കാര്‍ഷികവായ്പയില്‍ കുടിശ്ശിക കൂടുന്നു; സര്‍വേ റിപ്പോര്‍ട്ട് സഹകരണ സംഘങ്ങള്‍ക്ക് മുന്നറിയിപ്പ്
കാര്‍ഷിക വായ്പയില്‍ കുടിശ്ശിക കൂടുന്നുവെന്ന കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്റെ (കിഫ) സര്‍വേ റിപ്പോര്‍ട്ട് സംസ്ഥാനത്തെ സഹകരണ സംഘങ്ങള്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ്. കാര്‍ഷികമേഖലയില്‍ ചെറുകിട വായ്പകള്‍ ഏറെയും നല്‍കുന്നത് പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളാണ്. കാര്‍ഷികവായ്പയെടുത്തവരില്‍ 51 ശതമാനംപേര്‍ക്കുമാത്രമേ കൃത്യമായി തിരിച്ചടയ്ക്കാനാവുന്നുള്ളൂ എന്നാണ് സര്‍വേ പറയുന്നത്. സംസ്ഥാനത്തെ കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളായ പ്രാഥമിക സഹകരണ ബാങ്കുകളില്‍ നഷ്ടത്തിലാകുന്നതിന്റെ എണ്ണം കൂടുന്നതിന് സര്‍വേ ചൂണ്ടിക്കാട്ടിയ ഈ കുടിശ്ശിക പ്രശ്‌നം ഒരു പ്രധാന ഘടകമാണ്.
സംസ്ഥാനത്ത് കാര്‍ഷികവായ്പയെടുത്ത 72 ശതമാനം കര്‍ഷകരും തിരിച്ചടവ് മുടങ്ങിയവരാണെന്നാണ് സര്‍വേ റിപ്പോര്‍ട്ട്. ഓരോ കര്‍ഷകനും ശരാശരി 5.46 ലക്ഷംരൂപയുടെ കടബാധ്യതയുണ്ട്. മൂന്നുവര്‍ഷംകൊണ്ട് കടബാധ്യത ഇരട്ടിയായതായും 14 ശതമാനം കര്‍ഷകര്‍ ജപ്തി ഭീഷണി നേരിടുന്നതായും സര്‍വേ പറയുന്നു. 291 പഞ്ചായത്തുകളിലായി 1572 കര്‍ഷകരിലാണ് സര്‍വേ നടത്തിയത്. 152 വില്ലേജുകളിലായി 2019ല്‍ നാഷണല്‍ സാംപിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ (എന്‍.എസ്.എസ്.ഒ.) നടത്തിയ സര്‍വേ അനുസരിച്ച് കേരളത്തിലെ ശരാശരി കടബാധ്യത 2,42,482 രൂപയായിരുന്നു. എന്നാല്‍, ഈ സര്‍വേപ്രകാരം കടം 5,46,850 രൂപയായി ഉയര്‍ന്നു.
60 ശതമാനം കര്‍ഷകരുടെയും വായ്പത്തിരിച്ചടവ് മുടങ്ങിയതിന് പ്രധാനകാരണം വന്യമൃഗശല്യമാണ്. കാട്ടുപന്നി, കുരങ്ങ്, കാട്ടാന എന്നിവയാണ് കൂടുതല്‍ ശല്യക്കാര്‍. ഏലം, ക്ഷീര, കൈതച്ചക്ക, റബ്ബര്‍, നാളികേര കര്‍ഷകരാണ് കടക്കെണിയില്‍പ്പെട്ടവരില്‍ മുമ്പില്‍. എല്ലാ വിഭാഗത്തിലും 70 ശതമാനത്തിലേറെ കടക്കാരാണ്.കാര്‍ഷികവായ്പയെടുത്തവരില്‍ 51 ശതമാനംപേര്‍ക്കുമാത്രമേ കൃത്യമായി തിരിച്ചടയ്ക്കാനാവുന്നുള്ളൂ. 29 ശതമാനംപേര്‍ കുറച്ചുവീതം തിരിച്ചടയ്ക്കുന്നുണ്ട്. സബ്‌സിഡി ലഭിക്കാത്ത കാര്‍ഷികവായ്പകളാണ് കൂടുതല്‍പേരുമെടുത്തിരിക്കുന്നത്. പകുതിയില്‍ താഴെപ്പേര്‍ക്കുമാത്രമേ നാലുശതമാനം പലിശയുള്ള സബ്‌സിഡി വായ്പകള്‍ ലഭിച്ചിട്ടുള്ളൂവെന്നും സര്‍വേ പറയുന്നു.
സഹകരണ ബാങ്കുകളില്‍നിന്ന് എടുക്കുന്ന കാര്‍ഷിക വായ്പയ്ക്ക് സബ്‌സിഡി നിലച്ചിട്ട് കാലങ്ങളായി. ഇത് കാര്‍ഷിക വായ്പയുടെ തിരിച്ചടവ് മുടങ്ങുന്നതിന്റെ ഒരു പ്രധാന ഘടകമാണ്. സഹകരണ സംഘങ്ങളിലൂടെയുള്ള കാര്‍ഷിക വായ്പ പലിശരഹിതമാണ് എന്നാണ് പ്രഖ്യാപനം. നാല് ശതമാനം നബാര്‍ഡും മൂന്നുശതമാനം സര്‍ക്കാരും സഹകരണ സംഘങ്ങള്‍ക്ക് നല്‍കിയാലാണ് പലിശ രഹിതമാകുന്നത്. നബാര്‍ഡ് സഹായം കേരളബാങ്ക് രൂപീകരണത്തിന് ശേഷം പ്രാഥമിക ബാങ്കുകള്‍ക്ക് കിട്ടുന്നില്ല. പത്തുവര്‍ഷമായി സര്‍ക്കാര്‍ വിഹിതവും നല്‍കുന്നില്ല. തിരിച്ചടവ് മുടക്കുന്നവര്‍ക്കാണ് ഇപ്പോള്‍ സര്‍ക്കാര്‍ സഹായമുള്ളത്.
കാര്‍ഷിക കടാശ്വാസം, ഒറ്റത്തവണ തീര്‍പ്പാക്കല്‍ എന്നിവയെല്ലാം ഇവര്‍ക്കുള്ളതാണ്. കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്കായിരുന്നു പലിശ രഹിത പദ്ധതിയുടെ ഇളവ് അത് ഇല്ലാതാക്കി. കുടിശ്ശികയായ കാര്‍ഷിക വായ്പകള്‍ തിരിച്ചുപിടിക്കാന്‍ സഹകരണ സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ അപ്രഖ്യാപിത വിലക്കുണ്ട്. ഫലത്തില്‍ കാര്‍ഷിക വായ്പയുടെ കുടിശ്ശിക കൂടുന്നുവെന്ന സര്‍വേ റിപ്പോര്‍ട്ട് സഹകരണ സംഘങ്ങള്‍ നേരിടുന്ന ഭീഷണിയുടെ തോത് എത്രവലുതാണെന്ന മുന്നറിയിപ്പാണ് നല്‍കുന്നത്.