കെയര്‍ഹോം ഫ്‌ളാറ്റിന്റെ നിര്‍മ്മാണ ചുമതല ഊരാളുങ്കലിന്; 3.40കോടി അനുവദിച്ചു
കെയര്‍ഹോം രണ്ടാം ഘട്ടത്തില്‍ സഹകരണ വകുപ്പ് നിര്‍മ്മിക്കുന്ന ഫ്‌ളാറ്റുകളുടെ നിര്‍മ്മാണ ചുമതല ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തെ ഏല്‍പിച്ചു. കണ്ണൂരില്‍ മൂന്ന് ബ്ലോക്കുകളിലായി 18 വീടുകളുടെ നിര്‍മ്മാണ് ഊരാളുങ്കലിന് നല്‍കിയിട്ടുള്ളത്. 3.40 കോടിരൂപയാണ് ഇതിന് ചെലവ് കണക്കാക്കിയിട്ടുള്ളത്. ഈ തുക ഊരാളുങ്കലിന് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
തളിപ്പറമ്പ് താലൂക്കില്‍ പന്നിയൂര്‍ വില്ലേജില്‍ റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള 40 സെന്റ് സ്ഥലത്താണ് കെയര്‍ഹോം ഫ്‌ളാറ്റ് നിര്‍മ്മിക്കുന്നത്. ഇതിന്റെ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കാന്‍ ജില്ലാതല നിര്‍വഹണ ഏജന്‍സി ഊരളുങ്കലിനെ ചുമതലപ്പെടുത്തിയിരുന്നു. ഇത് സംസ്ഥാനതല സാങ്കേതിക സമിതിയുടെയും സംസ്ഥാന ഉപദേശക സമിതിയുടെയും അംഗീകാരം ലഭിച്ചിട്ടുള്ളതാണ്. ഭവന സമുച്ഛയം നിര്‍മ്മിക്കുന്നതിന് അക്രഡിറ്റഡ് ഏജന്‍സിയെ ചുമതലപ്പെടുത്തുന്നതിന് അനുമതി നല്‍കണമെന്ന് കാണിച്ച് സഹകരണ സംഘം രജിസ്ട്രാര്‍ ജുണ്‍ 16ന് സര്‍ക്കാര്‍ കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഊരാളുങ്കലിന് നിര്‍മ്മാണ അനുമതി നല്‍കിയും അതിനുള്ള പണം അനുവദിച്ചും സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
കണ്ണൂരിന് പുറമെ പാലക്കാട്, കോട്ടയം എന്നീ ജില്ലകളിലാണ് കെയര്‍ഹോം രണ്ടാംഘട്ടത്തില്‍ ഫ്‌ളാറ്റുകള്‍ നിര്‍മ്മിക്കുന്നത്. ഇതില്‍ പാലക്കാട് ജില്ലയിലെ കണ്ണാടി-2 വില്ലേജില്‍ 28 വീടുകളാണ് നിര്‍മ്മിക്കുന്നത്. ഇതിന് 4.83 കോടിയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്.
കെയര്‍ഹോം പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ സംസ്ഥാനത്താകെ 2091 വീടുകളാണ് സഹകരണ വകുപ്പ് നിര്‍മ്മിച്ചുനല്‍കിയത്. പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് ഭവനസമുച്ഛയം നിര്‍മ്മിക്കുന്നത്. ഇതില്‍ ആദ്യത്തേത് പൂര്‍ത്തിയായി. തൃശൂര്‍ ജില്ലയില്‍ പഴയന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതതിയിലുള്ള സ്ഥലത്താണ് 40 ഭവന കുടുംബങ്ങള്‍ക്കായി നിര്‍മ്മിച്ചത്.