കെയർ ഹോം നിർമാണം അടുത്ത മാസം തുടങ്ങും

[email protected]

പ്രളയാനന്തര കേരളത്തെ പുനര്‍നിര്‍മിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത കെയര്‍ ഹോം പദ്ധതി നിര്‍മാണം ഡിസംബര്‍ രണ്ടിന് ആരംഭിക്കുമെന്ന് സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ പറഞ്ഞു. 65ാം മത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപന സമ്മേളനം കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെയര്‍ ഹോംമിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ 2000 വീടുകളാണ് നിര്‍മിക്കുന്നത്. ഇതില്‍ ഏഴു വീടുകള്‍ കാസര്‍കോട് ജില്ലയിലുള്ളവര്‍ക്കാണ് ലഭിക്കുക. പദ്ധതിയുടെ രണ്ടാംഘട്ടം ഡിസംബര്‍ 10ന് ആരംഭിക്കും. നിര്‍മിക്കുന്ന ഓരോ വീടും എഞ്ചിനീയറിങ് വിദ്യാര്‍ഥികളുടെ മേല്‍നോട്ടത്തിലായിരിക്കും. ഈ വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ്മാര്‍ക്ക് നല്കും. സഹകരണ വകുപ്പ് കെയര്‍ ഹോം പദ്ധതിയിലൂടെ നിര്‍മിക്കുന്ന ഓരോ ഭവനത്തിനും അഞ്ച് ലക്ഷം രൂപ വീതം നല്കുമെന്നും മന്ത്രി പറഞ്ഞു.

സഹകരണമേഖലയെ തകര്‍ക്കാന്‍ എല്ലായിപ്പോഴും കുപ്രചരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. നോട്ട് നിരോധന സമയത്ത് ഈ പ്രചാരം ശക്തമായി. എന്നാല്‍ നോട്ട് നിരോധനം കഴിഞ്ഞ് കൃത്യം ഒരു വര്‍ഷം പൂര്‍ത്തിയായപ്പോള്‍ സഹകരണമേഖലയിലെ നിക്ഷേപം ഒന്നര ലക്ഷം കോടിയില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷം കോടിയായി വര്‍ധിച്ചു. അതായത് ഇന്ത്യയുടെ മൊത്തം സഹകരണനിക്ഷേപത്തിന്റെ അന്‍പത് ശതമാനത്തിലധികം കേരളത്തിന്റെ കൈവശമാണെന്നും അദ്ദേഹം പറഞ്ഞു.

പന്ത്രണ്ട് ശതമാനം യുവാക്കള്‍ മാത്രമാണ് സഹകരണ ബാങ്കിങ് മേഖലയിലേക്ക് നിക്ഷേപത്തിന് കടന്നുവരുന്നത്. ഇത് നമ്മുടെ ബാങ്കിങ് സമ്പ്രദായം ആധുനികവത്കരിക്കേണ്ട ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ആധുനികമായ എല്ലാ ബാങ്കിങ് സൗകര്യവും നല്കാന്‍ സജ്ജമായിക്കൊണ്ടാണ് കേരളാബാങ്ക് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. സഹകരണ തത്വങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും ഇതിന്റെ പ്രവര്‍ത്തനം. എല്ലാത്തരം ഉപഭോക്താക്കളുടെയും ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ കേരളാബാങ്കിന് സാധിക്കുമെന്നാണു പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News