ഏതെങ്കിലും കമ്പനിക്കോ ജാതിക്കാര്‍ക്കോ ഭവന നിര്‍മാണ സഹകരണസംഘത്തില്‍ അംഗത്വം നിഷേധിക്കാമോ ?- ഗുജറാത്തിലെ നിയമയുദ്ധം ചര്‍ച്ചാവിഷയമാവുന്നു

[mbzauthor]

ഏതെങ്കിലും ഒരു സ്ഥാപനത്തിന് അല്ലെങ്കില്‍ കമ്പനിക്കു ഭവനനിര്‍മാണ സഹകരണസംഘത്തില്‍ അംഗത്വമെടുക്കാന്‍ കഴിയുമോ ?  ഏതെങ്കിലും ജാതിക്കാരെ സംഘത്തിന്റെ അംഗത്വത്തില്‍നിന്നു അകറ്റിനിര്‍ത്താന്‍ പാടുണ്ടോ ? രാജ്യം റിപ്പബ്ലിക്കാവുന്നതിനു മുമ്പു എഴുതിത്തയാറാക്കിയ സംഘംനിയമാവലിയിലെ വ്യവസ്ഥകള്‍ ഇപ്പോഴും അംഗീകരിക്കണമെന്നുണ്ടോ ?  ഗുജറാത്ത് ഹൈക്കോടതിയിലെ ഒരു കേസില്‍ ഉയര്‍ന്നുവന്നതാണ് ഈ സുപ്രധാന ചോദ്യങ്ങളെന്നു ‘ ടൈംസ് ഓഫ് ഇന്ത്യ ‘  റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടി സംസ്ഥാനസര്‍ക്കാരില്‍നിന്നു തേടിയിരിക്കുകയാണു ഹൈക്കോടതി.

