ഐ.ഐ.ടി.എഫില്‍ സഹകരണ പങ്കാളിത്തം ചെലവുകുറച്ചാകണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം
ദേശീയ വ്യാപാരമേളയില്‍ (ഐ.ഐ.ടി.എഫ്.) കേരളത്തിലെ സഹകരണ പങ്കാളിത്തം മികച്ചരീതിയില്‍ ഉറപ്പാക്കാനുള്ള സഹകരണ സംഘം രജിസ്ട്രാറുടെ തീരുമാനത്തിന് സര്‍ക്കാര്‍ അനുമതി നല്‍കി. പക്ഷേ, ചെലവുകുറച്ചാകണം പങ്കാളിത്തം ഉറപ്പാക്കേണ്ടതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ബജറ്റ് വിഹിതത്തില്‍നിന്ന് ആറ് ലക്ഷം രൂപ ചെലവഴിക്കാന്‍ അനുമതി നല്‍കണമെന്ന രജിസ്ട്രാറുടെ നിര്‍ദ്ദേശം സര്‍ക്കാര്‍ നിരാകരിച്ചു. പരമാവധി ചെലവ് അഞ്ചുലക്ഷമാക്കണെമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
‘വോക്കല്‍ ഫോര്‍ ലോക്കല്‍, ലോക്കല്‍ ടു ഗ്ലോബല്‍’ എന്ന തീം അടിസ്ഥാനമാക്കിയാണ് ഡല്‍ഹി പ്രഗതി മൈാതനത്ത് 14ദിവസത്തെ മേള നടക്കുന്നത്. നവംബര്‍ 14 മുതല്‍ 27വരെയാണ് മേള നടക്കുന്നത്. കേരളത്തില്‍നിന്ന് മാര്‍ക്കറ്റ് ഫെഡ് മാത്രമാണ് പൊതുവേ ഈ മേളയില്‍ പങ്കെടുക്കാറുള്ളത്. അതേസമയം, പ്രാഥമിക സഹകരണ സംഘങ്ങളുടെ മികവുറ്റതും ഗുണമേന്മയുള്ളതുമായി ഉല്‍പന്നങ്ങളാണ് ഇത്തരം മേളകളുടെ സാധ്യത ഉപയോഗപ്പെടുത്തേണ്ടതെന്ന നിലപാടാണ് സഹകരണ സംഘം രജിസ്ട്രാര്‍ സ്വീകരിച്ചത്.
കോഓപ് മാര്‍ട്ടിന്റെ പേരില്‍ ഇത്തരം ഉല്‍പന്നങ്ങള്‍ ഡല്‍ഹിയിലെ പ്രദര്‍ശനത്തിനെത്തിക്കാന്‍ രജിസ്ട്രാര്‍ തീരുമാനിച്ചു. ചക്കയുടെയും പൈനാപ്പിളിന്റെയും മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളില്‍ തുടങ്ങി വെളിച്ചെണ്ണയില്‍ അവസാനിപ്പിക്കുന്ന 48 ഇനങ്ങളാണ് ഇതിനായി തിരഞ്ഞെടുത്തത്. കോഓപ് മാര്‍ട്ടിന്റെ നിര്‍വഹണ ഏജന്‍സിയായ എന്‍.എം.ഡി.സി.ക്ക് മേളയുടെയും ചുമതല നല്‍കി. രാജ്യത്തിന് അകത്തും പുറത്തുമുള്ള വിവിധ ബിസിനസ് ഏജന്‍സികള്‍, കമ്പനികള്‍ എന്നിവയുടെ പ്രതിനിധികളുമായി ‘ബി. ടു ബി’ മീറ്റിങ്ങും സഹകരണ വകുപ്പ് ഒരുക്കുന്നുണ്ട്. സഹകരണ ഉല്‍പന്നങ്ങളുടെ ഗുണവും മേന്മയും വിശദീകരിച്ച് വാണിജ്യാടിസ്ഥാനത്തില്‍ ഓര്‍ഡര്‍ ശേഖരിക്കാന്‍ കഴിയുന്നവരാകണം ഈ മീറ്റിങ്ങില്‍ പങ്കെടുക്കേണ്ടതെന്ന നിര്‍ദ്ദേശവും രജിസ്ട്രാര്‍ നല്‍കിയിട്ടുണ്ട്.
സഹകരണ പങ്കാളിത്തത്തിന്റെ വിശദാംശങ്ങള്‍ സഹിതമാണ് സര്‍ക്കാരിന്റെ അനുമതിക്ക് രജിസ്ട്രാര്‍ കത്ത് നല്‍കിയത്. വ്യാപാരമേളയില്‍ പങ്കെടുക്കുന്നതിനും സ്റ്റാളുകളുടെ ക്രമീകരണത്തിനും വരുന്ന ചെലവ്, മേളയില്‍ പങ്കെടുക്കുന്നവരുടെ താമസം, ഭക്ഷണം, താമസ സൗകര്യം എന്നിവയ്‌ക്കെല്ലാമായി ആറ് ലക്ഷം രൂപ അനുവദിക്കണമെന്നും രജിസ്ട്രാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിലാണ് പരമാവധി അഞ്ചുലക്ഷം കണക്കാക്കി സര്‍ക്കാര്‍ ബജറ്റില്‍നിന്ന് തുക അനുവദിച്ചത്. പ്രചരണത്തിനും മറ്റ് ചെലവുകള്‍ക്കുമായി അഞ്ച് ലക്ഷം നേരത്തെ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. മേളയില്‍ തീം ഏരിയയില്‍ ഒന്നും സെയില്‍സ് ഏരിയയില്‍ രണ്ടും സ്റ്റാളുകളുമാണ് സഹകരണ വകുപ്പ് ഒരുക്കുന്നത്. ഈ സ്റ്റാളുകള്‍ ഒരുക്കുന്നതിനും അനുബന്ധ ചെലവുകള്‍ക്കുമാണ് അഞ്ച് ലക്ഷം അനുവദിച്ചിട്ടുള്ളത്.