കടാശ്വാസവും സംഘങ്ങളെ കടക്കെണിയിലാക്കുന്നു
കര്‍ഷകസംരക്ഷണം ഒരു നാടിന്റെ രക്ഷയ്ക്കു സ്വീകരിക്കേണ്ട അനിവാര്യ നടപടിയാണ്. കൃഷിഭൂമി തരിശാവുന്നതും കര്‍ഷകന്‍ പ്രതിസന്ധിയിലാകുന്നതും നല്ല നാളെയുടെ ലക്ഷണമല്ല. അതുകൊണ്ടാണ് കര്‍ഷക ആത്മഹത്യ ഏറ്റവും അപകടകരമായ ഒന്നായി സമൂഹം കാണുന്നത്. കര്‍ഷകന്റെ വായ്പയില്‍ ജപ്തി നടപടിയിലേക്ക് ബാങ്കുകള്‍ നീങ്ങുമ്പോള്‍ സമൂഹം ബാങ്കിനെതിരാവുന്നതും ഇക്കാരണത്താലാണ്. കര്‍ഷകരെ സഹായിക്കാനുള്ള ഉത്തരവാദിത്തം ബാങ്കുകള്‍ക്കും അതിലുപരി സര്‍ക്കാരിനുമുണ്ട്. പലിശ നല്‍കി നിക്ഷേപം സ്വീകരിച്ച്, ആ നിക്ഷേപം ഉപയോഗിച്ച് വായ്പ നല്‍കുന്ന ബാങ്കിന് പലിശ ഉപേക്ഷിക്കാനാവില്ല. അങ്ങനെ ഉപേക്ഷിച്ചാല്‍ ബാങ്കിങ് സംവിധാനം തന്നെ പ്രതിസന്ധിയിലാകും. ഇതുണ്ടാക്കുന്ന സാമ്പത്തിക അരാജകത്വം ചെറുതാവില്ല. അവിടെയാണ് സര്‍ക്കാരിന്റെ റോള്‍. ലളിതമായ ഉപാധികളോടെ കാര്‍ഷിക വായ്പ അനുവദിക്കുകയും പലിശയുടെ ബാധ്യത സര്‍ക്കാര്‍ വഹിക്കുകയും ചെയ്യുമ്പോഴാണ് കാര്‍ഷിക മേഖലയും കര്‍ഷകരും സംരക്ഷിക്കപ്പെടുന്നത്. ഈ ഉത്തരവാദിത്തം സര്‍ക്കാരും ബാങ്കുകളും നിര്‍വഹിക്കുമ്പോഴും പാളിച്ചകള്‍ ഏറെയുണ്ടെന്നതിന് തെളിവാണ് ഇപ്പോഴും നടക്കുന്ന കര്‍ഷക ആത്മഹത്യകള്‍. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കേരളത്തില്‍ 15 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. ഇതിന് മാറ്റം വരണമെങ്കില്‍ സര്‍ക്കാര്‍ ആശ്വാസ സഹായം നല്‍കുകയും ബാങ്കുകള്‍ അതിനോട് സഹകരിക്കുകയും വേണം. ഇതിന് കേരളത്തിലുണ്ടാക്കിയ സംവിധാനമാണ് കാര്‍ഷിക കടാശ്വാസക്കമ്മീഷന്‍.