അഹമ്മദാബാദില്‍ വിജയ് ക്രോസ്‌റോഡ്‌സിനു സമീപത്തെ പ്രതിമ കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റി ലിമിറ്റഡുമായി ബന്ധപ്പെട്ടാണു തര്‍ക്കം ഉയര്‍ന്നിരിക്കുന്നത്. സൊസൈറ്റിയിലെ അംഗമായ ഒരു ബംഗ്ലാവുടമ വായ്പാതിരിച്ചടവു മുടക്കി. തുടര്‍ന്നു 2011 ല്‍ ബാങ്ക് ഓഫ് ഇന്ത്യ ബംഗ്ലാവ് ലേലത്തിനുവെച്ചു. അത്രേയി വിന്‍കോം പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം അതു വാങ്ങി ആധാരം രജിസ്റ്റര്‍ ചെയ്തു. അതിനുശേഷം കമ്പനി ഭവനനിര്‍മാണ സഹകരണസംഘത്തില്‍ അംഗത്വത്തിന് അപേക്ഷ നല്‍കിയതോടെയാണു നിയമപ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. അപേക്ഷിക്കുന്നത് ഒരു കമ്പനിയായതിനാല്‍ സ്വാഭാവികമായും അപേക്ഷ നിരസിക്കപ്പെട്ടു. കമ്പനി ജില്ലാ സഹകരണ രജിസ്ട്രാറെ സമീപിച്ചു. അംഗത്വം നിരസിക്കാനാവില്ലെന്നും കമ്പനിക്ക് അംഗത്വം നല്‍കണമെന്നും രജിസ്ട്രാര്‍ ഉത്തരവിട്ടു. സംഘം അതിനുശേഷം മറ്റു ചില അധികാരികളെയും സമീപിച്ചെങ്കിലും അവരുടെ നിലപാടും കമ്പനിക്കനുകൂലമായിരുന്നു. തുടര്‍ന്നാണു ഭവനനിര്‍മാണ സഹകരണസംഘം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ഭവനനിര്‍മാണ സഹകരണസംഘത്തിന്റെ 1948 ലെ നിയമാവലിയിലെ ഒരു വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണു സംഘം ഹൈക്കോടതിയില്‍ കമ്പനിക്കെതിരെ വാദങ്ങളുയര്‍ത്തിയത്. ഹിന്ദു ബ്രാഹ്‌മണര്‍ക്കും ബനിയകള്‍ക്കും പട്ടേല്‍മാര്‍ക്കും ചില തൊഴിലിലുള്‍പ്പെട്ടവര്‍ക്കും അംഗത്വം നല്‍കേണ്ട എന്നു നിയമാവലിയില്‍ വ്യവസ്ഥ ചെയ്തിരുന്നു. മതത്തിന്റെയും ഉപജാതിയുടെയും പേരിലുള്ള ഇത്തരം നിയന്ത്രണങ്ങള്‍ നിയമപ്രകാരം അനുവദനീയമാണോ എന്നു കേസ് കേട്ട ജസ്റ്റിസ് നിഖില്‍ കാരിയേല്‍ ചോദിച്ചു. അനുവദനീയമാണെന്നായിരുന്നു സംഘംഅഭിഭാഷകനായ ബൈജു ജോഷിയുടെ നിലപാട്. സൊരാസ്ട്രിയന്‍ സമുദായക്കാരുടെ ഒരു ഭവനനിര്‍മാണ സഹകരണസംഘത്തില്‍ പാര്‍സിക്കാരനല്ലാത്ത ഒരാള്‍ക്കു സുപ്രീംകോടതി അംഗത്വം നിഷേധിച്ച വിധി അദ്ദേഹം എടുത്തുകാട്ടി. സംസ്ഥാന സഹകരണനിയമം ഈ വ്യവസ്ഥയെ ചോദ്യംചെയ്യാത്ത സ്ഥിതിക്കു മറ്റു മതക്കാര്‍ക്കും ജാതിക്കാര്‍ക്കും അംഗത്വം കൊടുക്കാനാവില്ലെന്നു അഭിഭാഷകന്‍ വാദിച്ചു. ഒരു ഫെഡറല്‍ സംഘത്തിലോ അര്‍ബന്‍ സഹകരണസംഘത്തിലോ മാത്രമേ ഒരു സ്ഥാപനത്തിനോ കമ്പനിക്കോ അംഗമാകാനാവൂ എന്നും അദ്ദേഹം വാദിച്ചു. മാത്രവുമല്ല, അംഗത്വത്തിനപേക്ഷിച്ച കമ്പനി കണ്‍സ്ട്രക്ഷന്‍ ബിസിനസ് രംഗത്താണു പ്രവര്‍ത്തിക്കുന്നത് എന്ന കാര്യത്തിലുള്ള ഉത്കണ്ഠയും അദ്ദേഹം പ്രകടിപ്പിച്ചു.

രാജ്യം റിപ്പബ്ലിക്കാവുന്നതിനു മുമ്പു 1948 ലാണു സംഘത്തിന്റെ നിയമാവലി എഴുതിയതെന്നു കമ്പനിയുടെ അഭിഭാഷകനായ പി.കെ. ജാനി ബോധിപ്പിച്ചു. അന്നു ഭരണഘടന നിലവില്‍ വന്നിട്ടില്ല. പിന്നീടാണു ഗുജറാത്ത് സംസ്ഥാനം രൂപം കൊണ്ടത്. 1961 ലാണു ഗുജറാത്തില്‍ സഹകരണസംഘം നിയമമുണ്ടായത്. ഈ നിയമത്തിലെ സെക്ഷന്‍ 2 ബി ഒരു കമ്പനിക്കു ഭവനനിര്‍മാണ സഹകരണസംഘത്തില്‍ അംഗമാകാന്‍ അനുവാദം നല്‍കുന്നുണ്ട് – അദ്ദേഹം ബോധിപ്പിച്ചു.

കേസ് ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി സംഘത്തിനനുകൂലമായി ഇടക്കാല ഉത്തരവൊന്നും ഇറക്കിയിട്ടില്ല. അടുത്ത കൊല്ലം മാര്‍ച്ച് 24 നായിരിക്കും കേസില്‍ കോടതി വാദം കേള്‍ക്കുക.

[mbzshare]

Leave a Reply

Your email address will not be published.