കെ.എസ്.ആര്‍.ടി.സി. പെന്‍ഷന് സഹകരണ ബാങ്കുകള്‍ക്ക് നല്‍കുന്ന പലിശയില്‍ തര്‍ക്കം

moonamvazhi

കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ നല്‍കാന്‍ സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും പലിശയില്‍ തര്‍ക്കം തുടരുന്നു. ഒമ്പത് ശതമാനം പലിശ ലഭിക്കണമെന്നായിരുന്നു സഹകരണ ബാങ്കുകള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഇതിന് ധനവകുപ്പ് തയ്യാറായിരുന്നില്ല. ഒടുവില്‍ 8.8ശതമാനം പലിശയ്ക്ക് സഹകരണ ബാങ്കുകളില്‍നിന്ന് വായ്പയെടുക്കാമെന്നാണ് ധാരണയിലെത്തിയത്. അതനുസരിച്ചാണ് കണ്‍സോര്‍ഷ്യം രൂപീകരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍, ആ പലിശയും അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് ഇപ്പോള്‍ ധനവകുപ്പ് സ്വീകരിച്ചിരിക്കുന്നത്.

സഹകരണ ബാങ്കുകളില്‍നിന്ന് ഫണ്ട് ശേഖരിക്കണമെങ്കില്‍ ആദ്യം കണ്‍സോര്‍ഷ്യം രൂപീകരിക്കണം. ഇതിന് മുന്നോടിയായി ത്രികക്ഷി കരാര്‍ ഒപ്പുവെക്കേണ്ടതുണ്ട്. സഹകരണ കണ്‍സോര്‍ഷ്യത്തില്‍നിന്നുള്ള ഫണ്ട് കൈകാര്യം ചെയ്യാനുള്ള ചുമതല കേരളബാങ്കിനാണ്. കേരളബാങ്ക്, കെ.എസ്.ആര്‍.ടി.സി., ധനവകുപ്പ് എന്നിവ ചേര്‍ന്നാണ് ത്രികക്ഷി കരാര്‍ ഉണ്ടാക്കേണ്ടത്. ഇതിനുള്ള ഫയല്‍ ധനവകുപ്പ് തിരിച്ചയച്ചതായാണ് വിവരം. പലിശയിലെ തര്‍ക്കം തന്നെയാണ് ഇതിനുള്ള കാരണം.

കെ.എസ്.ആര്‍,ടി.സി.ക്ക് സര്‍ക്കാര്‍ അനുവദിക്കുന്ന സാമ്പത്തിക സഹായത്തില്‍നിന്നാണ് പെന്‍ഷന്‍കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നത്. എന്നാല്‍, സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ എല്ലാമാസവും സര്‍ക്കാരിന് പണം അനുവദിക്കാന്‍ കഴിയുന്നില്ല. ഇതോടെ പെന്‍ഷന്‍ നല്‍കുന്നതും മുടങ്ങി. ഇത്തരമൊരു പ്രശ്‌നം നേരിടാതിരിക്കാനാണ് സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് പണം കണ്ടെത്താന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സി.ക്ക് നല്‍കുന്ന സാമ്പത്തിക സഹായത്തില്‍നിന്ന് സഹകരണ ബാങ്കുകള്‍ക്ക് പണം തിരിച്ചുനല്‍കാമെന്നാണ് ധാരണ.

8.5 ശതമാനത്തില്‍ കൂടുതല്‍ പലിശ നല്‍കാനാവില്ലെന്ന നിലപാടാണ് ധനവകുപ്പ് നേരത്തെ സ്വീകരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ മുടങ്ങുന്നതിനെതിരെ അവരുടെ സംഘടന ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പെന്‍ഷന്‍ മുടങ്ങുന്നത് സംബന്ധിച്ച് നേരത്തെയും ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടുണ്ട്. കുടിശ്ശിക തീര്‍ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചതാണ്. ഇതാണ് സഹകരണ കണ്‍സോര്‍ഷ്യം രൂപീകരിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ വേഗത്തില്‍ ഇറക്കിയത്. പെന്‍ഷന്‍കാരുടെ സംഘടന ഹരജി ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഇതിന് മുമ്പായി കണ്‍സോര്‍ഷ്യം ഫണ്ട് യാഥാര്‍ത്ഥ്യമാകാത്തതിനാല്‍ കുടിശ്ശിക തീര്‍ക്കുന്നത് ബുദ്ധിമുട്ടാകും. അതേസമയം, 71 കോടിരൂപ ധനവകുപ്പ് കെ.എസ്.ആര്‍.ടി.സി.ക്ക് അനുവദിച്ചിട്ടുണ്ട്. നവംബറിലെ പെന്‍ഷന്‍ കൊടുത്ത് പ്രശ്‌നം പരിഹരിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്.

Leave a Reply

Your email address will not be published.