സാമൂഹിക ഉത്തരവാദിത്തം
വായ്പ തിരിച്ചടയ്ക്കാനാവാതെ വരുന്ന കര്‍ഷകര്‍ക്ക് സഹായം നല്‍കുന്നതാണ് കടാശ്വാസക്കമ്മീഷന്റെ പ്രവര്‍ത്തന ദൗത്യം. ഇതിന് കര്‍ഷകനാണെന്ന് തെളിയിക്കാന്‍ കൃഷിവകുപ്പിന്റെ രേഖ നല്‍കണം. കൃഷിഭൂമിയുണ്ടെന്ന് വില്ലേജ് ഓഫീസറും സാക്ഷ്യപ്പെടുത്തണം. വായ്പയുടെ വിവരങ്ങള്‍ ബാങ്കും നല്‍കണം. ഈ രേഖകളുമായാണ് കമ്മീഷന് അപേക്ഷ നല്‍കുന്നത്. അമ്പതിനായിരം രൂപ വരെയുള്ള വായ്പകള്‍ക്ക് 50 ശതമാനവും അമ്പതിനായിരത്തിന് മുകളിലുള്ളവയ്ക്ക് 75 ശതമാനമോ അല്ലെങ്കില്‍ ഒരു ലക്ഷം രൂപയോ ആണ് കമ്മീഷന്‍ അനുവദിക്കുന്ന പരമാവധി സഹായം. ലഭിക്കുന്ന അപേക്ഷകള്‍ പരിശോധിച്ച്, അപേക്ഷകരെയും ബാങ്ക് പ്രതിനിധിയേയും നേരില്‍ക്കേട്ടാണ് കമ്മീഷന്‍ തീര്‍പ്പുണ്ടാക്കുന്നത്. കേരളത്തിലെ സഹകരണ സംഘങ്ങളില്‍ നിന്നെടുത്ത വായ്പകള്‍ക്കാണ് കടാശ്വാസക്കമ്മീഷന്റെ സഹായം ലഭിക്കുന്നത്. വാണിജ്യ ബാങ്കുകളില്‍ നിന്ന് കര്‍ഷകരെടുത്ത വായ്പകള്‍ക്ക് കൂടി ഇത് ബാധകമാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ടെങ്കിലും അതിന് നിയമഭേദഗതിയും മറ്റ് ഒട്ടേറെ പ്രതിബന്ധങ്ങളും മറികടക്കേണ്ടതുണ്ട്. സ്വര്‍ണപ്പണയ വായ്പ, ബിസിനസ് വായ്പ എന്നിവ ഒഴികെയുള്ള എല്ലാതരം വായ്പകള്‍ക്കും കടാശ്വാസ ക്കമ്മീഷന്റെ സഹായം ലഭിക്കുന്നുണ്ട്. ആഡംബരമല്ലാത്ത വീട് നിര്‍മിക്കാനെടുത്ത വായ്പകള്‍ക്ക് പോലും ഇളവ് നല്‍കിയിട്ടുണ്ട്. ഇത്തരമൊരു രീതി കാര്‍ഷിക വ്യവസ്ഥയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ഒരു ഭരണ സംവിധാനത്തില്‍ അനിവാര്യമാണ്. അര്‍ഹതപ്പെട്ട കര്‍ഷകനെ സാമ്പത്തികമായി സഹായിക്കുകയെന്ന സമൂഹിക ഉത്തരവാദിത്തമാണ് ഇതുവഴി സര്‍ക്കാര്‍ നിര്‍വഹിക്കുന്നത് എന്നതില്‍ തര്‍ക്കമില്ല.
കാര്‍ഷിക കടാശ്വാസക്കമ്മീഷന്‍ എന്നത് കേരളത്തിന്റെ മാതൃകാപരമായ സംഭാവനയാണെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ വിലയിരുത്തല്‍. 2018-19 വര്‍ഷത്തെ കര്‍ണാടക ബജറ്റിലെ ഒരു പ്രഖ്യാപനം കേരളമാതൃകയില്‍ കടാശ്വസക്കമ്മീഷന്‍ രൂപവത്കരിക്കുമെന്നതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടക സഹകരണ മന്ത്രി, സഹകരണ സംഘം രജിസ്ട്രാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു ഉദ്യോഗസ്ഥ സംഘം കേരളത്തിലെത്തുകയും കമ്മീഷന്റെ പ്രവര്‍ത്തനം പരിശോധിക്കുകയും ചെയ്തു. സഹകരണ മേഖലയിലെ ക്ഷേമനിധി ബോര്‍ഡുകളും അവര്‍ സന്ദര്‍ശിക്കുകയുണ്ടായി. സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി സംഘം ചര്‍ച്ച നടത്തുകയും ചെയ്തു. അതായത്, കര്‍ഷകരെ സഹായിക്കാനുള്ള സര്‍ക്കാരിന്റെ ഔദ്യോഗിക ഉപാധിയാണ് കടാശ്വാസക്കമ്മീഷനെന്ന് അയല്‍ സംസ്ഥാനങ്ങള്‍പോലും അംഗീകരിച്ചുവെന്നാണ് ഇത് വെളിവാക്കുന്നത്.
