കാര്‍ഷിക ഗ്രാമവികസന ബാങ്കും കേരള ബാങ്കും ലയിപ്പിക്കണം: നബാര്‍ഡ് ചെയര്‍മാന്‍ കെ.വി. ഷാജി
കാര്‍ഷിക ഗ്രാമവികസന ബാങ്കും കേരള ബാങ്കും തമ്മില്‍ ലയിപ്പിക്കണമെന്ന് നബാര്‍ഡ് ചെയര്‍മാന്‍ കെ.വി. ഷാജി നിര്‍ദേശിച്ചു.
കേരളീയം പരിപാടിയുടെ ഭാഗമായി ‘കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ പ്രസക്തിയും പ്രാധാന്യവും’ എന്ന വിഷയത്തില്‍ തിരുവനന്തപുരം ടാഗോര്‍ ഹാളില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്താണോ കേരളം ഇന്ന് ചെയ്യുന്നത് അത് കേന്ദ്രം നാളെ ചിന്തിക്കും. കേരളത്തിലെ സഹകരണ മേഖല വളരെ ശക്തമാണ്. കേരളത്തിലെ സഹകരണ മേഖല പലപ്പോഴും പലയിടങ്ങളിലും മാതൃകയാക്കപ്പെടുന്നുണ്ട് – അദ്ദേഹം പറഞ്ഞു.സഹകരണ വകുപ്പിന്റെ ഡെപ്പോസിറ്റ് ഗ്യാരണ്ടി സ്‌കീമിനെക്കുറിച്ചും ഡെപ്പോസിറ്റ് റിസ്‌ക് ഫണ്ടിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.
കേരള ബാങ്കും പ്രാഥമിക സഹകരണ ബാങ്കുകളുമായിട്ടുള്ള ബന്ധം വളരെ പ്രധാനമാണ്. ജില്ലാ സഹകരണ ബാങ്കുകളായിരുന്നപ്പോള്‍ ഉണ്ടായിരുന്ന ബന്ധം, സംസ്ഥാനത്തെ ഏറ്റവും വലിയ സഹകരണ ബാങ്കായി മാറിയപ്പോഴും അതുപോലെതന്നെ നിലനിര്‍ത്തുകയോ അല്ലെങ്കില്‍ കൂടുതലാക്കുകയോ ചെയ്യേണ്ട രീതിയിലേക്കുള്ള പ്രവര്‍ത്തനം കൊണ്ടുവരണം. ആദ്യം ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് ഹെഡ് ഓഫീസ് ഉണ്ടായിരുന്നു. കേരള ബാങ്കായപ്പോള്‍ അതിപ്പോള്‍ റീജിയണല്‍ ഓഫീസിലേക്ക് മാറിയിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ ജില്ലാ സഹകരണ ബാങ്കുകളുടെ ഹെഡ് ഓഫീസ് പ്രാഥമിക സഹകരണ സംഘങ്ങളെ എങ്ങനെ പിന്തുണച്ചിട്ടുണ്ടോ ആ ഒരു രീതിയില്‍ത്തന്നെ മുന്നോട്ടു തുടരണം – അദ്ദേഹം പറഞ്ഞു.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പല സഹകരണ സ്ഥാപനങ്ങള്‍ക്കും പേയ്‌മെന്റ് സര്‍വീസ് നല്‍കാനുള്ള ലൈസന്‍സ് അനുവദിക്കാന്‍ മടിക്കുന്നത് സൈബര്‍ സെക്യൂരിറ്റിയിലെ പോരായ്മ, ഐ.ടി പോരായ്മ എന്നിവ കണക്കിലെടുത്താണ്. അതുകൊണ്ടുത്തന്നെ പ്രാഥമിക സഹകരണ ബാങ്കുകളില്‍ ഏകീകൃത സോഫ്റ്റ് വെയര്‍ ഉടനെ നടപ്പിലാക്കണം. സഹകരണ സംഘങ്ങളുടെ ഓഡിറ്റ് കൃത്യമായിരിക്കണം. കേരളത്തിലെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളും ആരംഭിക്കുന്ന പദ്ധതികളില്‍ സഹകരണ സംഘങ്ങളെ മുന്‍നിര്‍ത്തി ഒരു പദ്ധതി തയ്യാറാക്കണം. അങ്ങനെയാണെങ്കില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ സഹകരണ മേഖലയിലേക്ക് കൊണ്ടുവരാന്‍ സാധിക്കും. പ്രാഥമിക സഹകരണ സംഘങ്ങള്‍ ബാങ്കിങ് മാത്രം നോക്കാതെ മറ്റു ബിസിനസുകള്‍ കൂടി ആരംഭിക്കണം – അദ്ദേഹം പറഞ്ഞു.