കൃഷിക്കൊപ്പം കളമശ്ശേരി കാര്‍ഷികോത്സവം തുടങ്ങി

moonamvazhi

എറണാകുളം ജില്ലയിലെ കളമശ്ശേരി മണ്ഡലത്തിലെ 17 സഹകരണസംഘങ്ങളും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും വിവിധസര്‍ക്കാര്‍ വകുപ്പുകളും പങ്കാളികളാകുന്ന കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി കാര്‍ഷികോത്സവം നടന്‍ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. കുരുത്തോലനാട മുറിച്ചായിരുന്നു ഉദ്ഘാടനം. നമ്മിലെ കര്‍ഷകരെയും കൃഷിതാത്പര്യങ്ങളെയും തിരിച്ചറിയാന്‍ ഇത്തരം മേളകള്‍ക്കു കഴിയുമെന്നു മമ്മുട്ടി പറഞ്ഞു. കര്‍ഷകര്‍ക്കും വാങ്ങുന്നവര്‍ക്കും പരാതിയില്ലാതെ ഉത്പന്നങ്ങള്‍ക്ക് ഉചിതമായ വില നിശ്ചയിക്കാന്‍ സഹകരണസംഘങ്ങള്‍ വഴിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രി പി. രാജീവ് അധ്യക്ഷനായി. കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സഹകരണസംഘങ്ങള്‍ക്കു കാര്‍ഷികഅടിസ്ഥാനസൗകര്യനിധിയില്‍നിന്നു ധനസഹായം പ്രയോജനപ്പെടുത്താനാവുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പദ്ധതിയിലുള്ള മൂന്നു സഹകരണബാങ്കുകള്‍ മൂല്യവര്‍ധിതോത്പന്നങ്ങള്‍ ഉണ്ടാക്കിത്തുടങ്ങിയെന്നും അദ്ദേഹം അറിയിച്ചു. മണ്ഡലത്തിലെ കാര്‍ഷികവൈവിധ്യവുമായി പര്യടനം നടത്തിയ, പരമ്പരാഗതവേഷത്തിലുള്ള കടമ്പന്‍ മൂത്താന്‍ പെരിയാറില്‍നിന്നു മണ്‍കുടത്തില്‍ കൊണ്ടുവന്ന വെള്ളം പകര്‍ന്നു മമ്മുട്ടിയും മന്ത്രി രാജീവും ചേര്‍ന്നു വൃക്ഷത്തൈ നട്ടു. കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, പാചകവിദഗ്ധന്‍ ഷെഫ് പിള്ള എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതി ജനറല്‍ കണ്‍വീനര്‍ എം.പി. വിജയന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബിന്‍സി എബ്രഹാം, സംഘാടകസമിതി ചെയര്‍മാന്‍ വി.എം. ശശി തുടങ്ങിയവര്‍ സംസാരിച്ചു. ഉദ്ഘാടനത്തിനു മുന്നോടിയായി നടന്ന സാംസ്‌കാരികഘോഷയാത്രയില്‍ മികച്ച ദൃശ്യപ്പൊലിമ പ്രകടിപ്പിച്ച സഹകരണസംഘങ്ങള്‍ക്കും തദ്ദേശസ്ഥാപനങ്ങള്‍ക്കും മന്ത്രി പി. രാജീവ് പുരസ്‌കാരങ്ങള്‍ നല്‍കി. സഹകരണസംഘങ്ങളുടെ വിഭാഗത്തില്‍ കൊങ്ങോര്‍പ്പിള്ളി ഫാര്‍മേഴ്‌സ് സഹകരണബാങ്ക് ഒന്നാംസ്ഥാനവും ഇടപ്പള്ളി വടക്കുംഭാഗം സഹകരണബാങ്ക് രണ്ടാംസ്ഥാനവും ഏലൂര്‍ സഹകരണബാങ്ക് മൂന്നാം സ്ഥാനവും നേടി.

സൗത്ത് കളമശ്ശേരി ടി.വി.എസ്. ജങ്ഷനില്‍ നടക്കുന്ന കാര്‍ഷികോത്സവത്തിലെ സ്റ്റാളുകളില്‍ 17 സഹകരണബാങ്കുകളുടെ സഹായത്തോടെ 159 സ്വയംസഹായസംഘങ്ങളും വ്യക്തികളും കൃഷി ചെയ്ത ഉത്പന്നങ്ങള്‍ ലഭ്യമാണ്. മേള 27 വരെ തുടരും. സെമിനാറുകളും കലാപരിപാടികളും മേളയുടെ ഭാഗമായുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Latest News