കേന്ദ്രത്തിന്റെ മള്‍ട്ടി സ്‌റ്റേറ്റ് സംഘ രൂപീകരണത്തിനെതിരെ നിയമനടപടിക്ക് സര്‍ക്കാര്‍
കേന്ദ്രസര്‍ക്കാര്‍ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ രൂപീകരിക്കുന്നതിന് നിയമപരവും ഔദ്യോഗികവുമായ പ്രതിരോധം സംഘടിപ്പിക്കുമെന്ന് സഹകരണ മന്ത്രി വി.എന്‍.വാസവന്‍ വ്യക്തമാക്കി. മൂന്ന് മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളാണ് നിലവില്‍ രൂപീകരിച്ചിട്ടുള്ളത്. ഗുണമേന്മയുള്ള വിത്തുകളുടെ ഉല്‍പാദനം, സംഭരണം, സംസ്‌കരണം, ബ്രാന്‍ഡിങ്, വിതരണം എന്നിവയ്ക്കുള്ള അന്തര്‍ സംസ്ഥാന സഹകരണ സംഘം, ജൈവ ഉല്‍പന്നങ്ങള്‍ക്കായുള്ള സഹകരണ സംഘം, സഹകരണ മേഖലയില്‍നിന്നുള്ള കയറ്റുമതി പ്രോത്സാഹിപ്പിക്കാനുള്ള അന്തര്‍ സംസ്ഥാന സഹകരണ സംഘം എന്നിവയാണിത്.
എന്നാല്‍, ഈ സംഘങ്ങളിലൊതുക്കാതെ വ്യാപകമായി സമാനരീതിയില്‍ സംഘങ്ങള്‍ തുടങ്ങാനാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു. രാജ്യത്തെ പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങള്‍, ഡയറി സംഘങ്ങള്‍, മത്സ്യസംഘങ്ങള്‍ എന്നിവയുടെ അടിസ്ഥാന വിവരങ്ങള്‍ സംസ്ഥാനങ്ങളില്‍നിന്ന് ശേഖരിക്കുന്നത് ഇതിനാണ്. ഈ വിവരങ്ങള്‍ ഉപയോഗപ്പെടുത്തി വിവിധ പ്രദേശങ്ങളില്‍ കേന്ദ്രനിയമപ്രകാരം മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തിന് കൃത്യമായ നിയന്ത്രണങ്ങളില്ലെന്നതാണ് പ്രശ്‌നമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘം നിയമം പാസാക്കിയത് കേന്ദ്രസര്‍ക്കാരാണ്. ഇത്തരം സംഘങ്ങള്‍ക്ക് നിക്ഷേപം സ്വീകരിക്കുന്നതിനും വായ്പ നല്‍കുന്നതിനും പലിശ നിശ്ചയിക്കുന്നതിനും വ്യക്തമായ മാനദണ്ഡങ്ങളോ നിയന്ത്രണങ്ങളോ ഇല്ല. അതിനാല്‍, ഇത്തരം സംഘങ്ങള്‍ സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ പ്രവര്ഡത്തനത്തെ ദോഷകരമായി ബാധിക്കുന്നതും സഹകരണ മേഖലയുടെ വിശ്വാസ്യത തകര്‍ക്കുന്നതുമാണെന്ന് മന്ത്രി സഭയില്‍ അറിയിച്ചു.