കേന്ദ്രം തേടുന്ന വിവരങ്ങളില്‍ നിയമന രീതി മുതല്‍ സഹകരണ സംഘം ഭരണസമിതി അംഗങ്ങളുടെ യോഗ്യതവരെ
നാഫെഡ് പോലുള്ള കേന്ദ്ര സഹകരണ ഏജന്‍സികള്‍ മുഖേന കേന്ദ്രസഹകരണ മന്ത്രാലയം സഹകരണ സംഘങ്ങളില്‍നിന്ന് വിവര ശേഖരണം നടത്തുന്നതിനെ ആശങ്കയോടെ കാണണോയെന്ന ചോദ്യം സഹകാരികളിലുണ്ട്. പദ്ധതി ആസൂത്രണത്തിനും പദ്ധതി വിഹിതം ശരിയായ അളവില്‍ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് സഹകരണ സംഘങ്ങളുടെ വിവരശേഖരണം നടത്തുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. കേന്ദ്രത്തിന്റെ പല സഹകരണ പരിഷ്‌കാരങ്ങളില്‍ ഒന്നാണ് കേന്ദ്രീകൃത സഹകരണ ഡേറ്റ സെന്റര്‍.
രാജ്യത്തെ എല്ലാസഹകരണ സംഘങ്ങളുടെയും വിവരങ്ങള്‍ ഒറ്റപോയിന്റില്‍ ലഭ്യമാകുന്നതാണ് കേന്ദ്ര സഹകരണ ഡേറ്റ സെന്റര്‍ എന്നാണ് സഹകരണ മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്. എന്തൊക്കെ വിവരങ്ങളാണ് ഓരോ സംഘങ്ങളും നല്‍കേണ്ടത് എന്നതിന് രൂപരേഖ ഉണ്ടാക്കിയിട്ടുണ്ട്. രണ്ടുവിഭാഗങ്ങളായാണ് സംഘങ്ങള്‍ കേന്ദ്രത്തിന് വിവരങ്ങള്‍ കൈമാറേണ്ടതെന്നാണ് സംസ്ഥാനത്തിന് ലഭിച്ച അറിയിപ്പിലുള്ളത്. സ്റ്റാറ്റിക് ബ്ലോക്ക്, ഡൈനാമിക ബ്ലോക്ക് എന്നിങ്ങനെയാണ് ഈ രണ്ടുവിഭാഗങ്ങള്‍. ഇവ ഓരോന്നിലും എന്തൊക്കെ കാര്യങ്ങളാണ് നല്‍കേണ്ടതെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. അത് ഓണ്‍ലൈനായി നല്‍കണം.
പ്രാഥമിക സഹകരണ സംഘങ്ങളുടെ ബിസിനസ് വിവരങ്ങള്‍ ഡേറ്റ് സെന്ററില്‍ ഉള്‍പ്പെടുത്തുന്നതിനോട് വിയോജിപ്പുകള്‍ ചില സംസ്ഥാനങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. അതത് സംസ്ഥാനങ്ങളില്‍ വരുത്തേണ്ട ക്രമീകരണവും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. കേരളം ഇത് സംബന്ധിച്ച് ഒരു നിലപാടും കേന്ദ്രത്തെ അറിയിച്ചിട്ടില്ല. വിവരകൈമാറ്റത്തെ എതിര്‍ത്തിട്ടുമില്ല.
ഡിജിറ്റല്‍ പ്ലാറ്റ് ഫോമിന്റെ ഭാഗമായി തയ്യാറാക്കിയ മാതൃക ടെംപ്ലേറ്റ് സഹിതമായിരുന്നു സംസ്ഥാനങ്ങളെ ഇക്കാര്യം അറിയിച്ചത്. ഇതില്‍ ഓരോ ടെംപ്ലേറ്റിലും നല്‍കേണ്ട വിവരങ്ങള്‍ എന്താണെന്നും വിശദീകരിച്ചിരുന്നു. കേന്ദ്ര ഡേറ്റ സെന്ററിലേക്ക് വിവരങ്ങള്‍ കൈമാറുന്നതിലെ ആശങ്ക ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ഒരു ശില്പശാല കൂടി നടത്തിയ ശേഷമായിരിക്കും ഡിജിറ്റല്‍ ഡേറ്റ പ്ലാറ്റ് ഫോമിന് അന്തിമരൂപം നല്‍കുകയെന്നാണ് കേന്ദ്ര സഹകരണ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. നിലവില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ മാതൃകയില്‍ സ്റ്റാറ്റിക്‌ഡൈമാനിക് എന്നീ രണ്ടുവിഭാഗത്തിലായി അഞ്ചുവീതം ബ്ലോക്കുകളായാണ് വിവരങ്ങള്‍ കൈമാറാനുള്ള ടെംപ്ലേറ്റ് തയ്യാറാക്കിയിട്ടുള്ളത്.
