കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍; സഹകരണ ബാങ്കുകള്‍ക്ക് നല്‍കുന്ന പലിശയില്‍ ധാരണയായില്ല
കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ നല്‍കുന്നതിന് സഹകരണ ബാങ്കുകളില്‍നിന്ന് സ്വീകരിക്കുന്ന ഫണ്ടിന് നല്‍കുന്ന പലിശയില്‍ തീരുമാനമായില്ല. നിലവിലെ പലിശ നിരക്കില്‍ മാറ്റം വരുത്തണമെന്ന സഹകരണ സംഘങ്ങളുടെ ആവശ്യം അംഗീകരിക്കാന്‍ ധനവകുപ്പ് തയ്യാറാകാത്തതാണ് കാരണം. എട്ടരശതമാനത്തില്‍ കൂടുതല്‍ പലിശ നല്‍കണമെന്നാണ് സഹകരണ സംഘങ്ങളുടെ ആവശ്യം. ഇത് അംഗീകരിക്കാത്തതിനാല്‍ പെന്‍ഷന്‍ഫണ്ട് സഹകരണ ബാങ്കുകളില്‍നിന്ന് സ്വീകരിക്കുന്നത് മുടങ്ങിയിരിക്കുകയാണ്.
പെന്‍ഷന്‍ നല്‍കാന്‍ കഴിയാതെ കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍കാര്‍ ആത്മഹത്യ ചെയ്യുന്ന ഘട്ടത്തിലാണ് ഫണ്ട് നല്‍കാന്‍ സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നത്. 2018 മുതല്‍ സഹകരണബാങ്കുകള്‍ വഴിയാണ് പെന്‍ഷന്‍ നല്‍കുന്നത്. സഹകരണ കണ്‍സോര്‍ഷ്യം വായ്പായായി പെന്‍ഷന്‍ തുക വിതരണം ചെയ്യുകയും സര്‍ക്കാര്‍ പിന്നീട് ആ തുക നല്‍കുകയും ചെയ്യും. എട്ടുശതമാനം പലിശയാണ് നല്‍കുന്നത്. നിക്ഷേപത്തിനുള്ള പലിശ ഉയര്‍ന്നതിനാല്‍ വായ്പനിരക്കിലും മാറ്റം വേണമെന്നാണ് ഇപ്പോള്‍ സഹകരണ ബാങ്കുകള്‍ ഉന്നയിച്ചത്.
വായ്പാ പലിശ നിരക്കിലെ തര്‍ക്കം നാലുമാസത്തിലേറെയായി പരിഹരിക്കപ്പെടാതെ തുടരുകയാണ്. സര്‍ക്കാര്‍ നേരിട്ട് പണം നല്‍കിയാണ് ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ നല്‍കുന്നത്. സര്‍ക്കാര്‍ 71 കോടി രൂപ ഇപ്പോള്‍ അനുവദിച്ചിട്ടുണ്ട്. ട്രാന്‍സ്‌പോര്‍ട്ട് പെന്‍ഷനേഴ്‌സ് ഫ്രണ്ട് ഹൈക്കോടതിയില്‍ നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയില്‍ ഈയാഴ്ച തന്നെ പെന്‍ഷന്‍ നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പണം നല്‍കിയത്.