കുടിശ്ശികവായ്പക്കും കുടിശ്ശികപ്പലിശക്കും കരുതല്‍: ഇളവനുവദിച്ച 29 / 2023 നമ്പര്‍ സര്‍ക്കുലര്‍ പിന്‍വലിച്ചു

moonamvazhi

സഹകരണസംഘങ്ങളിലെ കുടിശ്ശികവായ്പക്കും വായ്പകളിലെ കുടിശ്ശികപ്പലിശക്കും കരുതല്‍ വെക്കുന്നതില്‍ ഇളവനുവദിച്ചുകൊണ്ടുള്ള 29 / 2023 നമ്പര്‍ സര്‍ക്കുലര്‍ സെപ്റ്റംബര്‍ 30 നു സര്‍ക്കാര്‍ പിന്‍വലിച്ചു.

2022-23 സാമ്പത്തികവര്‍ഷം ഓഡിറ്റില്‍ കുടിശ്ശികവായ്പക്കും വായ്പകളിന്മേലുള്ള കുടിശ്ശികപ്പലിശക്കും കരുതല്‍ വെക്കുന്നതിനു മുമ്പ് 40 / 2007 നമ്പര്‍ സര്‍ക്കുലറിലെ വ്യവസ്ഥകളില്‍ ഇളവുകളനുവദിച്ച് സഹകരണസംഘം രജിസ്ട്രാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. 2023 ആഗസ്റ്റ് ഏഴിനു രജിസ്ട്രാര്‍ പുറപ്പെടുവിച്ച 29 / 2023 നമ്പര്‍ സര്‍ക്കുലറിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നതു ഭാവിയില്‍ സംഘങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്നതിനാല്‍ അവ പുനപ്പരിശോധിക്കണമെന്നു ഓഡിറ്റ് ഡയറക്ടര്‍ ആവശ്യപ്പെട്ടിരുന്നു. 29 / 2023 നമ്പര്‍ സര്‍ക്കുലര്‍ പിന്‍വലിച്ച സര്‍ക്കാര്‍ 2022 ജൂലായ് പന്ത്രണ്ടിലെ 32 / 2022 നമ്പര്‍ സര്‍ക്കുലര്‍പ്രകാരമുള്ള ഇളവുവ്യവസ്ഥകള്‍ 2022-23 സാമ്പത്തികവര്‍ഷത്തേക്കുകൂടി ബാധകമാക്കി ഉത്തരവിട്ടിട്ടുണ്ട്.

സഹകരണസംഘം രജിസ്ട്രാറുടെ നിയന്ത്രണത്തില്‍ വരുന്നതും ബാങ്കിങ് നിയന്ത്രണനിയമത്തിന്റെ പരിധിയില്‍ വരാത്തതുമായ എല്ലാ സഹകരണ സംഘങ്ങള്‍ക്കും എല്ലാത്തരം വായ്പകള്‍ക്കും മേല്‍വ്യവസ്ഥകള്‍ ബാധകമാണെന്നു സഹകരണസംഘം രജിസ്ട്രാറുടെ പുതിയ സര്‍ക്കുലറില്‍ ( നമ്പര്‍ 33 / 2023 ) വ്യക്തമാക്കി.

കോവിഡ് വ്യാപനവും സമ്പൂര്‍ണ അടച്ചിടലും കാരണം സംസ്ഥാനത്തെ ഉല്‍പ്പാദന, വ്യാപാരമേഖലയിലുണ്ടായ ആഘാതത്തെത്തുടര്‍ന്നു സഹകരണസംഘങ്ങളിലെ വായ്പാതിരിച്ചടവില്‍ വലിയ കുറവ് സംഭവിച്ചിരുന്നു. ഇതിലൂടെ വായ്പക്കുടിശ്ശികയും വായ്പകളിലെ പലിശക്കുടിശ്ശികയും വന്‍തോതില്‍ വര്‍ധിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ 2019-20 മുതല്‍ 2021-22 വരെയുള്ള സാമ്പത്തികവര്‍ഷങ്ങളില്‍ സഹകരണസംഘം രജിസ്ട്രാറുടെ സര്‍ക്കുലര്‍ നമ്പര്‍ 34 / 2020, 37 / 2021, 32 /2022 എന്നിവപ്രകാരം കുടിശ്ശികവായ്പക്കും കുടിശ്ശികപ്പലിശക്കും കരുതല്‍ വെക്കുന്നതില്‍ ഇളവുകള്‍ അനുവദിക്കുകയുണ്ടായി. വായ്പാതിരിച്ചടവിലെ കുറവ് ഇപ്പോഴുമുണ്ടെന്നും 40 / 2007 സര്‍ക്കുലര്‍പ്രകാരം കരുതല്‍ വെച്ചാല്‍ 2022-23 സാമ്പത്തികവര്‍ഷം സംഘങ്ങള്‍ കൂടുതല്‍ നഷ്ടത്തിലേക്കു പോകുമെന്നും സഹകാരികളും സഹകരണസംഘം ജീവനക്കാരുടെ സംഘടനകളും അറിയിച്ചതിനെത്തുടര്‍ന്നാണ് ഇളവുകളനുവദിച്ച് രജിസ്ട്രാര്‍ 29 / 2023 നമ്പര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നത്.

സർക്കുലർ: circular33-2023 (1)

Leave a Reply

Your email address will not be published. Required fields are marked *

Latest News