ഐഡന്റിഫിക്കേഷന്‍ ബ്ലോക്ക്, പെര്‍ട്ടിക്കുലര്‍ ബ്ലോക്ക്, ഓപ്പറേറ്റീവ് ഡീറ്റെയില്‍ ബ്ലോക്ക്, ഡീറ്റെയില്‍സ് ഓഫ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ബ്ലോക്ക്, യൂസ് ഓഫ് ഐ.സി.ടി. ബ്ലോക്ക് എന്നിവയാണ് സ്റ്റാറ്റിക് വിഭാഗത്തിലെ അഞ്ച് ബ്ലോക്കുകള്‍. ഒരു സംഘത്തില്‍ ദീര്‍ഘ കാലത്തേക്ക് മാറ്റമില്ലാതെ തുടരുന്ന വിവരങ്ങളാണ് ഇതിലുള്ളത്. ഈ വിവരങ്ങള്‍ നല്‍കിയാലും, ഒരോ മൂന്നുവര്‍ഷത്തിലും ഈ വിവരങ്ങള്‍ ഡേറ്റ സെന്ററിലേക്ക് പുതുക്കി നല്‍കണമെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്.
ഡൈനാമിക് വിഭാഗത്തില്‍ ഓരോ സാമ്പത്തിക വര്‍ഷാവസാനത്തിലും പുതുക്കി നല്‍കേണ്ട വിവരങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. സംഘത്തിന്റെ സാമ്പത്തികവും പ്രവര്‍ത്തനപരവുമായി വിവരങ്ങളാണ് ഇതില്‍ നല്‍കേണ്ടത്. എപ്ലോയ്‌മെന്റ് ആന്‍ഡ് ലേബര്‍ കോസ്റ്റ് ബ്ലോക്ക്, വരുമാനവും ചെലവും, ആസ്തിയും ബാധ്യതകളും, സാധനങ്ങളും സേവനങ്ങളും, വെരിഫിക്കേഷന്‍ ആന്‍ഡ് സബ്മിഷന്‍ ബ്ലോക്ക് എന്നിവയാണ് ഇതിലെ അഞ്ച് ടെംപ്ലേറ്റുകള്‍. ജീവനക്കാരുടെ നിയമനരീതികള്‍, യോഗ്യത, ചീഫ് എക്‌സിക്യുട്ടീവിന്റെ നിയമനം, ഭരണസമിതി അംഗങ്ങളുടെ വിദ്യാഭ്യാസ യോഗ്യത എന്നിവയെല്ലാം ഇതിലുണ്ട്. സംഘത്തിന്റെ മിനുറ്റ്‌സ് വിവരങ്ങള്‍ വരെ കൃത്യമായി കേന്ദ്രത്തെ അറിയിക്കണം.
ഈ വിവരങ്ങള്‍ ആര് നല്‍കണമെന്നത് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശിക്കമെന്ന് അറിയിച്ചിരുന്നു. വകുപ്പ് ഉദ്യോഗസ്ഥര്‍, അപ്പക്‌സ് സ്ഥാപന അധികാരികള്‍, സഹകരണ യൂണിയന്‍, സംഘം ചീഫ് എക്‌സിക്യൂട്ടീവ് എന്നിങ്ങനെ വിവരങ്ങള്‍ കൈമാറുന്നവരെ നിശ്ചയിക്കാം. ഇതും സംസ്ഥാനങ്ങളുടെ സഹകരണ ഘടനയും പ്രവര്‍ത്തന രീതിയും വിലയിരുത്തി നിര്‍ദ്ദേശിക്കാമെന്നാണ് കേന്ദ്രം നല്‍കുന്ന നിര്‍ദ്ദേശം.
[mbzshare]