സംഘങ്ങളെ കുരുക്കുന്നു
വാണിജ്യബാങ്കുകളെക്കാള്‍ കര്‍ഷകര്‍ക്കും കാര്‍ഷികാവശ്യത്തിനും വായ്പ നല്‍കുന്നത് സഹകരണ സംഘങ്ങളാണെന്ന് വിലയിരുത്തിയത് നബാര്‍ഡാണ്. ഇന്ത്യയില്‍ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളില്ലെങ്കില്‍ കാര്‍ഷികമേഖല തകര്‍ന്നു തരിപ്പണമാവുകയും കര്‍ഷക ആത്മഹത്യ പെരുകുകയും ചെയ്‌തേനെയെന്നും ഗ്രാമീണ കാര്‍ഷിക മേഖലയെക്കുറിച്ചുള്ള നബാര്‍ഡിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പക്ഷേ, കേരളത്തിലെ കടാശ്വാസ നടപടികള്‍ സഹകരണ സംഘങ്ങളുടെ സാമ്പത്തികശേഷി പരിഗണിക്കാതെയുള്ളതാണെന്ന വസ്തുത ഇനിയും വേണ്ടത്ര ഗൗരവത്തില്‍ സര്‍ക്കാര്‍ പരിശോധിച്ചിട്ടില്ല. സഹകരണ മേഖലയിലെ ജീവനക്കാരോ സഹകാരികളോ ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നോയെന്നതിലും സംശയമുണ്ട്. കടാശ്വാസക്കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുകയും അത് നിലനിര്‍ത്തേണ്ടതാണെന്ന് വിശ്വസിക്കുകയും ചെയ്തുകൊണ്ടുതന്നെയാണ് സഹായധനം അനുവദിക്കുന്നതിലെ വീഴ്ച വിമര്‍ശിക്കേണ്ടിവരുന്നത്.
കര്‍ഷകരുടെ അപേക്ഷയില്‍ തീര്‍പ്പാക്കിയാലും കമ്മീഷന്‍ പ്രഖ്യാപിക്കുന്ന സഹായധനം സഹകരണ സംഘങ്ങള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ വര്‍ഷങ്ങളെടുക്കുന്നു എന്നതാണ് പ്രശ്‌നം. ഇങ്ങനെ സര്‍ക്കാര്‍ കൊടുക്കാതിരിക്കുന്ന പണത്തിന് സഹകരണ സംഘങ്ങള്‍ പിഴപ്പലിശ നല്‍കേണ്ടിവരുന്നു. വലിയ സാമ്പത്തിക നഷ്ടമാണ് ഇത് സംഘങ്ങള്‍ക്ക് വരുത്തിവെക്കുന്നത്. അതായത്, ജില്ലാ സഹകരണ ബാങ്കുകളില്‍നിന്ന് നല്‍കുന്ന വായ്പത്തുക ഉപയോഗിച്ചാണ് പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ കര്‍ഷകര്‍ക്ക് കടം കൊടുക്കുന്നത്. ഒരു വര്‍ഷത്തേക്കാണ് ജില്ലാബാങ്കുകള്‍ പ്രാഥമിക സംഘങ്ങള്‍ക്ക് വായ്പ നല്‍കുന്നത്. ആറ് ശതമാനമാണ് ഇതിന്റെ പലിശ. ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ മുതലും പലിശയും ജില്ലാബാങ്കിന് പ്രാഥമിക സംഘങ്ങള്‍ തിരിച്ചുനല്‍കണം. ഇതില്‍ വീഴ്ചവന്നാല്‍ രണ്ടു ശതമാനം അധികപ്പലിശ കൂടി ജില്ലാബാങ്കിന് കൊടുക്കേണ്ടിവരും.
