കാന്‍സര്‍ സമ്മേളനം : പ്രബന്ധം, സെമിനാര്‍, ചര്‍ച്ച,സംവാദം എന്നിവയോടെ സജീവ തുടക്കം
കോഴിക്കോട്ടെ എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആതിഥ്യമരുളുന്ന രണ്ടാമത് അന്തര്‍ദേശീയ കാന്‍സര്‍ സമ്മേളനത്തിനു വെള്ളിയാഴ്ച തുടക്കമായി. കാന്‍സര്‍ സെന്ററിലെ മൂന്നു ഹാളുകളിലാണ് സമ്മേളനം നടക്കുന്നത്. പ്രബന്ധാവതരണം, സെമിനാര്‍, ചര്‍ച്ച, സംവാദം, വര്‍ക്ക്‌ഷോപ്പ് എന്നിവയാണ് പ്രധാന പരിപാടികള്‍.
അമേരിക്ക , ഇംഗ്ലണ്ട് , ജപ്പാന്‍ , ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ വിവിധ കാന്‍സര്‍ സെന്ററുകളില്‍ നിന്നുംമറ്റു ആശുപത്രികളില്‍ നിന്നുമായി എഴുനൂറോളം ഡോക്ടര്‍മാര്‍ സമ്മേളനത്തില്‍പങ്കെടുക്കുന്നുണ്ട്. കാന്‍സര്‍ ചികിത്സയില്‍ ഉപരിപഠനം നടത്തുന്ന ഇരുന്നൂറോളംവിദ്യാര്‍ത്ഥികളും സമ്മേളനത്തിനെത്തിയിട്ടുണ്ട്.
മറ്റു ഭാഗങ്ങളിലേക്ക് കാന്‍സര്‍
പടരുന്നത് പ്രധാന വെല്ലുവിളി
രോഗം തുടങ്ങിയ അവയവത്തില്‍ നിന്നു മറ്റുഭാഗങ്ങളിലേക്ക് കാന്‍സര്‍ പടരുന്നത് എങ്ങനെ തടയാം എന്നതാണ് ഇന്ന് കാന്‍സര്‍ ചികിത്സകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ഈ വിഷയമാണ് സമ്മേളനം മുഖ്യമായും ചര്‍ച്ച ചെയ്യുന്നത്. തുടക്കം എവിടെയാണെന്നറിയാത്ത ,
മറ്റു ശരീര ഭാഗങ്ങളിലേക്ക് പടരുന്ന കാന്‍സറിന്റെ സ്വഭാവത്തെക്കുറിച്ചും അതേക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കി എങ്ങനെ വരുതിയില്‍ നിര്‍ത്താം എന്നതിനെക്കുറിച്ചുമുള്ള പ്രബന്ധാവതരണത്തോടെയാണ് ആദ്യ ദിവസം സമ്മേളനം ആരംഭിച്ചത്. ഈ വിഷയത്തില്‍ കാന്‍സര്‍ ചികിത്സാരംഗത്തെ പ്രമുഖര്‍ പങ്കെടുത്ത പാനല്‍ ചര്‍ച്ചയും നടന്നു . തുടര്‍ന്ന്,കാന്‍സറിന്റെ മൂലകോശങ്ങളെക്കുറിച്ചും നൂതന ചികിത്സാ മാര്‍ഗമായ ഇമ്മ്യൂണോ തെറപ്പിയെക്കുറിച്ചും ടാര്‍ജെറ്റഡ് ചികിത്സയെക്കുറിച്ചും സജീവചര്‍ച്ചകളും സെമിനാറുകളും നടന്നു .
