കാർഷികമേഖലയിൽ മനുഷ്യവിഭവശേഷി ഉറപ്പാക്കുന്നതിനും , യന്ത്രവൽക്കരണം സാധ്യമാക്കുന്നതിനും , കൂട്ടായ കൃഷി രീതി നടപ്പാക്കുന്നതിനും സഹകരണ സ്ഥാപനങ്ങൾക്ക് കഴിയും.

adminmoonam

കാർഷികമേഖലയിൽ മനുഷ്യവിഭവശേഷി ഉറപ്പാക്കുന്നതിനും , യന്ത്രവൽക്കരണം സാധ്യമാക്കുന്നതിനും , കൂട്ടായ കൃഷി രീതി നടപ്പാക്കുന്നതിനും സഹകരണ സ്ഥാപനങ്ങൾക്ക് കഴിയും. ഇതുവഴി കാർഷിക മേഖലയിലേക്ക് പൊതുജനങ്ങളെ അടുപ്പിക്കാൻ സഹകരണ സ്ഥാപനങ്ങൾക്ക് സാധിക്കും. കേരളത്തിൻറെ അതിജീവനം സഹകരണ പ്രസ്ഥാനത്തിലൂടെ.. ഡോക്ടർ എം.രാമനുണ്ണിയുടെ ലേഖനം-14

സമീപകാലത്തായി നമ്മുടെ സംസ്ഥാനത്ത് കാർഷികമേഖലയിൽ താല്പര്യം കാണിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്നതായികാണാൻ കഴിയും .ഇത് വളരെ ഗുണപരമായ മാറ്റമാണ് . പച്ചക്കറിയുടെ കാര്യത്തിൽ നമ്മുടെ സംസ്ഥാനം സ്വയം പര്യാപ്തത നേടിയിട്ടില്ല എങ്കിലും ഏതാണ്ട് 60 മുതൽ 70 ശതമാനവും നമ്മുടെ നാട്ടിൽ ഉത്പാദിപ്പിക്കാൻ ആവുന്നുണ്ട് . പാൽ ഉൽപ്പാദനത്തിലും ഈ മാറ്റം പ്രകടമാണ് . സംസ്ഥാന സർക്കാരും, പഞ്ചായത്തുകളും, സഹകരണ സ്ഥാപനങ്ങളും ഒത്തുചേർന്ന് പരിശ്രമിക്കുന്നതിൻറെ ഭാഗമായി നെൽകൃഷി ചെയ്യുന്ന പ്രദേശത്തിൻറെ വിസ്തൃതിയും വർദ്ധിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട് . ഇത് ആശ്വാസകരമായ പ്രവണതയാണ് . എന്നാൽ ഈ മേഖലയിലേക്ക് പുതുതായി കടന്നുവരുന്ന വ്യക്തികളെ പരിശോധിച്ചാൽ പ്രധാനമായും 3 വിഭാഗത്തെയാണ് കാണാൻ കഴിയുക.
കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ആൾക്കൂട്ടത്തിലെ സഹോദരിമാർ, സർക്കാർ ജോലി, അധ്യാപനം, എന്നീ തൊഴിലുകളിൽ ഏർപ്പെടുന്നവരോ, റിട്ടയർ ചെയ്തവരോ തങ്ങളുടെ സ്വന്തം ഭൂമിയിൽ നടത്തുന്ന പ്രവർത്തനം, ഐടി മേഖലയിൽ നിന്നും , കോർപ്പറേറ്റ് മേഖലകളിൽനിന്നും കൃഷിയിലേക്ക് തിരിഞ്ഞ് പ്രവർത്തനം തുടങ്ങിയവർ.

ഇത്തരത്തിൽ ഉണ്ടായ താല്പര്യം നിലനിൽക്കണമെങ്കിൽ ഈ മേഖലയിൽ ആവശ്യമായ തൊഴിലാളികളുടെ ലഭ്യത ഉറപ്പാക്കേണ്ടതുണ്ട് . നിലവിൽ കർഷകത്തൊഴിലാളികൾ എന്ന വിഭാഗത്തിൽ പെടുന്നവർ നല്ലൊരു ശതമാനം 50 വയസ്സിന് മേൽ പ്രായമുള്ള സ്ത്രീകൾ ആണ് . ഇവരെ കൂടാതെ ഏതാനും പുരുഷന്മാരും കർഷകത്തൊഴിലാളികൾ ആയി നിലവിലുണ്ട്. താരതമ്യേന ചെറുപ്പക്കാർ ഈ മേഖലയിൽ കുറവാണ്. ഇവർ പൂർണ്ണമായും ശാരീരികമായ ശേഷിയാണ് ജോലികൾക്കായി പ്രയോജനപ്പെടുത്തുന്നത്. ഇത്തരക്കാരെ മാത്രം ആശ്രയിച്ചുകൊണ്ട് കൃഷി , പ്രത്യേകിച്ച് കൂടുതൽ മനുഷ്യാധ്വാനം വേണ്ടിവരുന്ന നെൽകൃഷിപോലുള്ള കാര്യങ്ങൾ വ്യാപിപ്പിക്കുന്നതിന് പരിമിതിയുണ്ട് .