ജില്ലാ ബാങ്കുകളില്‍ നിന്നെടുത്ത വായ്പയാണ് കാര്‍ഷിക വായ്പയായി പ്രാഥമിക സംഘങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കുന്നത്. കര്‍ഷകനില്‍ നിന്ന് ഏഴു ശതമാനം പലിശയാണ് ഈടാക്കുന്നത്. കൃത്യമായി തിരിച്ചടച്ചാല്‍ നബാര്‍ഡിന്റെ മൂന്നു ശതമാനവും സംസ്ഥാന സര്‍ക്കാരിന്റെ നാലു ശതമാനവും പലിശയിളവ് കര്‍ഷകന് ലഭിക്കും. തിരിച്ചടവ് കൃത്യമല്ലാത്ത വായ്പകളാണ് കടാശ്വാസക്കമ്മീഷന്റെ സഹായത്തിനായി പരിഗണിക്കുന്നതിലേറെയും. ഇങ്ങനെ നല്‍കിയ അപേക്ഷ ഒന്നും രണ്ടും വര്‍ഷം കഴിഞ്ഞാണ് കമ്മീഷന്‍ പരിഗണിക്കുന്നത് എന്നതാണ് ഒന്നാമത്തെ പ്രശ്‌നം. അത്രയും കാലം വായ്പ കുടിശ്ശികയായി കിടക്കും. ഇനി കമ്മീഷന്‍ അപേക്ഷയില്‍ തീര്‍പ്പാക്കുമ്പോള്‍ മിക്കവാറും പലിശയില്‍ ഇളവ് അനുവദിക്കണമെന്നും ആവശ്യപ്പെടും. ഇതിന് ശേഷമാണ് സഹായധനം പ്രഖ്യാപിക്കുക. കമ്മീഷന്‍ പ്രഖ്യാപിച്ച സഹായം ബാങ്കിന് നല്‍കേണ്ടത് സര്‍ക്കാരാണ്. കമ്മീഷന്റെ ഉത്തരവിറങ്ങിയാല്‍ കൃഷി , സഹകരണ , ധനകാര്യ വകുപ്പുകള്‍ കടന്നാണ് സഹായധനം കിട്ടുക. ഇതിനും രണ്ടോ അതിലധികമോ വര്‍ഷമെടുക്കുന്നുണ്ട്. എന്നാല്‍, കമ്മീഷന്റെ ഉത്തരവിറങ്ങിയ ഉടനെ കര്‍ഷകന്റെ വായ്പ തീര്‍ത്ത് രേഖ തിരിച്ചുനല്‍കണമെന്നാണ് വ്യവസ്ഥ. കമ്മീഷന്‍ അനുവദിച്ച സഹായധനത്തിന് പുറമെ വായ്പ തീര്‍പ്പാക്കാന്‍ കര്‍ഷകന്‍ പണം നല്‍കേണ്ടതുണ്ടെങ്കില്‍ അതിന് ആറുമാസം സമയം അനുവദിക്കാറുണ്ട്.
