ഏത് ഡിഗ്രിയുമാവാം; സഹകരണ ഇന്‍സ്പെക്ടറുടെ യോഗ്യതയില്‍ തിരുത്ത്
ജൂനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍ തസ്തികയുടെ യോഗ്യതയില്‍ മാറ്റം വരുത്തി കോ-ഓപ്പറേറ്റീവ് സബോഡിനേറ്റ് സര്‍വീസ് ചട്ടത്തില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ഏത് ബിരുദവും യോഗ്യതയായി പരിഗണിച്ചുള്ളതാണ് ഭേദഗതി.
ബി.എ., ബി.എസ്.സി, ബി.കോം ഡിഗ്രിയും എച്ച്.ഡി.സി.യുമായിരുന്നു നിലവില്‍ ജൂനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടറുടെ യോഗ്യതയായി നിശ്ചയിച്ചിരുന്നത്. 1962-ലാണ് സഹകരണ സര്‍വീസ് ചട്ടം തയ്യാറാക്കിയത്. അന്ന് പ്രധാന ബിരുദ കോഴ്സുകള്‍ ഇത് മാത്രമായിരുന്നു. പിന്നീട് വന്ന ബി.ടെക്, ബി.ബി.എ., ബി.സി.എ., ബി.എ.എല്‍. തുടങ്ങിയ ബിരുദ കോഴ്സുകള്‍ കഴിഞ്ഞിറിങ്ങിയ ഒട്ടേറെ ഉദ്യോഗാര്‍ത്ഥികള്‍ അതിനാല്‍ അയോഗ്യരായി. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സര്‍വീസ് ചട്ടം ഭേദഗതി ചെയ്തത്.
ജൂനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍, ഓഡിറ്റര്‍, സ്പെഷല്‍ ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് നിയമിക്കപ്പെടുന്ന ബി.കോം, ബി.എസ്.സി.കാര്‍ക്ക് പ്രത്യേക പരിശീലനം വേണമെന്ന വ്യവസ്ഥയും ഒഴിവാക്കി. ബി.കോം, ബി.എസ്.സി. എന്നി കോഴ്സുകളില്‍ സഹകരണം-ബാങ്കിങ് ഒരുവിഷയമായി പഠിച്ചവര്‍ക്ക് പ്രത്യേക പരിശീലനം വേണ്ടതില്ലെന്നാണ് ഭേദഗതി.
[mbzshare]