എല്ലാ ക്ഷീരകര്‍ഷകര്‍ക്കും ക്ഷേമനിധി അംഗത്വം നല്‍കാന്‍ കര്‍മപദ്ധതി
ക്ഷീര സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്താനും കര്‍ഷകര്‍ക്ക് ആനുകൂല്യം ഉറപ്പാക്കാനുമുള്ള നടപടിയുമായി സര്‍ക്കാര്‍. പാലുല്‍പാദനം കൂട്ടാന്‍ കൂടുതല്‍ പേരെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ക്ക് പുറമെയാണ് ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് വഴി കൂടുതല്‍ ആനുകൂല്യം ഉറപ്പാക്കാന്‍ ശ്രമിക്കുന്നത്. ഇതിനായി എല്ലാ ക്ഷീര കര്‍ഷകര്‍ക്കും ക്ഷേമനിധി അംഗത്വം ഉറപ്പാക്കാനുള്ള നടപടി തുടങ്ങി.
കേരളത്തിലെ ക്ഷീര കര്‍ഷകരെ സഹായിക്കുന്നതിനും ക്ഷേമം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡിന് രൂപം നല്‍കിയിരിക്കുന്നത്. പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍ തുടങ്ങി വിവിധങ്ങളായ ആനുകൂല്യങ്ങളിലൂടെ കര്‍ഷകര്‍ക്ക് താങ്ങായി മാറുന്നതിന് ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡിന് സാധിച്ചിട്ടുണ്ട്. ക്ഷേമനിധിയുടെ എല്ലാ ധനസഹായങ്ങളുടെയും അര്‍ഹത നിശ്ചയിക്കുന്നതിനുള്ള അടിസ്ഥാന മാനദണ്ഡം ക്ഷേമനിധി അംഗത്വമാണ്. 18 വര്‍ഷം പൂര്‍ത്തിയാക്കിയ ഒരു ക്ഷീര സംഘത്തില്‍ കുറഞ്ഞത് 500 ലിറ്റര്‍ പാല്‍ വിപണനം നടത്തുന്ന ഒരു കര്‍ഷകന് ക്ഷേമനിധി അംഗത്വത്തിന് അര്‍ഹതയുണ്ട്.
പ്രാഥമിക ക്ഷീര സംഘങ്ങളില്‍ പാലളക്കുന്ന ഓരോ ക്ഷീര കര്‍ഷകനും പ്രതിമാസം 20 രൂപയാണ് നല്‍കേണ്ടത്. കൂടാതെ, ഓരോ സംഘവും സംഭരിച്ച് പ്രാദേശിക വിപണനം നടത്തുന്ന ഓരോ ലിറ്റര്‍ പാലിനും വിപണന വിലയുടെ 0.5 ശതമാനം , സംഘം മില്‍മയ്ക്കോ മേഖലാ യൂണിയനോ നല്‍കുന്ന ഓരോ ലിറ്റര്‍ പാലിനും വിപണന വിലയുടെ 0.3 ശതമാനം, മില്‍മയോ മേഖലാ യൂണിയനോ വില്‍പ്പന നടത്തുന്ന ഓരോ ലിറ്റര്‍ പാലിനും വിപണന വിലയുടെ 0.75 ശതമാനം എന്നിവയില്‍ നിന്നടക്കം ലഭിക്കുന്ന അംശാദായമാണ് ബോര്‍ഡിന്റെ വരുമാന മാര്‍ഗം.
ഒരാള്‍ ക്ഷേമനിധി അംഗമായതിന് ശേഷം അഞ്ചു വര്‍ഷമെങ്കിലും കുറഞ്ഞത് 500 ലിറ്റര്‍ പാല്‍ പ്രതിവര്‍ഷം സംഘത്തില്‍ അളക്കുകയും 60 വയസ് പൂര്‍ത്തീകരിക്കുകയും ചെയ്താല്‍ പെന്‍ഷന് അര്‍ഹതയുണ്ട്. നിലവില്‍ സര്‍ക്കാര്‍ ധനസഹായത്തോടെ നല്‍കിവരുന്ന 1600 രൂപ നിരക്കിലുള്ള ക്ഷേമ പെന്‍ഷനില്‍ 1300 രൂപ സര്‍ക്കാര്‍ വിഹിതവും 300 രൂപ ക്ഷേമനിധി വിഹിതവുമാണ്. ക്ഷീര കര്‍ഷകര്‍ക്ക് വേണ്ടി സാമൂഹിക സുരക്ഷാപദ്ധതി നടപ്പാക്കിവരുന്നുണ്ട്. അപകട മരണത്തിന് 50,000 രൂപയും അപകടം, സ്ട്രോക്ക് എന്നിവ മൂലം ഉണ്ടാവുന്ന സ്ഥായിയായ അവശതയ്ക്ക് 10,000 രൂപ വീതവും നല്‍കുന്നു. മാരക രോഗങ്ങള്‍ക്ക് പരമാവധി 15,000 രൂപയും പകര്‍ച്ചവ്യാധി, പശു പരിപാലനത്തിനിടെ ക്ഷീര കര്‍ഷകര്‍ക്ക് ഉണ്ടാവുന്ന അസുഖങ്ങള്‍, ശസ്ത്രക്രിയ ആവശ്യമില്ലാത്ത ഗുരുതര പരിക്കുകള്‍, പാമ്പുകടി, പേ വിഷബാധ എന്നിവയ്ക്ക് പരമാവധി 2000 രൂപയും നല്‍കുന്നു.