സര്‍ക്കാര്‍ സംഘങ്ങള്‍ക്ക് പണം നല്‍കാന്‍ വൈകുന്നതോ കടാശ്വാസക്കമ്മീഷന്‍ അപേക്ഷയില്‍ തീര്‍പ്പാക്കാന്‍ വൈകുന്നതോ ജില്ലാ ബാങ്കിനെ ബാധിക്കുന്നില്ലെന്നതാണ് ഇതിലുള്ള പ്രശ്‌നം. ജില്ലാ ബാങ്കിന് പ്രാഥമിക സംഘങ്ങള്‍ നല്‍കാനുള്ള പണം പലിശ സഹിതം വായ്പാകാലാവധിക്കുള്ളില്‍ നല്‍കണം. അല്ലെങ്കില്‍ പിഴപ്പലിശ ഈടാക്കും. കടാശ്വാസക്കമ്മീഷന്‍ വായ്പയുടെ പലിശയില്‍ വരുത്തുന്ന കുറവ് പ്രാഥമിക സംഘങ്ങളുടെ നഷ്ടമാണ്. ഈ കുറവിനനുസരിച്ചുള്ള ഇളവ് തിരിച്ചടവില്‍ ജില്ലാ ബാങ്കില്‍നിന്ന് സംഘങ്ങള്‍ക്ക് ലഭിക്കുന്നില്ല. ഇനി സര്‍ക്കാര്‍ പണം നല്‍കിയാലും ഇല്ലെങ്കിലും ജില്ലാ ബാങ്കിനുള്ള തിരിച്ചടവ് സമയത്ത് ലഭിക്കണം. കിട്ടാത്ത പണത്തിന് പലിശയും കൂട്ടുപലിശയും നല്‍കേണ്ട അവസ്ഥയാണ് പ്രാഥമിക സംഘങ്ങള്‍ക്ക്. ഈ നഷ്ടത്തിന്റെ തോത് പ്രാഥമിക സംഘങ്ങള്‍ പ്രത്യേകമായി കണക്കാക്കാത്തതുകൊണ്ടാണ് അതിന്റെ വലുപ്പം അറിയാതെ പോകുന്നത്.
സഹായം നല്‍കാന്‍ ബാക്കി
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 14,552 പേരുടെ വായ്പകള്‍ക്കാണ് കടാശ്വാസക്കമ്മീഷന്റെ സഹായം ലഭിച്ചത്. 39.93 കോടി രൂപയാണ് ഇതിന് സര്‍ക്കാര്‍ നല്‍കേണ്ടത്. ഇതില്‍ 2017 മുതലുള്ള സഹായം നല്‍കാന്‍ ബാക്കിയാണ്. അതായത്, കമ്മീഷന്‍ ഉത്തരവിട്ട സഹയധനത്തിന്റെ അഞ്ചിലൊന്ന് പോലും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. കണക്കനുസരിച്ച് ഇത്രയും തുകയ്ക്ക് ആറു ശതമാനം പലിശയും രണ്ടു ശതമാനം കൂട്ടുപലിശയും ചേര്‍ത്ത് പ്രാഥമിക സഹകരണ സംഘങ്ങള്‍ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് നല്‍കിക്കൊണ്ടിരിക്കണം. ഇതുണ്ടാക്കുന്ന നഷ്ടം എത്രയാണെന്ന് കണക്കാക്കിയാലറിയാം നടപടിക്രമത്തിലെ വീഴ്ചയുടെ ആഘാതം.
