കാര്‍ഷിക വായ്പക്കുള്ള മൂന്നു ശതമാനം ഇന്‍സെന്റീവ് കിട്ടാന്‍ വിവരങ്ങള്‍ മാന്വല്‍ മോഡില്‍ അപ്‌ലോഡ് ചെയ്യണം
കേരള ബാങ്ക് നേരിട്ടു നല്‍കുന്ന ഹ്രസ്വകാല കാര്‍ഷികവായ്പകളും പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍ മുഖേന കര്‍ഷകര്‍ക്കു നല്‍കുന്ന വായ്പകളും കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്കുള്ള ഇന്‍സെന്റീവായ മൂന്നു ശതമാനം പി.ആര്‍.ഐ. ക്ലെയിം ചെയ്യാന്‍ പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങള്‍ 2021-22, 2022-23 വര്‍ഷങ്ങളിലെ വിവരങ്ങള്‍ മാന്വല്‍ മോഡില്‍ 2023 ഏപ്രില്‍ മുപ്പതിനകം അപ്‌ലോഡ് ചെയ്യണമെന്നു സഹകരണസംഘം രജിസ്ട്രാര്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച നിര്‍ദേശം പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങള്‍ക്കു നല്‍കണമെന്നു ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ ( ജനറല്‍ ) മാരോട് രജിസ്ട്രാര്‍ ആവശ്യപ്പെട്ടു. കേരള ബാങ്ക് 2023 ഏപ്രില്‍ 13 നു നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണു രജിസ്ട്രാറുടെ നടപടി.
കേരളത്തിലെ പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങള്‍ അംഗതലത്തില്‍ വിതരണം ചെയ്യുന്ന ഹ്രസ്വകാല കാര്‍ഷികവായ്പകളില്‍ കൃത്യമായ തിരിച്ചടവു വരുന്ന വായ്പകള്‍ക്കു കേന്ദ്രസര്‍ക്കാരില്‍നിന്നു നബാര്‍ഡ് വഴിയാണു മൂന്നു ശതമാനം ഇന്‍സെന്റീവ് ( പ്രോംപ്റ്റ് റീപെയ്‌മെന്റ് ഇന്‍സെന്റീവ് ) കിട്ടുന്നത്. ഈ ഇന്‍സെന്റീവ് കിട്ടാനുള്ള സ്റ്റേറ്റ്‌മെന്റുകള്‍ പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളാണു തയാറാക്കുന്നത്. ഈ സ്റ്റേറ്റ്‌മെന്റുകള്‍ കേരള ബാങ്കുദ്യോഗസ്ഥര്‍ പരിശോധിച്ചു ബാങ്കിന്റെ കണ്‍കറന്റ് ഓഡിറ്റര്‍ സാക്ഷ്യപ്പെടുത്തിയശേഷമാണു നബാര്‍ഡിനു സമര്‍പ്പിക്കുക. ക്ലെയിം ചെയ്ത തുക കിട്ടിയാല്‍ പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളുടെ അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യും. ഈ വായ്പകളില്‍ നാളിതുവരെ മാന്വലായിട്ടാണു സ്റ്റേറ്റ്‌മെന്റുകള്‍ സമര്‍പ്പിച്ച് ഇന്‍സെന്റീവ് ക്ലെയിം ചെയ്തിരുന്നത്. എന്നാല്‍, 2021-22 മുതല്‍ ക്ലെയിം കിട്ടാന്‍ ഹ്രസ്വകാല കാര്‍ഷികവായ്പകളെസംബന്ധിച്ച അടിസ്ഥാനവിവരങ്ങള്‍ KCC-ISS പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്തുനല്‍കണമെന്നും വായ്പാവിതരണസമയത്തുതന്നെ ഈ വിവരങ്ങള്‍ അപ് ലോഡ് ചെയ്യേണ്ടതാണെന്നും 2022 ഒക്ടോബര്‍ 29 നു കേന്ദ്ര കാര്‍ഷിക-കര്‍ഷകക്ഷേമ മന്ത്രാലയം നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്നാണു 2021-22, 2022-23 ലെ ഡേറ്റ മാന്വല്‍ മോഡില്‍ അപ്‌ലോഡ് ചെയ്തുനല്‍കണമെന്നു നിര്‍ദേശിച്ചത്. ഡേറ്റ സമയബന്ധിതമായി അപ്‌ലോഡ് ചെയ്തുകഴിഞ്ഞാലേ പലിശയിളവ് തുടര്‍ന്നും കിട്ടുകയുള്ളു എന്നു കേരള ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ അറിയിച്ചതിനെത്തുടര്‍ന്നാണു സഹകരണസംഘം രജിസ്ട്രാര്‍ പുതിയ നിര്‍ദേശം നല്‍കിയത്.
[mbzshare]