ഇല്ലാത്ത കേരള ബാങ്കിന്റെ പേരിൽ പരസ്യം നൽകി പൊതുജനങ്ങളെയും നിക്ഷേപകരെയും വഞ്ചിക്കാൻ ശ്രമമെന്ന് ആരോപണം: മുഖ്യമന്ത്രിക്കെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും കേസെടുക്കണമെന്ന് സഹകാരികൾ.

adminmoonam

ഇല്ലാത്ത കേരള ബാങ്കിന്റെ അസ്ഥിത്വം വിവരിക്കുന്ന പരസ്യം നൽകി പൊതുജനങ്ങളെയും സഹകരണസ്ഥാപനങ്ങളിലെ നിക്ഷേപകരെയും വഞ്ചിക്കാൻ ഉള്ള മുഖ്യമന്ത്രിയുടെയും ഉദ്യോഗസ്ഥരുടേയും നടപടിക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡിജിപിക്ക് സഹകാരികൾ കത്തുനൽകി. കേരള ബാങ്കിന്റെ പേരിൽ ഇന്നലെ പ്രമുഖ മലയാള, ഇംഗ്ലീഷ് ദിനപത്രങ്ങളിൽ നൽകിയ പരസ്യം ജനങ്ങളെയും നിക്ഷേപകരെയും തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചിക്കുന്നതുമാണെന്ന് സഹകാരികളും തൃശ്ശൂർ ജില്ലാ സഹകരണ ബാങ്കിന്റെ മുൻ ഭരണസമിതി അംഗങ്ങളുമായ ഒ. എസ്. ചന്ദ്രനും കെ.ജി. അരവിന്ദാക്ഷനും ഡിജിപി കു നൽകിയ പരാതിയിൽ പറയുന്നു.

സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകളുടെ ഹെഡ് ഓഫീസുകൾക്ക് മുന്നിൽ കേരളബാങ്ക് എന്ന പേരിൽ വലിയ ബോർഡ് വെച്ചിരിക്കുന്നത് തെറ്റിദ്ധാരണാജനകമാണ്. കേരള ബാങ്കിന് അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ 7 റീജണൽ ഓഫീസുകളും എറണാകുളത്ത് കോർപ്പറേറ്റ് ഓഫീസും തുടങ്ങിയത് അനുമതിയില്ലാതെയാണ്. സംസ്ഥാന സഹകരണ ബാങ്കിൽ ജില്ലാ സഹകരണ ബാങ്കുകൾക്ക് സംയോജിക്കാനുള്ള അനുവാദം മാത്രമാണ് റിസർബാങ്ക് നൽകിയിരിക്കുന്നത്. കേരള ബാങ്കിന് അനുമതി ഇല്ല. ജില്ലാ സഹകരണ ബാങ്കുകളുടെ ലൈസൻസ് ആർ ബി ഐക്ക് സറണ്ടർ ചെയ്തിട്ടുമില്ല. 769 ബ്രാൻഞ്ചുകൾക്ക് ആർബിഐ പെട്ടെന്ന് അനുമതി നൽകില്ല എന്നുള്ളതുകൊണ്ടാണ് ഇപ്പോഴും അതാത് ജില്ലാ സഹകരണ ബാങ്കുകളുടെ ലൈസൻസിൽ പ്രവർത്തിക്കുന്നത്. തന്നെയുമല്ല ഓരോ അക്കൗണ്ട് ഹോൾഡറിൽ നിന്നും സംസ്ഥാന സഹകരണ ബാങ്കിൽ അക്കൗണ്ട് തുടരുന്നതിന് അനുമതി വാങ്ങുകയും വേണം. ഇതും നിലവിൽ വാങ്ങിയിട്ടില്ല. നടപടിക്രമങ്ങൾ പൂർത്തീകരിക്കാതെയാണ് കേരള ബാങ്കിന്റെ ബോർഡും പരസ്യവും നൽകി സഹകാരികളെയും നിക്ഷേപകരെയും വഞ്ചിക്കുന്നത്. ജില്ലാ സഹകരണ ബാങ്കുകളുടെ ശാഖകളെ സംസ്ഥാന സഹകരണ ബാങ്ക് ശാഖകൾ ആയി വിശേഷിപ്പിക്കാൻ സംസ്ഥാന സഹകരണ ബാങ്കിന് അധികാരമില്ല. സംസ്ഥാന സഹകരണ ബാങ്കിന്റെ 20 ബ്രാഞ്ചുകൾ മാത്രമേ ലൈസൻസോടെ പ്രവർത്തിക്കുന്നുള്ളൂവെന്നും പരാതിക്കാർ പറയുന്നു.

സഹകരണ വകുപ്പ് മന്ത്രി, വകുപ്പ് സെക്രട്ടറി, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ചീഫ് ജനറൽ മാനേജർ എന്നിവർക്കെതിരെ വഞ്ചനാകുറ്റത്തിന് കേസ് എടുക്കണമെന്നാണ് ഇവർ ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നത്. ബോർഡുകൾ മാറ്റി സ്ഥാപിക്കുന്നതിനായി ഒരു കോടി രൂപയാണ് കണക്കാക്കിയിരിക്കുന്ന ചെലവെന്നും ഇവർ ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News