കുടുംബശ്രീ യൂണിറ്റുകള്‍ക്ക്ടെണ്ടറില്ലാതെ തയ്യല്‍ വര്‍ക്ക്: ഇളവിന്റെ കാലാവധി നീട്ടി
കുടുംബശ്രീയുടെ കീഴിലുള്ള വിവിധ അപ്പാരല്‍ / ചെറുകിട യൂണിറ്റുകള്‍ക്കു മറ്റു സ്ഥാപനങ്ങളില്‍ നിന്നുള്ള തയ്യല്‍ വര്‍ക്കുകള്‍ ടെണ്ടര്‍ നടപടികളില്ലാതെ നേരിട്ടു കിട്ടുന്നതിനു സ്റ്റോര്‍സ് പര്‍ച്ചേസ് വ്യവസ്ഥകളില്‍ ഇളവു വരുത്തിക്കൊണ്ടുള്ള ഉത്തരവിന്റെ കാലാവധി നീട്ടി. 2021 ജൂലായ് ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്കാണു കാലാവധി നീട്ടിയത്.
കുടുംബശ്രീയുടെ കീഴിലുള്ള 19 അപ്പാരല്‍ പാര്‍ക്കുകള്‍ക്കും ആയിരത്തോളം ചെറുകിട തയ്യല്‍ യൂണിറ്റുകള്‍ക്കുമാണ് ഇതിന്റെ പ്രയോജനം കിട്ടുക. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സ്വാശ്രയ സ്ഥാപനങ്ങള്‍ മുതലായവയില്‍ നിന്നു തയ്യല്‍ സംബന്ധമായ ജോലികള്‍ ടെണ്ടര്‍ നടപടികള്‍ പാലിക്കാതെ നേരിട്ടു കിട്ടുന്നതിനു സ്റ്റോര്‍സ് പര്‍ച്ചേസ് മാന്വലിലെ ഖണ്ഡിക 9.23 ല്‍ ഇളവു വരുത്തിക്കൊണ്ടുള്ള അനുമതിയുടെ കാലാവധി 2021 ജൂണ്‍ 30 നവസാനിച്ചിരുന്നു. അതാണിപ്പോള്‍ ഒരു വര്‍ഷത്തേക്കു നീട്ടിയത്. കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയരക്ടറുടെ അഭ്യര്‍ഥന പ്രകാരമാണു ഇളവു നീട്ടിയത്.
നിയതമായ പ്രവര്‍ത്തനരീതി പിന്തുടരാനും ദുരുപയോഗ സാധ്യത കുറയ്ക്കാനും യൂണിറ്റുകളുടെ വലിപ്പമനുസരിച്ച് ഓരോ യൂണിറ്റിനും സ്വീകരിക്കാവുന്ന ഓര്‍ഡറുകളുടെ അളവും ഇവ മുഖാന്തിരം നിര്‍മിക്കുന്ന വസ്ത്രങ്ങളുടെ നിരക്കും കുടുംബശ്രീ മിഷന്‍ മുന്‍കൂട്ടി നിശ്ചയിക്കേണ്ടതാണെന്നു അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.