ജില്ലാ ബാങ്കുകള്‍ പ്രാഥമിക സംഘങ്ങള്‍ക്ക് ക്യാഷ് ക്രെഡിറ്റ് രീതിയിലാണ് വായ്പ നല്‍കുന്നത്. അതിനാല്‍, സര്‍ക്കാരില്‍ നിന്നുള്ള പണം ലഭിക്കുന്നതിന് കാത്തുനില്‍ക്കാതെ പ്രാഥമിക സംഘങ്ങള്‍ ഓരോ വര്‍ഷവും ക്യാഷ് ക്രെഡിറ്റ് വായ്പ പുതുക്കിയെടുക്കുകയാണ് സാധാരണ ചെയ്യാറുള്ളത്. അതിനാല്‍, കുടിശ്ശിക ഉണ്ടാവുകയോ ജില്ലാ ബാങ്കിന് പിഴപ്പലിശ നല്‍കേണ്ടിവരികയോ ചെയ്യുന്നില്ലെന്നത് ഒരു വസ്തുതയാണ്. അപ്പോഴും, സര്‍ക്കാര്‍ നല്‍കാനുള്ള പണത്തിന്റെ രണ്ടു ശതമാനത്തോളം നഷ്ടം ഈ സംഘങ്ങള്‍ക്ക് വരുന്നുണ്ട്. ഒമ്പതു ശതമാനം നിരക്കില്‍ പൊതുജനങ്ങളില്‍നിന്ന് വാങ്ങിയ നിക്ഷേപം ഉപയോഗിച്ചാണ് ജില്ലാ ബാങ്കിനുള്ള വായ്പ തിരിച്ചടക്കുന്നത്. ഇങ്ങനെ അധികപ്പലിശയ്ക്ക് വാങ്ങിയ പണം ഉപയോഗിച്ച് ജില്ലാ ബാങ്കിലെ വായ്പ തീര്‍ക്കുമ്പോഴാണ് ഈ നഷ്ടം ഉണ്ടാകുന്നത്. കിട്ടാനുള്ള പണം കിട്ടാതിരിക്കുന്നത് ധനകാര്യ സ്ഥാപനങ്ങളെ സംബന്ധിച്ച് നഷ്ടവും പലിശയിനത്തില്‍ നല്‍കേണ്ടിവരുന്നത് അധിക ബാധ്യതയുമാണ്. സര്‍ക്കാര്‍സഹായം വേഗത്തില്‍ നല്‍കുകയാണ് ഇതിനുള്ള പരിഹാരം. പക്ഷേ, അത് സര്‍ക്കാര്‍ സംവിധാനത്തില്‍ പ്രതീക്ഷിക്കാനാവില്ല. പകരം, കാര്‍ഷിക കടാശ്വാസക്കമ്മീഷന്‍ അനുവദിച്ച സഹായം സര്‍ക്കാരില്‍നിന്ന് കിട്ടുന്നതുവരെ അത്രയും തുകയ്ക്ക് പിഴപ്പലിശ ചുമത്തുന്നതില്‍ നിന്ന് ജില്ലാ ബാങ്കുകളെ തടയുകയെങ്കിലും വേണം. അല്ലെങ്കില്‍, കര്‍ഷകരെ സഹായിക്കുന്നതിന്റെ പേരില്‍ പ്രാഥമിക സഹകരണ സംഘങ്ങളാണ് പ്രതിസന്ധിയിലാകുക.
അപേക്ഷ പെരുകുന്നു;
സഹായം രണ്ടു ലക്ഷമായില്ല
ധനസഹായത്തിനുള്ള അപേക്ഷകള്‍ മുമ്പൊരിക്കലും ഇല്ലാത്തവിധമാണ് ഇത്തവണ കമ്മീഷന് ലഭിക്കുന്നത്. വരുന്ന ഒക്ടോബര്‍ പത്തു വരെ അപേക്ഷ നല്‍കാമെന്നാണ് അറിയിപ്പുള്ളത്. പ്രളയത്തിന് ശേഷം കാര്‍ഷിക മേഖലയിലുണ്ടായ തകര്‍ച്ചയും കര്‍ഷകരുടെ വരുമാനം കുറഞ്ഞതുമാണ് സഹായം തേടിയുള്ള അപേക്ഷയുടെ എണ്ണം കൂടാനുള്ള പ്രധാന കാരണം. എന്നാല്‍, ഈ അപേക്ഷകളൊക്കെ കമ്മീഷന്‍ എന്ന് പരിശോധിച്ച് തീര്‍പ്പാക്കുമെന്ന സംശയം ബാക്കിയാണ്. അഞ്ചു വര്‍ഷം മുമ്പുള്ള അപേക്ഷകളാണ് ഇപ്പോള്‍ കമ്മീഷന്‍ പരിഗണിക്കുന്നത്.