ഇവിടെയാണ് സഹകരണ സ്ഥാപനങ്ങൾക്ക് ഫലപ്രദമായി ഇടപെടാൻ കഴിയുക തൃശ്ശൂർ ജില്ലയിലെ പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്ക് ആരംഭിച്ച കാർഷിക കർമ്മ സേന ഇന്ന് സംസ്ഥാനത്ത് പല ഭാഗങ്ങളിലും ആവേശമായി മാറിയിട്ടുണ്ട് . തിരുവനന്തപുരത്ത് പെരുങ്കടവിള പഞ്ചായത്തിൽ ജനകീയാസൂത്രണത്തിൻറെ ഭാഗമായി ആരംഭിച്ച ഇത്തരം കൂട്ടായ്മകൾ സംസ്ഥാനതലത്തിൽ തന്നെ ഏറെ ശ്രദ്ധ നേടി കഴിഞ്ഞിട്ടുണ്ട് . ഇത്തരത്തിലുള്ള ഒരു ഗ്രൂപ്പ് ഒരു പഞ്ചായത്തിൽ സഹകരണ സംഘത്തിൻറെ നേതൃത്വത്തിൽ രൂപീകരിക്കുന്നത് കൃഷിയുടെ നിലനിൽപ്പിനും, വികസനത്തിനും, പുരോഗതിക്കും അത്യന്താപേക്ഷിതമാണ്. ഇതിൻറെ ഭാഗമായി കാർഷിക കർമ്മ സേനയിൽ അല്ലെങ്കിൽ ഗ്രീൻ ആർമിയിൽ ചേരാൻ താൽപര്യമുള്ളവരെ രജിസ്റ്റർ ചെയ്യുക എന്നതാണ് ആദ്യപടി . ഇത്തരത്തിൽ രജിസ്റ്റർ ചെയ്യുന്ന വ്യക്തികളുടെ തൊഴിൽ ആഭിമുഖ്യം ,തൊഴിലിനായി നീക്കിവെക്കാൻ കഴിയുന്ന സമയം എന്നിവ പരിഗണിച്ച് അവരെ വ്യത്യസ്ത ഗ്രൂപ്പുകളായി തരം തിരിക്കാവുന്നതാണ് . ഇവർക്ക് ആവശ്യമായ പരിശീലനം കാർഷിക സർവ്വകലാശാല , പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്ക് എന്നിവരുടെ സഹായത്തോടെ നൽകാവുന്നതാണ് . ഇത്തരം ഗ്രൂപ്പുകൾക്ക് ട്രാക്ടർ ,പവർ ടില്ലർ എന്നു തുടങ്ങിയ യന്ത്രങ്ങളും ,കാർഷിക ഉപകരണങ്ങളുടെ മെയിൻറനൻസ്. തെങ്ങുകയറ്റം എന്നു തുടങ്ങി നിർബന്ധമായി ഉണ്ടാകേണ്ടുന്ന നൈപുണ്യങ്ങൾ പരിശീലനത്തിലൂടെ പകർന്ന് നൽകാവുന്നതാണ്.

ഓരോ സഹകരണബാങ്കിൻറെ കീഴിലും ഇത്തരത്തിൽ ഗ്രൂപ്പുകൾ ലഭ്യമാണെങ്കിൽ , ആ ഗ്രൂപ്പുകളുടെ പ്രവർത്തനത്തിനാവശ്യമായ യന്ത്രസാമഗ്രികൾ, യാത്ര ചെയ്യുന്നതിന് ആവശ്യമായ വാഹനം എന്നിവ വായ്പയായി സഹകരണ സ്ഥാപനത്തിന് നൽകാവുന്നതാണ് . ഇത് കൂടാതെ സഹകരണ സ്ഥാപനം യന്ത്രസാമഗ്രികളും മറ്റ് കാർഷിക ഉപകരണങ്ങളും വാങ്ങി കാർഷിക കർമസേനയുടെ ഉപയോഗത്തിന് വാടക ഈടാക്കി നൽകുന്ന കാര്യവും പരിഗണിക്കാവുന്നതാണ്. ഓരോ തൊഴിലിനും ആവശ്യമായ കൂലി ചിട്ടപ്പെടുത്തി ബാങ്കിൽ അടക്കാൻ നിർദ്ദേശിക്കാവുന്നതാണ്. ആവശ്യമായ ജോലിക്കാരെ ബാങ്കിന് അനുവദിച്ചു നൽകാവുന്നതാണ് . ഇതോടൊപ്പം തന്നെ ഏതെങ്കിലും ഒരു വ്യക്തിയുടെ കൃഷിഭൂമി, കാർഷിക കർമ്മ സേന ഏറ്റെടുത്തു കൃഷിക്ക് സന്നദ്ധമാണെങ്കിൽ അതിനാവശ്യമായ വായ്പ സഹായവും ലഭ്യമാക്കാവുന്നതാണ്. ചുരുക്കത്തിൽ കാർഷികമേഖലയിൽ മനുഷ്യവിഭവശേഷി ഉറപ്പാക്കുന്നതിന്, യന്ത്രവൽക്കരണം സാധ്യമാക്കുന്നതിന്, കൂട്ടായ കൃഷി രീതി നടപ്പാക്കുന്നതിന് എല്ലാം ഇത്തരം സംവിധാനത്തിലൂടെ സാധ്യമാകുമെന്ന അനുഭവം നമ്മുടെ മുമ്പിലുണ്ട്. ഇത്തരത്തിൽ രൂപീകരിക്കുന്ന സംഘങ്ങൾ കാർഷികമേഖലയിൽ ഇടപെടുന്നത് സഹകരണ സ്ഥാപനത്തിൻറെ ശേഷി വർധിപ്പിക്കുമെന്ന് ഉറപ്പാണ് . ഡോ .എം .രാമനുണ്ണി 9388555988.

Leave a Reply

Your email address will not be published. Required fields are marked *

Latest News