ഏകീകൃത സോഫ്റ്റ് വെയര്‍; പ്രാഥമിക സഹകരണ ബാങ്കിന് ഫ്രീ ഓഫറുമായി കേന്ദ്രം
പ്രാഥമിക സഹകരണ ബാങ്കുകൾക്ക് ഏകീകൃത സോഫ്റ്റ്വെയർ കൊണ്ടുവരാനുള്ള പദ്ധതിക്ക് കേന്ദ്രസർക്കാർ സാമ്പത്തിക ഓഫറും പ്രഖ്യാപിച്ചു. സോഫ്റ്റ്വെയർ കേന്ദ്രം തയ്യാറാക്കി സ്ഥാപിച്ചുനൽകുന്നത് പൂർണമായും ഫീ ആയിട്ടായിരിക്കുമെന്നാണ് ഓഫർ. ഒരു പ്രാഥമിക സഹകരണ ബാങ്കിന് കമ്പ്യൂട്ടറൈസേഷൻ, സോഫ്റ്റ്വെയർ സ്ഥാപിക്കൽ, പരിശീലനം എന്നിവയെല്ലാം സൗജന്യമായി ഉറപ്പാക്കുന്ന കേന്ദ്ര സംസ്ഥാന പങ്കാളിത്ത പദ്ധതിയാണ് ഇത് അവതരിപ്പിച്ചിട്ടുള്ളത്. ഹാർഡ് വെയർ സ്ഥാപിക്കുന്നതിനുള്ള ചെലവിലാണ് സംസ്ഥാന വിഹിതം നൽകേണ്ടത്. സംഘങ്ങൾക്ക് ഒരുവിഹിതവും നിശ്ചയിച്ചിട്ടില്ല.
രാജ്യത്തെ 63,00 പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളെയാണ് ഏകീകൃത സോഫ്റ്റ് വെയറിലൂടെ കേന്ദ്ര നെറ്റ് വര്‍ക്കിന് കീഴിലാക്കുന്നത്. ഇതിനുള്ള രൂപരേഖ സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. 2516 കോടിരൂപയാണ് ഇതിന് ചെലവ് കണക്കാക്കുന്നത്. ഒരു പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘത്തിന് ശരാശരി 3.91 ലക്ഷം രൂപവരുമെന്നാണ് കണക്കാക്കുന്നത്. കേരളത്തില്‍ പ്രാഥമിക സഹകരണ ബാങ്കുകളായാണ് ഈ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇവയെല്ലാം വിപുലമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. അതിനാല്‍ കേരളത്തിലെ ബാങ്കുകള്‍ക്ക് പത്തുലക്ഷത്തിലേറെ രൂപ ചെലവുവരുമെന്നാണ് നബാര്‍ഡ് കണക്കാക്കുന്നത്. ഈ പദ്ധതിക്ക് 1528 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുക. നബാര്‍ഡ് 252 കോടിയും നല്‍കും.
നല്ല സോഫ്റ്റുവെയറും കമ്പ്യൂട്ടറൈസേഷനും നടത്തിയ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് അത് നിലനിര്‍ത്തികൊണ്ടുതന്നെ കേന്ദ്ര നെറ്റ് വര്‍ക്കിന്റെ ഭാഗമാകാമെന്നാണ് നിര്‍ദ്ദേശം. ഇതിന് മൂന്ന് ഉപാധികളാണ് കേന്ദ്രം മുന്നോട്ടുവെച്ചിട്ടുള്ളത്. കേന്ദ്ര പൊതു സോഫ്റ്റ് വെയറുമായി ബന്ധിപ്പിക്കാന്‍ കഴിയണം. അതിന് ഉപയോഗിച്ചിരിക്കുന്ന ഹാര്‍ഡ് വെയറുകളെല്ലാം നിശ്ചിത നിലവാരമുള്ളതാകണം. 2017 ഫിബ്രവരി 1ന് ശേഷം കമ്പ്യൂട്ടറൈസേഷന്‍ പൂര്‍ത്തിയാക്കതാവണം. എന്നിവയാണവ. ഇത്തരം ബാങ്കുകള്‍ക്ക് കമ്പ്യൂട്ടറൈസേഷന്‍ നടത്തിയ ചെലവിലേക്ക് 50,000 രൂപ കേന്ദ്രസര്‍ക്കാര്‍ നല്‍കും.
ഇന്റർനെറ്റ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സോഫ്റ്റ് വെയറാണ് തയ്യാറാക്കുന്നതെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഓൺലൈൻ ലൈൻ മോഡിൽ പ്രവർത്തിക്കാം. നെറ്റ് വർക്കിൽ പ്രശ്‌നമുണ്ടായാൽ പിന്നീട് അപ് ലോഡ് ചെയ്യാനാകുന്ന വിധത്തിലായിരിക്കും ക്രമീകരണം. കേന്ദ്രം തയ്യാറാക്കുന്ന സോഫ്റ്റ്വെയർ കേരളത്തിലെ ബാങ്കുകൾ ഉപയോഗിക്കണോ എന്ന കാര്യത്തിൽ ഇതുവരെ സർക്കാർ തീരുമാനിച്ചിട്ടില്ല. കേന്ദ്രസർക്കാരിനും മറുപടി നൽകിയിട്ടില്ല.