കേന്ദ്രത്തിലേക്കു കണ്‍തുറന്നിരിക്കണം

[mbzauthor]

സഹകരണമേഖലയുടെ ദേശീയമുഖം അടിമുടി മാറുകയാണ്. ബാങ്കിങ് നിയന്ത്രണനിയമത്തിലെ ഭേദഗതിയില്‍ തുടങ്ങിയതാണ് ആ മാറ്റം. ഇതിനു പിന്നാലെ റിസര്‍വ് ബാങ്കിന്റെ പരിഷ്‌കരണനടപടികള്‍ തുടങ്ങി. കേന്ദ്രത്തില്‍ പുതിയ സഹകരണമന്ത്രാലയം രൂപംകൊണ്ടു. സഹകരണ മന്ത്രാലയത്തിന്റെ പരിഷ്‌കാരങ്ങള്‍ ഏതൊക്കെ വിധത്തിലാണെന്നതിന്റെ പുറമേക്കുള്ള കാഴ്ചകളേ ഇതുവരെ വ്യക്തമായിട്ടുള്ളൂ. ദേശീയ സഹകരണനയം പുതുക്കിയിറക്കുന്നു എന്നതാണ് ഇതില്‍ ആദ്യത്തേത്. മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘംനിയമത്തില്‍ ഭേദഗതി വരുത്തുന്നതാണു രണ്ടാമത്തേത്. ഈ രണ്ടു കാര്യങ്ങള്‍ക്കുമൊപ്പം മറ്റു ഭരണപരിഷ്‌കരണം വേറെയും തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ എല്ലാ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്കുമായി ഏകീകൃത ബൈലോ കൊണ്ടുവരാനുള്ള ശ്രമമാണ് ഇതിലൊന്ന്. എല്ലാ സംസ്ഥാനങ്ങളിലേയും സഹകരണ സംഘങ്ങളുടെ വിവരശേഖരണവും കേന്ദ്രീകരണവും കേന്ദ്രതലത്തിലേക്കു മാറ്റുന്നതാണു മറ്റൊന്ന്. ഇതിനു കേന്ദ്രതലത്തില്‍ ഡേറ്റ സെന്റര്‍ തുടങ്ങുമെന്നു സഹകരണമന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വിവരങ്ങള്‍ വിശകലനം ചെയ്തു പദ്ധതിയാസൂത്രണവും ഫണ്ട് വിതരണവും നടത്താനാണു ലക്ഷ്യമിടുന്നതെന്നു കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളെ അറിയിച്ചിട്ടുണ്ട്. ഇതെല്ലാം ഏകപക്ഷീയമായ മാറ്റമാണെന്നു പറയാനാവില്ല. എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും അഭിപ്രായം തേടി, വിപുലമായ ചര്‍ച്ചകള്‍ സംഘടിപ്പിച്ച്, ഓരോ സംസ്ഥാനത്തിനും അവരുടെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അവസരം നല്‍കിക്കൊണ്ടാണു മാറ്റം കൊണ്ടുവരുന്നത്.