കടാശ്വാസക്കമ്മീഷന്റെ സഹായപരിധി രണ്ടു ലക്ഷമാക്കി ഉയര്‍ത്തിയെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചതും അപേക്ഷകരുടെ എണ്ണം കൂടാന്‍ കാരണമായിട്ടുണ്ട്. എല്ലാ വായ്പകള്‍ക്കും രണ്ടു ലക്ഷം രുപ ഇളവു ലഭിക്കുമെന്നാണ് വായ്പയെടുത്തവരുടെ സാമാന്യധാരണ. ഓരോ അപേക്ഷയിലും പരമാവധി രണ്ടു ലക്ഷം രൂപയാണ് സഹായം . അര്‍ഹതപ്പെട്ട കര്‍ഷകര്‍ക്ക് കമ്മീഷന്റെ സഹായം ലഭിക്കുന്നുണ്ടെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സഹായധനത്തിന്റെ തോത് കൂട്ടാന്‍ തീരുമാനിച്ചത്. രണ്ടു ലക്ഷം രൂപ വരെ സഹായം നല്‍കാനാണ് ഇക്കഴിഞ്ഞ മാര്‍ച്ച് അഞ്ചിനു ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്. എന്നാല്‍, ഈ തീരുമാനം ഇതുവരെ നടപ്പായിട്ടില്ല. കടാശ്വാസ നിയമത്തില്‍ ഭേദഗതി വരുത്തിയാലേ സഹായധനത്തിന്റെ പരിധി ഉയര്‍ത്താനാകൂ എന്നതാണ് പ്രശ്‌നം. നിയമഭേദഗതി ഇതുവരെ നടപ്പായിട്ടില്ല. ഇതിനുള്ള കരട് ബില്ല് തയാറാക്കിയിട്ടേയുള്ളൂ. നിയമഭേദഗതി വന്നാലേ രണ്ടു ലക്ഷത്തിന്റെ ഇളവ് നല്‍കാനാവൂ.
2007 ലെ കേരള സംസ്ഥാന കര്‍ഷക കടാശ്വാസക്കമ്മീഷന്‍ നിയമത്തിലെ 5-ാം വകുപ്പിലെ 3-ാം ഉപവകുപ്പില്‍ ഭേദഗതി കൊണ്ടുവരാനുള്ള നിര്‍ദ്ദിഷ്ട കരട് ഭേദഗതി ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ടെങ്കിലും നിയമമായി മാറിയിട്ടില്ല. അമ്പതിനായിരം രൂപയുടെ വായ്പകളില്‍ പരമാവധി അതിന്റെ 75 ശതമാനവും അമ്പതിനായിരത്തിനു മുകളിലുള്ള വായ്പകളില്‍ 50 ശതമാനമോ ഒന്നര ലക്ഷം രൂപവരെയോ ആണ് ഇപ്പോള്‍ സഹായം നല്‍കുന്നത്. ഇതാണ് രണ്ടു ലക്ഷമാക്കുന്നത്.
കര്‍ഷകരുടെ കടങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കാര്‍ഷിക കടാശ്വാസം വഴിയുള്ള സഹായം രണ്ടു ലക്ഷമാക്കി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനൊപ്പം ഇടുക്കി, വയനാട് ജില്ലകളിലെ കര്‍ഷകരുടെ 2018 മാര്‍ച്ച് 31 വരെയുള്ള വായ്പകള്‍ക്ക് കടാശ്വാസത്തിന് അര്‍ഹതയുണ്ടാവുമെന്നും തീരുമാനിച്ചു. മറ്റ് 12 ജില്ലകളിലെ കര്‍ഷകരുടെ 2014 മാര്‍ച്ച് 31 വരെയുള്ള വായ്പകള്‍ക്കാണ് സഹായത്തിന് അര്‍ഹത.
കൃഷിവകുപ്പ്, വില്ലേജ് ഓഫീസര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റും വായ്പ സംബന്ധിച്ച് സഹകരണ സംഘത്തില്‍നിന്നുള്ള വിവരങ്ങളുമാണ് അപേക്ഷയ്‌ക്കൊപ്പം നല്‍കേണ്ടത്. നഗരമേഖലയിലെ പ്രാഥമിക സഹകരണ കാര്‍ഷിക വായ്പാസംഘങ്ങളിലെല്ലാം അപേക്ഷകരുടെ തിരക്കാണ്. ശരാശരി 600 അപേക്ഷകളാണ് ഓരോ സഹകരണ സംഘത്തില്‍നിന്നും ഇതിനകം തയാറായിട്ടുള്ളത്. സംസ്ഥാനത്ത് 1640 പ്രാഥമിക സഹകരണ ബാങ്കുകള്‍ മാത്രമുണ്ട്. മറ്റ് സഹകരണ സംഘങ്ങള്‍ 12,000 – ത്തോളം വരും. ഇപ്പോഴത്തെ കണക്ക് അനുസരിച്ച് സഹകരണ ബാങ്കുകളില്‍നിന്നുള്ള അപേക്ഷകള്‍ മാത്രം ലക്ഷങ്ങള്‍വരും. എല്ലാ സഹകരണ സംഘങ്ങളില്‍നിന്നും കര്‍ഷകര്‍ എടുത്തിട്ടുള്ള സ്വര്‍ണപ്പണയം, ബിസിനസ് എന്നിവയൊഴികെയുള്ള വായ്പകള്‍ക്ക് കടാശ്വാസത്തിന് അര്‍ഹതയുണ്ടാവും. അതിനാല്‍, അപേക്ഷകളുടെ തോത് മുമ്പില്ലാത്തവിധം കൂടും.
