എന്‍.ആര്‍.ഐ ഇന്‍വെസ്റ്റ്മെന്‍റ് കമ്പനിയുടെ അനുബന്ധ കമ്പനിയായി എന്‍.ആര്‍.ഐ കണ്‍സ്ട്രക്ഷന്‍ കമ്പനി രൂപീകരിക്കുമെന്നു മുഖ്യമന്ത്രി.
കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് പുത്തൻ കുതിപ്പ് നൽകി പ്രവാസി വ്യവസായികൾ ദുബായിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ സംഗമിച്ചു. ഗള്‍ഫ് മേഖലയിലെ നിക്ഷേപകസമൂഹത്തിന് നിക്ഷേപസൗഹൃദമായ കേരളത്തെ അടുത്തറിയാനും നിക്ഷേപസാധ്യതകള്‍ വ്യക്തമാക്കാനുമാണ് എന്‍.ആര്‍.കെ എമര്‍ജിങ്ങ് എന്‍റര്‍പ്രൊണേഴ്സ് മീറ്റ് എന്ന പേരില്‍ നിക്ഷേപക സംഗമം സംഘടിപ്പിച്ചത്. എന്‍ആര്‍ഐ ഇന്‍വെസ്റ്റ്മെന്‍റ് കമ്പനിയുടെ അനുബന്ധ കമ്പനിയായി എന്‍ആര്‍ഐ കണ്‍സ്ട്രക്ഷന്‍ കമ്പനി രൂപീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ സംഗമത്തിൽ പറഞ്ഞു.
2.6 ദശലക്ഷം വരുന്ന ഇന്ത്യാക്കാരാണ് യുഎഇയിലെ ഏറ്റവും വലിയ പ്രവാസ സമൂഹം. ഇവിടെയുള്ള പ്രവാസി സമൂഹം വര്‍ഷം തോറും ഇന്ത്യയിലേക്കയക്കുന്ന പണത്തിന്‍റെ മൂല്യം ഏകദേശം 15 ദശലക്ഷം ഡോളറിനടുത്ത് വരും. വിദേശത്തുനിന്ന് വലിയതോതില്‍ പണം വരുമ്പോഴും ഭാവനാപൂര്‍ണമായി, ഉല്‍പ്പാദനപരമായി അത് നിക്ഷേപിക്കാനും ആ നിക്ഷേപത്തിന്മേല്‍ നാടിന്‍റെ വിപുലമായ വികസനം സാധ്യമാക്കാനുമുള്ള പദ്ധതികളില്ല എന്നത് വലിയ പോരായ്മയായിരുന്നുവെന്നു മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസികളുടെ പണം ഉല്‍പ്പാദനപരമായ പ്രവര്‍ത്തനങ്ങളിലേക്ക് വഴിതിരിച്ചുവിടുകയും അതിലൂടെ കേരളത്തിന്‍റെ വികസനപ്രക്രിയയില്‍ കൂടുതല്‍ കാര്യമായ പങ്കുവഹിക്കാന്‍ പ്രവാസി സമൂഹത്തിന് സാധ്യമാകുകയും വേണം എന്നതില്‍ ഗവണ്‍മെന്‍റിന് നിര്‍ബന്ധമുണ്ട്. പ്രവാസികളെ ക്രിയാത്മകമായ നിക്ഷേപങ്ങളിലേക്ക് ആകര്‍ഷിക്കുകയാണ് ലക്‌ഷ്യം. അതിന്റെ ഭാഗമാണ് “നീം” എന്ന് അദ്ദേഹം വിശദീകരിച്ചു. നിക്ഷേപത്തിന് അനുകൂലമായ എല്ലാ സാഹചര്യവും ഒരുക്കുമെന്ന് മുഖ്യമന്ത്രി നിക്ഷേപകർക്ക് ഉറപ്പു നൽകി.
ദുബായ് എയർപോർട്ട് റോഡിലുള്ള ലെ മെറിഡിയൻ ഹോട്ടലിലെ ദ ഗ്രേറ്റ് ബാൾ റൂമിൽ നടന്ന സംഗമത്തിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അധ്യക്ഷനായിരുന്നു. മന്ത്രിമാരായ ഇ.പി. ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍, നോര്‍ക്ക വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍, പ്രമുഖ വ്യവസായികളായ എം.എ. യൂസഫലി, രവി പിള്ള, ആസാദ് മൂപ്പൻ തുടങ്ങിയവർ സംബന്ധിച്ചു.
ഓവർസീസ് കേരളൈറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഹോൾഡിങ്‌സ് കമ്പനിയുടെ നേതൃത്വത്തിൽ നടന്ന സംഗമത്തിൽവിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വ്യവസായികളാണ് പങ്കെടുത്തത്.