കേന്ദ്രത്തിലെ ഇത്തരം നടപടികള്‍ വേണ്ടത്ര ഗൗരവത്തോടെ കേരളം ഉള്‍ക്കൊണ്ടിട്ടുണ്ടോയെന്നതില്‍ സംശയമുണ്ട്. സഹകരണം സംസ്ഥാന വിഷയമാണെന്നും അതില്‍ കേന്ദ്രസര്‍ക്കാര്‍ കടന്നുകയറ്റം നടത്തുകയാണെന്നുമുള്ള വിമര്‍ശനം സംസ്ഥാനത്തിനുണ്ട്. അതു സര്‍ക്കാരടക്കം പരസ്യമായി വ്യക്തമാക്കിയതുമാണ്. ആ വിമര്‍ശനത്തില്‍ ഒതുങ്ങുകയാണു നമ്മുടെ ഗൗരവം. ഇതൊരു രാഷ്ട്രീയ വിലയിരുത്തലാണ്. അതിനപ്പുറം സഹകരണമേഖലയുടെ വീക്ഷണത്തില്‍നിന്നുള്ള പരിശോധനയാണ് ഇല്ലാതെ പോകുന്നത്. കേന്ദ്രത്തിന്റെ നടപടിയില്‍ സംസ്ഥാനം ഏതൊക്കെ രീതിയില്‍ ഇടപെടുന്നു എന്നതു പ്രധാനമാണ്. സംസ്ഥാനസര്‍ക്കാരിന് അതില്‍ ഇടപെടാനുള്ള അവസരം ഉപയോഗപ്പെടുത്തുകയാണു വേണ്ടത്. സഹകരണമന്ത്രാലയത്തിന്റെ സഹകരണപരിഷ്‌കാരങ്ങളില്‍ സംസ്ഥാനത്തിന്റെ അഭിപ്രായം തേടുന്ന ഘട്ടത്തിലാണ് അതു പ്രാഥമികമായി ഉപയോഗപ്പെടുത്തേണ്ടത്. കേന്ദ്ര സഹകരണനയം രൂപപ്പെടുത്താനുള്ള ചര്‍ച്ചയില്‍ വകുപ്പുസെക്രട്ടറിയും സഹകരണ സംഘം രജിസ്ട്രാറുമെല്ലാം വിവിധ ഘട്ടത്തില്‍ പങ്കെടുത്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ സഹകരണമേന്മ ഉള്‍ക്കൊണ്ട് ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ അവര്‍ മുന്നോട്ടുവെച്ചിട്ടുമുണ്ട്. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്ക് ഏകീകൃത ബൈലോ നടപ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങളിലും കേരളം അഭിപ്രായം അറിയിച്ചിട്ടുണ്ട്. ഇതിലൊന്നിലും ഇത്തരം പരിഷ്‌കരണങ്ങളില്‍ കേരളത്തിന് എന്തെങ്കിലും ആശങ്കയുള്ളതായി അറിയിച്ചിട്ടില്ല. സഹകരണ സംഘങ്ങളുടെ വിവരം കേന്ദ്രം ശേഖരിച്ച് ഉപയോഗിക്കുമെന്നതു ഗൗരവമുള്ള കാര്യമാണ്. സംഘങ്ങളിലെ ഡേറ്റ നിയന്ത്രണം നേരിട്ട് കേന്ദ്രത്തിന്റെ കൈകളിലാകുന്ന പരിഷ്‌കരണമാണത്. ഇതില്‍ കേരളം അഭിപ്രായമേ അറിയിച്ചിട്ടില്ല. സഹകരണമേഖലയില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാക്കുന്ന നിര്‍ദേശങ്ങളാണു കേന്ദ്രം പ്രത്യക്ഷത്തില്‍ അറിയിച്ചിട്ടുള്ള കാര്യങ്ങളിലേറെയും. ‘അജണ്ട’ യാണ് ആശങ്കയായി സംസ്ഥാനം ചൂണ്ടിക്കാട്ടുന്നത്. ഈ അജണ്ട തിരിച്ചറിയണമെങ്കില്‍ കേന്ദ്രനടപടികള്‍ പഠിക്കുകയും വിലയിരുത്തുകയും അതിനനുസരിച്ച് ഇടപെടുകയും വേണം. കണ്‍തുറന്നു കണ്ട് ഇടപെടാനായില്ലെങ്കില്‍ സഹകാരികളുടെ വിലാപം രാഷ്ട്രീയമുദ്രാവാക്യം മാത്രമായി ഒതുങ്ങിപ്പോകും. ഒരുപാട് സഹകാരികളുടെ വിയര്‍പ്പില്‍ വിളയിച്ചെടുത്ത ഈ പ്രസ്ഥാനത്തെയാണ് അതു ദുര്‍ബലപ്പെടുത്തുക.

[mbzshare]

Leave a Reply

Your email address will not be published.