അപേക്ഷളില്‍
തീര്‍പ്പ് എന്ന് ?
ഈ അപേക്ഷകളില്‍ എന്നു തീര്‍പ്പുണ്ടാകുമെന്നതില്‍ കമ്മീഷന്‍ ഓഫീസിനുപോലും കൃത്യമായ മറുപടിയില്ല. കമ്മീഷന്‍ അംഗങ്ങള്‍ പരമാവധി സിറ്റിങ് നടത്തി തീര്‍പ്പുണ്ടാക്കാനാണ് തീരുമാനം. കഴിഞ്ഞ രണ്ടു മാസങ്ങളില്‍ കണ്ണൂര്‍, കാസര്‍കോട്, കോട്ടയം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് സിറ്റിങ് നടന്നത്. 2012-15 കാലയളവിലെ അപേക്ഷകളാണ് ഇവിടെ പരിഗണിച്ചത്. മറ്റു ജില്ലകളിലും സിറ്റിങ് നടത്തുകയും നിലവില്‍ കെട്ടിക്കിടക്കുന്ന അപേക്ഷകളില്‍ തീര്‍പ്പാക്കുകയും ചെയ്തിട്ടുവേണം പുതിയ അപേക്ഷ പരിഗണിക്കാന്‍. ഇത് എപ്പോള്‍ തുടങ്ങുമെന്ന് പോലും ഉറപ്പില്ല.
പുതിയ അപേക്ഷകള്‍ പരിഗണിക്കാന്‍ സഹായധനം രണ്ടു ലക്ഷമാക്കിയുള്ള സര്‍ക്കാര്‍തീരുമാനം കൂടി പ്രാബല്യത്തില്‍ വരണം. ഇതിനാവശ്യമായ നിയമ ഭേദഗതിക്കുള്ള നടപടി തുടങ്ങിയിട്ടുണ്ട്. ഭേദഗതി വരുന്നതുവരെ കമ്മീഷന് അപേക്ഷ പരിഗണിക്കാനാവില്ല. ഭേദഗതി വന്നാലും, നിലവിലെ സ്ഥിതിയില്‍ ഈ അപേക്ഷകളില്‍ തീരുമാനമെടുക്കാന്‍ കമ്മീഷന്‍ വര്‍ഷങ്ങളെടുക്കും. മൊറട്ടോറിയം പ്രഖ്യാപിക്കുകയും കാര്‍ഷിക കടാശ്വാസക്കമ്മീഷന്‍ സഹായധനത്തിന് അപേക്ഷ സ്വീകരിക്കുകയും ചെയ്തതോടെ സഹകരണ സംഘങ്ങളില്‍ വായ്പാതിരിച്ചടവ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മൊറട്ടോറിയം കാരണം സഹകരണ സ്ഥാപനങ്ങളിലിപ്പോള്‍ വായ്പാ തിരിച്ചടവ് നടക്കുന്നില്ല. കടാശ്വാസ അപേക്ഷകള്‍ തീര്‍പ്പാക്കുന്നത് വൈകുകയും കൂടി ചെയ്താല്‍ സഹകരണ സംഘങ്ങള്‍ പ്രതിസന്ധിയിലാകും.