കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍: സഹകരണ ബാങ്ക് വിഹിതത്തിന് പലിശ കുറയ്ക്കാന്‍ ആലോചന
കെ.എസ്.ആര്‍.ടി.സി.യില്‍ പെന്‍ഷന്‍ കൊടുക്കാന്‍ സഹകരണ ബാങ്കുകള്‍ നല്‍കുന്ന പണത്തിന് പലിശ നിരക്ക് കുറയ്ക്കാന്‍ ആലോചിക്കുന്നു. ഇപ്പോള്‍ ഉയര്‍ന്ന പലിശയാണ് നല്‍കുന്നതെന്നും, ഇത് കാലോചിതമായി പരിഷ്‌കരിക്കണമെന്നുമാണ് ധനവകുപ്പിന്റെ നിലപാട്.
2018-ലാണ് കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ നല്‍കുന്നതിന് സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ചത്. അന്നുണ്ടാക്കിയ ധാരണപത്രം അനുസരിച്ച് സഹകരണ ബാങ്കുകള്‍ക്ക് 10 ശതമാനം പലിശ നല്‍കുമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇതാണ് ഇപ്പോഴും തുടരുന്നത്. സഹകരണ ബാങ്കുകള്‍ സ്വീകരിക്കുന്ന നിക്ഷേപത്തിന് അന്ന് 9.5 ശതമാനം വരെ പലിശ നല്‍കിയിരുന്നു. അതുകൊണ്ടാണ് പത്ത് ശതമാനം പലിശ നല്‍കാന്‍ തീരുമാനിച്ചതെന്നാണ് ധനവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നുത്.
സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന് ഇപ്പോള്‍ ഏഴ് ശതമാനംവരെയാണ് പലിശ. അതിനാല്‍, നിക്ഷേപ പലിശയേക്കാള്‍ ഒരുശതമാനത്തിലധികം കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ കണ്‍സോര്‍ഷ്യത്തിന് നല്‍കുന്ന പണത്തിന് പലിശ നല്‍കുന്നത് ഉചിതമല്ലെന്നും ധനകാര്യവകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. പെന്‍ഷന് വേണ്ടി സഹകരണ ബാങ്കുകള്‍നല്‍കുന്ന പണത്തിന് പലിശ കൊടുക്കുന്നത് സര്‍ക്കാരാണ്. ഈ ഇനത്തില്‍ സര്‍ക്കാരിന് 119 കോടി രൂപ നല്‍കേണ്ടി വന്നു. പുതിയ കരാറുണ്ടാക്കുമ്പോള്‍ പലിശ കുറയ്ക്കണമെന്നാണ് ധനവകുപ്പിന്റെ ആവശ്യം.
കെ.എസ്.ആര്‍.ടി.സി.യുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ വാണിജ്യ ബാങ്കുകളുടെ ബാങ്ക് കണ്‍സോര്‍ഷ്യം രൂപീകരിച്ച് വായ്പ എടുത്തിരുന്നു. ഈ വായ്പയ്ക്ക് 8.8 ശതമാനം പലിശയാണ് കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് ഈടാക്കുന്നത്. ഇതേ നിരക്കില്‍ സഹകരണ സംഘങ്ങളുടെ വായ്പയും ക്രമീകരിക്കണമെന്നതാണ് ധനവകുപ്പിന്റെ ആവശ്യം.
38 കോടിരൂപയാണ് ഒരുമാസം കെ.എസ്.ആര്‍.ടി.സി.ക്ക് പെന്‍ഷന്‍ നല്‍കാനായി വേണ്ടത്. ഓരോമാസവും നിശ്ചിത പ്രാഥമിക സഹകരണ ബാങ്കുകളാണ് ഈ വിഹിതം നല്‍കുന്നത്. 2020 മാര്‍ച്ചില്‍ കരാര്‍ അവസാനിച്ചപ്പോള്‍ രണ്ടുമാസം പെന്‍ഷന്‍ മുടങ്ങി. ജുലായ് അഞ്ചിനാണ് പുതിയ കരാര്‍ ഒപ്പിട്ടത്. കെ.എസ്.ആര്‍.ടി.സി സി എംഡി, സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് എം.ഡി, ധനകാര്യ അഡിഷണല്‍ ചീഫ് സെക്രട്ടറി എന്നിവരാണ് ധാരണപത്രത്തില്‍ ഒപ്പിടുന്നത്.