കണ്‍സ്യൂമര്‍ഫെഡ് എം.ഡി.നിയമനത്തിനുള്ള സര്‍ക്കാര്‍തല സമിതിയില്‍ പി.എസ്. രാജേഷും
കണ്‍സ്യൂമര്‍ഫെഡ് മാനേജിങ് ഡയറക്ടറുടെ നിയമനത്തിനായി അഭിമുഖം നടത്തുന്നതിനും യോഗ്യത പരിശോധിക്കുന്നതിനും സര്‍ക്കാര്‍ നിയോഗിച്ച സമിതിയില്‍ സഹകരണ സംഘം അഡീഷണല്‍ രജിസ്ട്രാര്‍ ബിനോയ് കുമാറിന് പകരം സഹകരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി പി.എസ്. രാജേഷിനെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. സമിതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നതിനുള്ള അസൗകര്യം ബിനേഷ് അറിയിച്ചതിനെത്തുടര്‍ന്നാണ് മാറ്റം. ഇക്കാര്യം സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കാരിനെ അറിയിച്ചു. പകരം, മറ്റൊരാളെ ഉള്‍പ്പെടുത്തി സമിതി പുനസംഘടിപ്പിക്കണമെന്നു രജിസ്ട്രാര്‍ സര്‍ക്കാരിന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിനോയ് കുമാറിന് പകരം പി.എസ്. രാജേഷിനെ ഉള്‍പ്പെടുത്തിയത്.
സഹകരണ വകുപ്പ് സെക്രട്ടറി ചെയര്‍പേഴ്‌സണായുള്ള അഞ്ചംഗ സമിതിയാണ് കണ്‍സ്യൂമര്‍ ഫെഡ് എം.ഡി. നിയമനത്തിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനായി രൂപവത്കരിച്ചത്. സഹകരണ വകുപ്പ് സെക്രട്ടറിക്ക് പുറമെ സഹകരണ സംഘം രജിസ്ട്രാര്‍, കോ-ഓപ്പറേറ്റീവ് പ്രൊഫഷണല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ.ആര്‍. ശശികുമാര്‍, ഐ.എം.കെ. പ്രൊഫസര്‍ ഡോ.കെ.എസ്. ചന്ദ്രശേഖര്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. എം.ഡി. തസ്തികയിലേക്ക് നേരത്തെ സഹകരണ വകുപ്പ് അപേക്ഷ ക്ഷണിച്ചിരുന്നു. ഈ അപേക്ഷകള്‍ പരിശോധിച്ച് അഭിമുഖം നടത്തുന്നതിനുള്ള ചുമതലയാണ് സെലക്ഷന്‍ കമ്മിറ്റിക്ക് നല്‍കിയിട്ടുള്ളത്.
ഡെപ്യൂട്ടേഷന്‍ അല്ലെങ്കില്‍ കരാര്‍ വ്യവസ്ഥയിലാണ് മാനേജിങ് ഡയറക്ടറെ നിയമിക്കുന്നത്. ഐ.എ.എസ്., ഐ.പി.എസ്. റാങ്കിലുള്ളവര്‍, സഹകരണ വകുപ്പ് അഡീഷണല്‍ രജിസ്ട്രാര്‍, അല്ലെങ്കില്‍ തുല്യറാങ്കിലുള്ള സര്‍ക്കാര്‍ തസ്തികയിലുള്ളവര്‍, ജില്ലാ ബാങ്ക് ജനറല്‍ മാനേജര്‍മാര്‍ എന്നിവര്‍ക്കാണ് അപേക്ഷിക്കാവുന്നത്. ഫിനാന്‍സ്, ബാങ്കിങ്, മാര്‍ക്കറ്റിങ് മേഖലയില്‍ എം.ബി.എ. ഉള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. മാനേജീരിയല്‍ തലത്തില്‍ അഞ്ചു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമുള്ളവരാകണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ വിജ്ഞാപനമനുസരിച്ച് അപേക്ഷിച്ചവരെയാണ് സെലക്ഷന്‍ കമ്മിറ്റി അഭിമുഖം നടത്തുക. ഈ അഭിമുഖത്തില്‍ ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.