാരിന്റെ എതിര്‍പ്പ് നിയമപരമായി നിലനില്‍ക്കില്ലെന്നാണ് കേന്ദ്ര മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘത്തിന്റെ ഭാഗമായി നില്‍ക്കുന്നവരുടെ വിശദീകരണം. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാകും. ഇതിന്റെ സാധ്യതകള്‍ വിശദീകരിച്ച് പ്രാഥമിക സംഘങ്ങളെ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘത്തിന്റെ ഭാഗമാക്കാനുള്ള പ്രവര്‍ത്തനമാകും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുക. അതിനാല്‍, കേന്ദ്രസര്‍ക്കാരിന്റെ പുതിയ സഹകരണ ദൗത്യം കേരളത്തെ എങ്ങനെ ബാധിക്കുമെന്നത് കാത്തിരുന്ന് അറിയേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Latest News