വിദഗ്ധരുടെ വട്ടമേശ ചര്‍ച്ച
കാന്‍സറിനുള്ള കാരണങ്ങള്‍ , അതിന്റെ മോളിക്യൂലര്‍ ബയോളജി , നൂതനമായ ഡയഗ്‌നോസിസ് മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ചാണ് ആദ്യദിവസം വിദഗ്ധര്‍ പ്രധാനമായും ചര്‍ച്ച ചെയ്തത്. ഇന്ത്യയില്‍ കാന്‍സര്‍ എത്രത്തോളം ഭീകരമാണ്, അത് തടയാന്‍ സര്‍ക്കാര്‍ എന്തൊക്കെയാണ്
ചെയ്യുന്നത്, കൂടുതലായി എന്തൊക്കെ ചെയ്യണം എന്നതൊക്കെ സമ്മേളനത്തില്‍ ചര്‍ച്ചാവിഷയമായി. രാജ്യത്തെ കാന്‍സര്‍ ചികിത്സയിലും അത് തടയാനുള്ള മാര്‍ഗങ്ങളിലും ചികിത്സകര്‍ നേരിടുന്നവെല്ലുവിളികളും അവയെ എങ്ങനെ അതിജീവിക്കാം എന്നതും സംബന്ധിച്ച് വിദഗ്ധരുടെ റൗണ്ട് ടേബിള്‍ ചര്‍ച്ചയുമുണ്ടായിരുന്നു .
ശസ്ത്രക്രിയ, റേഡിയേഷന്‍ തുടങ്ങിയ മേഖലകളിലെ നൂതനവും സങ്കീര്‍ണതയേറിയതുമായ ചികിത്സാ മാര്‍ഗങ്ങളെക്കുറിച്ച് കാന്‍സര്‍ സെന്ററിലെ മറ്റൊരു ഹാളില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ശില്പശാലകള്‍ നടന്നു . വയറിനുള്ളിലെ വലിയ അര്‍ബുദങ്ങള്‍ക്കുള്ള നൂതന ശസ്ത്രക്രിയാ രീതിയായ ഹൈപെക് അഥവാ Intraperitoneal hyperthermic chemoperfusion എന്ന ചികിത്സാ രീതിയെക്കുറിച്ചായിരുന്നു മറ്റൊരു ചര്‍ച്ച. ചികിത്സാ രീതിയുടെ സാങ്കേതികവശങ്ങള്‍, അതിനു വേണ്ട പ്രത്യേക അനസ്തേഷ്യ സംവിധാനം,
ചികിത്സ കഴിഞ്ഞാല്‍ രോഗിക്ക് നല്‍കേണ്ട തീവ്ര പരിചരണം ,ഫിസിയോതെറപ്പി തുടങ്ങിയ വശങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ച . ജപ്പാനില്‍ നിന്നുള്ള കാന്‍സര്‍ വിദഗ്ധരായ പ്രൊഫ. യോനെമുറ , പ്രൊഫ. ഇഷിഗാമി ,ഇംഗ്ലണ്ടില്‍ നിന്നുള്ള കാന്‍സര്‍ വിദഗ്ധന്‍ ഡോ. ഫഹീസ് അഹമ്മദ് , എം.വി. ആര്‍.കാന്‍സര്‍ സെന്ററിലെ സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റുകളായ ഡോ. ദിലീപ് ദാമോദരന്‍ ,ഡോ. ശ്യാം വിക്രം, ഡോ. ദീപക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഈ ചര്‍ച്ച.
കരളിലെ അര്‍ബുദം
കരളിനെ ബാധിക്കുന്ന കാന്‍സര്‍ ചികിത്സക്ക് നല്‍കുന്ന അതിനൂതനവും സങ്കീര്‍ണ്ണവുമായSBRT ( Stereotactic Body Radiotherapy ) എന്ന ചികിത്സാ രീതിയെക്കുറിച്ച് ടാറ്റ മെമ്മോറിയല്‍ കാന്‍സര്‍ സെന്ററിലെ ഡോ. സുപ്രിയ ശാസ്ത്രി , സി. എം. സി. വെല്ലൂരിലെ ഡോ. റാം , എം. വി. ആര്‍. കാന്‍സര്‍ സെന്ററിലെ ഡോ. അരുണ്‍ ലാല്‍എന്നിവരുടെ നേതൃത്വത്തില്‍ ശില്‍പ്പശാല നടത്തി.
സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ശനിയാഴ്ച പുതിയതും സങ്കീര്‍ണമായതുമായ കാന്‍സര്‍ ചികിത്സാ രീതികളെക്കുറിച്ചാണ്ചര്‍ച്ചകള്‍ നടക്കുന്നത്. മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന് എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍, കാന്‍സര്‍ സെന്‍ന്റര്‍ മെഡിക്കല്‍ ഡയരക്ടര്‍ ഡോ. നാരായണന്‍കുട്ടി വാരിയര്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്.